ബംഗളൂരു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സന്നിധിയിലെത്തി സങ്കടം പറഞ്ഞ ഗൂഡല്ലൂർ ഉപ്പട്ടി ഗ്രാമത്തിലെ പട്ടാണിക്കൽ ഷമീറിനും കുടുംബത്തിനും ഇനി സമാധാനത്തോടെ അന്തിയുറങ്ങാം.കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന ഷമീറിന്റെ മകൾ അൻഷിബയുടെ വിവാഹ ചെലവ് മുഴുവൻ എ.ഐ.കെ.എം.സി.സി ബംഗളൂരു കമ്മിറ്റി ഏറ്റെടുത്തതിന് പുറമെ, ഈ കുടുംബത്തിനായി വീടുമൊരുക്കുകയാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം, ബംഗളൂരു സെൻട്രൽ കമ്മിറ്റി തന്നെയാണ് വീടും നിർമിക്കുന്നത്.
കണ്ണൂർ എയർപോർട്ട് ഡയറക്ടറും ഖത്തറിലെ വ്യവസായ പ്രമുഖനുമായ എം.പി. ഹസ്സൻ കുഞ്ഞിയാണ് നിർമാണ ചെലവ് വഹിക്കുക. അൻഷിബയുടെ വിവാഹം ശിവാജി നഗർ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ സാദിഖലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ നടന്നു. ഷമീറും കുടുംബവും ദിവസങ്ങൾക്കുമുമ്പാണ് മലപ്പുറത്തെ പാണക്കാട്ടെത്തി സങ്കടക്കഥ വിവരിച്ചത്. ഉമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റുന്നത് കൂലിപ്പണി ചെയ്താണ്. പ്രായമായ മകൾ അൻഷിബക്ക് സമീപപ്രദേശത്തുനിന്ന് നസീർ എന്ന ചെറുപ്പക്കാരന്റെ നല്ലൊരു വിവാഹാലോചന വന്നെങ്കിലും സാമ്പത്തിക പരാധീനതയും കഷ്ടപ്പാടും കാരണം വിഷമത്തിലായിരുന്നു. മകളുടെ കല്യാണമുറപ്പിച്ചിട്ട് ഒരു മാസം കഴിഞ്ഞിരുന്നു. താമസിക്കുന്ന വീടിന്റെ വാടക നൽകുന്നതുതന്നെ മഹല്ല് കമ്മിറ്റിയാണ്.
തുടർന്ന് ബംഗളൂരുവിൽ കെ.എം.സി.സി നടത്തുന്ന സമൂഹ വിവാഹത്തിൽ അൻഷിബയുടെ മാംഗല്യവും നടക്കുമെന്ന് സാദിഖലി തങ്ങൾ ഉറപ്പുനൽകി. അൻഷിബയടക്കം 81 ജോടികൾക്കാണ് ഞായറാഴ്ച ബംഗളൂരുവിൽ കെ.എം.സി.സി മംഗല്യമൊരുക്കിയത്. ‘മനസ്സുനിറയെ സന്തോഷവും ആശ്വാസവും തോന്നുന്നു. മോളുടെ കല്യാണം നല്ല രീതിയിൽ തന്നെ നടന്നു. വീടുവെക്കാമെന്നും ഉറപ്പു ലഭിച്ചു. എല്ലാവരോടും നന്ദിയുണ്ട്. പടച്ചവന്റെ അനുഗ്രഹം എന്നുമുണ്ടാകും’ - ബംഗളൂരുവിൽനിന്ന് ഗൂഡല്ലൂരിലേക്ക് മടങ്ങുംമുമ്പ് നിറമിഴികളോടെ അൻഷിബയുടെ ഉമ്മ റജീനയുടെ വാക്കുകൾ ഇതായിരുന്നു.
എ.ഐ.കെ.എം.സി.സി സമൂഹ വിവാഹം; 81 ജോടികൾക്ക് ദാമ്പത്യം
ബംഗളൂരു: എ.ഐ.കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി ശിവാജി നഗർ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ സംഘടിപ്പിച്ച ആറാമത് സമൂഹ വിവാഹ വേദിയിൽ വിവിധ മതത്തിൽപെട്ട 81 ജോടി വധൂവരന്മാർ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു. സമൂഹ വിവാഹ സംഗമം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സ്വർണാഭരണവും മഹറും കല്യാണ വസ്ത്രങ്ങളും ചടങ്ങിനോടനുബന്ധിച്ച് ബന്ധുക്കൾക്കുള്ള വിരുന്നുമെല്ലാം ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.