ബംഗളൂരു: ‘പാകിസ്താൻ സിന്ദാബാദ്’ വിളി ആരോപണം കർണാടക നിയമസഭയിലും പുകഞ്ഞു. ബുധനാഴ്ച സംസ്ഥാന വ്യാപകമായി കോൺഗ്രസ് ജില്ല കമ്മിറ്റി ഓഫിസ് മാർച്ച് നടത്തിയ ബി.ജെ.പി ഈ പ്രശ്നം നിയമസഭ ബജറ്റ് ചർച്ചയിൽ ഉന്നയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരുടെ മൊഴി രേഖപ്പെടുത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പൊലീസ് സ്വമേധയാ കേസെടുത്താണ് അന്വേഷിക്കുന്നത്. ഫോറൻസിക് സയൻസ് ലബോറട്ടറി പരിശോധനഫലം വരട്ടെ. അതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.
ചാനലുകളിൽ വന്ന വിഡിയോയുടെ നിജസ്ഥിതി അറിയാനാണ് രാസപരിശോധന നടത്തുന്നത്. പിന്നെ രാജ്യസ്നേഹത്തിന്റെ കാര്യം, അത് ഞങ്ങൾക്ക് അപ്പുറത്തുനിന്ന് പകർത്തേണ്ടതല്ല. ചരിത്രവും വർത്തമാനവും അതിന് സാക്ഷി. നിങ്ങൾ പഠിപ്പിക്കാൻ വരണ്ട -മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ‘ഡൗൺ ഡൗൺ കോൺഗ്രസ്, കോൺഗ്രസ് ഗാരന്റി ദേശദ്രോഹി ഗാരന്റി...’ മുദ്രാവാക്യം മുഴക്കി സഭയിൽനിന്ന് ഇറങ്ങിപ്പോയി. ഏഴുപേരെ വിളിച്ചുവരുത്തി മൊഴിയെടുത്ത പൊലീസ് അവർക്ക് ബിരിയാണിയും കൊടുത്താവും തിരിച്ചയച്ചതെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക പരിഹസിച്ചു. ഇത്രയും പ്രമാദ സംഭവത്തിൽ വെറും പെറ്റി കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
ചൊവ്വാഴ്ച നടന്ന രാജ്യസഭ അംഗ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മൂന്നു സ്ഥാനാർഥികൾ വിജയിച്ചിരുന്നു. ഡോ. സയ്യിദ് നസീർ ഹുസൈന്റെ വിജയാഘോഷവേളയിൽ പാകിസ്താൻ സിന്ദാബാദ് വിളിച്ചു എന്ന് പ്രാദേശിക ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. വിഡിയോയുടെ പിന്തുണയോടെയായിരുന്നു ഇത്.
എന്നാൽ, നസീർ ഹുസൈൻ എം.പി തന്റെ സാന്നിധ്യത്തിൽ അങ്ങനെ മുദ്രാവാക്യംവിളി ഉണ്ടായില്ലെന്ന് വ്യക്തമാക്കിയിരുന്നു. വിഡിയോയുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.