ബംഗളൂരു: ഓൺലൈൻ ഓട്ടോറിക്ഷകൾ യാത്രക്കാരിൽനിന്ന് അഞ്ച് ശതമാനം തുക മാത്രമേ സേവന ഫീസായി ഈടാക്കാൻ പാടുള്ളൂവെന്ന സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ വർഷം നവംബർ 25നുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ഒല, ഉബർ കമ്പനികളാണ് കോടതിയെ സമീപിച്ചത്.
ഇതുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളെയും കേൾക്കണമെന്നും അതുവരെ പത്തു ശതമാനം സേവനഫീസ് ഈടാക്കാമെന്നും കോടതി പറഞ്ഞു. പത്ത് ശതമാനം ഈടാക്കിയാൽപോലും തങ്ങൾക്ക് നഷ്ടമാണെന്നും 20 ശതമാനം ഈടാക്കാൻ കേന്ദ്ര സർക്കാർ അനുമതിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഓൺലൈൻ കമ്പനികൾ കോടതിയിൽ എത്തിയത്.
ഓൺലൈൻ ഓട്ടോറിക്ഷാ ടാക്സികൾ നടത്താൻ ഇത്തരം കമ്പനികൾക്ക് അനുമതിയില്ലെന്ന സർക്കാർവാദത്തിനെതിരെ കൂടുതൽ വാദം കേൾക്കുമെന്നും ജസ്റ്റിസ് സി.എം. പൂനച്ച പറഞ്ഞു. ബംഗളൂരുവിൽ കഴിഞ്ഞ ഒക്ടോബറിലാണ് ഒല, ഉബർ, റാപിഡോ എന്നീ ആപ്പുകൾ മുഖേന ഓടുന്ന ഓൺലൈൻ ഓട്ടോ ടാക്സികൾ നിരോധിച്ചത്.
നിലവില്‍ കർണാടക സർക്കാർ നിശ്ചയിച്ച ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് (ആദ്യ രണ്ടു കിലോമീറ്റര്‍) 30 രൂപയാണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ. രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനുമിടയിലുള്ള യാത്രക്ക് 50 ശതമാനം അധിക നിരക്ക് ഈടാക്കും. കാത്തുനില്‍ക്കുന്നതിന് ഓരോ 15 മിനിറ്റിനും അഞ്ചു രൂപ വീതവും.
എന്നാൽ, ഓൺലൈൻ ഓട്ടോകൾ രണ്ട് കിലോമീറ്റർ താഴെയുള്ള ഓട്ടത്തിനും നൂറു രൂപയാണ് ഈടാക്കുന്നത്. ഇതിനാലാണ് ഇവയെ സർക്കാർ നിരോധിച്ചത്. ഓൺലൈന്‍ കമ്പനികള്‍ക്ക് ടാക്സി സര്‍വിസ് നടത്താന്‍ മാത്രമാണ് ലൈസന്‍സ് നല്‍കിയിരുന്നത്. ഓട്ടോറിക്ഷകള്‍ ടാക്സികളുടെ പരിധിയില്‍വരില്ലെന്നും സർക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.