പൂക്കളമിട്ട്​ പുലികളിയിൽ തുള്ളി സീവുഡ്‌സിന്റെ ഓണം ഒപ്പുലൻസ്

മുംബൈ: നഗരത്തിൽ ഓണത്തിന്റെ വരവറിയിച്ച് നെക്സസ് സീവുഡ്‌സിൽ നടന്ന ഓണം ഒപ്പുലൻസ് പങ്കാളിത്തം കൊണ്ടും വൈവിധ്യത്താലും ശ്രദ്ധേയമായി. സീവുഡ്സ് മലയാളി സമാജവും നെക്സസ് മാളും ചേർന്നാണ് പരിപാടി നടത്തിയത്. മാളിന്റെ നടുത്തളത്തിൽ തയാറാക്കിയ ഭീമൻ പൂക്കളവും ചുറ്റും നടന്ന കലാപരിപാടികളും മലയാളികളുടെയും അന്യഭാഷക്കാരുടെയും ഹൃദയം കവർന്നു.


കുടയും ചൂടി മാവേലി നടന്നെത്തിയതിന് പുറമെ നാട്ടിലെ വണ്ടിവേഷങ്ങളെ അനുസ്മരിപ്പിക്കുമാറ് നടന്നു നീങ്ങുന്ന നാല് ലക്ഷ്മീദേവി വേഷങ്ങളും മഴുവേന്തിയ പരശുരാമനും കുരുന്ന് വാമനനും മാളിന്റെ നടുത്തളത്തിലിറങ്ങിയപ്പോൾ നവി മുംബൈയിൽ ഓണം നേരത്തെ എത്തി. ശനിയാഴ്ച രാവിലെ 10.30 മുതൽ ഭീമൻ പൂക്കളം മാളിന്റെ അകത്തളത്തിൽ പൊതുജനങ്ങൾക്കായി പ്രദർശനത്തിന് ഒരുങ്ങിയിരുന്നു. വൈകിട്ട് അഞ്ചു മുതൽ 9.30 വരെയാണ് വിവിധ കലാപരിപാടികൾ അരങ്ങേറിയത്.


ഓണത്തെയും കേരള സംസ്ക്കാരത്തേയും അന്യസംസ്ഥാനക്കാർക്ക് പരിചയപ്പെടുത്തുന്ന രീതിയിലാണ് ഓണം ഓപ്പുലൻസ് ഒരുക്കിയത്. ഓണവും കേരളവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഓണം ഓപ്പുലൻസിൽ കഥകളി, പുലികളി, മവേലിത്തമ്പുരാന്റെ സന്ദർശനം, ചെണ്ടമേളം, തിരുവാതിരക്കളി, മോഹിനിയാട്ടം, ഫ്യൂഷൻ നൃത്തം എന്നിവയും അരങ്ങേറി. റെക്കോഡിനരികെ എത്തുന്ന പൂക്കളമൊരുക്കിയത് സീവുഡ്സ് സമാജത്തിന്റെ നൂറിൽപ്പരം കലാകാരന്മാരാണ്.


മുംബൈയിലെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുന്ന സമാജങ്ങളിലൊന്നായ സീവുഡ്സ് മലയാളി സമാജം ഇത് നാലാം തവണയാണ് മെഗാപ്പൂക്കളമൊരുക്കുവാൻ സീവുഡ്സ് നെക്സസ് മാളുമായി കൈകോർത്തത്. ഇതാദ്യമായാണ് ഓണം ഓപ്പുലൻസിൽ പുലികളിയും ഫ്യൂഷൻ നൃത്തവും ലക്ഷ്മിദേവിമാരും അരങ്ങേറുന്നത്.

Tags:    
News Summary - Onam at navi Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.