ബംഗളൂരു: ദൂരവാണി നഗർ കേരളസമാജത്തിന്റെ ഓണാഘോഷ പരിപാടിയിൽ കർണാടക, കേരള മന്ത്രിമാരും എഴുത്തുകാരും മുഖ്യാതിഥികളായി. ജൂബിലി കോളജ് വിദ്യാർഥിനികളുടെ മെഗാ തിരുവാതിരയോടെ ആരംഭിച്ചു. ഒരു മാസമായി നടത്തിവരുന്ന ഓണാഘോഷ നൃത്ത, സംഗീത, കലാ മത്സരങ്ങളിൽ വിജയികളായവരുടെ പ്രകടനം വിസ്മയാവഹമായിരുന്നു.
വിജിനപുര ജൂബിലി സ്കൂൾ വിദ്യാർഥികൾ ജൂബിലി സി.ബി.എസ്.ഇ വിദ്യാർഥികൾ, ജൂബിലി കോളജ് വിദ്യാർഥികൾ, സ്കൂൾ, യുവജന-വനിതവിഭാഗം കലാകാരന്മാർ എന്നിവരുടെ വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി. ഓണസദ്യക്കുശേഷം നടന്ന പൊതുസമ്മേളനം കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, കേരള മൃഗ സംരക്ഷണ മന്ത്രി ചിഞ്ചുറാണി, സി.ബി.എസ്.ഇ റീജനണൽ ഓഫിസർ രമേഷ് പി. മേനോൻ, കന്നട സാഹിത്യകാരി സുകന്യ മാരുതി, മലയാള സാഹിത്യകാരൻ പി.എഫ്. മാത്യൂസ് എന്നിവർ വിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ് എന്നിവർ സംസാരിച്ചു. പ്രസിഡന്റ് മുരളീധരൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് എം.പി. വിജയൻ നന്ദിയും പറഞ്ഞു.
ട്രഷറർ എം.കെ. ചന്ദ്രൻ, ജോയന്റ് സെക്രട്ടറി ബീനോ ശിവദാസ്, വനിതാ വിഭാഗം ചെയർ പേഴ്സൻ ഗ്രേസി പീറ്റർ, യുവജന വിഭാഗം ചെയർമാൻ രാഹുൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. വിജിനപുര ജൂബിലി സ്കൂൾ മുൻ പ്രിൻസിപ്പൽ ശ്രീലതയായിരുന്നു അവതാരിക. റിയ തോമസ്, എ. അനഘ, എ. ഷമീമ, അവന്തിക, എ. അങ്കിത, ശ്രീലത, സി. കുഞ്ഞപ്പൻ എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് മുഖ്യാതിഥികൾ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.
വയനാട് ദുരന്തം ഉണ്ടായപ്പോൾ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 മാസത്തെ ശമ്പളം സംഭാവന നൽകിയ കല്പള്ളി വൈദ്യുതി ശ്മശാന ജീവനക്കാരൻ കുട്ടി എന്നറിയപ്പെടുന്ന അന്തോണി സ്വാമിയെ മന്ത്രി ചിഞ്ചു റാണി ആദരിച്ചു. കരാട്ടേ അഖിലേന്ത്യ ചാമ്പ്യൻഷിപ്പുകളിൽ പ്രശസ്തി നേടിയ എൻജിനീയറിങ് വിദ്യാർഥി വി. നിതീഷ്, ടോപ് സ്റ്റാർ സീസൺ ഒന്ന് വിജയി സീതാലക്ഷ്മി എന്നിവരെ യോഗത്തിൽ ആദരിച്ചു. സോണൽ സെക്രട്ടറിമാരായ എസ്. വിശ്വനാഥൻ, ബാലകൃഷ്ണപിള്ള, എ.യു. രാജു, കെ.കെ. പവിത്രൻ, എൻ. പുരുഷോത്തമൻ നായർ, ജെ. സുഖിലാൽ, രാധാകൃഷ്ണൻ ഉണ്ണിത്താൻ, ഇ. പ്രസാദ് എന്നിവരും മുൻ ഭാരവാഹികളും മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. കോഴിക്കോട് ടൈം ജോക്സിന്റെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച ഗാനമേളയിൽ പ്രശസ്ത ഗായകരായ ജി. ശ്രീറാം, മൃദുല വാര്യർ, അൻവർ സാദത്ത്, സനുജ എന്നിവർ അരങ്ങു തകർത്തു. രതീഷിന്റെ ജഗ്ഗ്ലിങ് പ്രേക്ഷകരെ അമ്പരപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.