ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരായ 'പേ സി.എം' കാമ്പയിനുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്‍ദീപ് സിങ് സുര്‍ജേവാല, ബി.കെ ഹരിപ്രസാദ്, പ്രിയങ്ക് ഖാർഗെ തുടങ്ങിയ നേതാക്കളും കസ്റ്റഡിയിലുണ്ട്. കാമ്പയിന്റെ ഭാഗമായി ബി.ജെ.പി നെലമംഗല ഓഫിസിലും പോസ്റ്റർ പതിച്ചിരുന്നു.
പോസ്റ്റർ പതിച്ചതിന് കോൺഗ്രസ് പ്രവർത്തകരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നേതാക്കൾ വെള്ളിയാഴ്ച ഇതേ പോസ്റ്റർ പതിക്കുമെന്ന് പ്രഖ്യാപിച്ചത്.
പൊതുമരാമത്ത് വകുപ്പുകളിലടക്കം എല്ലാ പ്രവൃത്തികളും നടക്കണമെങ്കിൽ 40 ശതമാനം കമീഷൻ സർക്കാർ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും നൽകണമെന്ന് കരാറുകാർ ആരോപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സർക്കാറിനെതിരെ കോൺഗ്രസ് പേ സി.എം പോസ്റ്ററുകളുമായി കാമ്പയിൻ ആരംഭിച്ചത്.
ഇ വാലറ്റായ 'പേ ടി.എമ്മി' നോട് സാദൃശ്യമുള്ളതാണ് 'പേ സി.എം' എന്ന വാചകത്തോടെ ക്യു.ആര് കോഡും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ചിത്രവുമുള്‍പ്പടെയുള്ള പോസ്റ്റർ. '40 ശതമാനം ഇവിടെ സ്വീകരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍. പോസ്റ്ററുകളിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ 40percentsarkara.com എന്ന വെബ്സൈറ്റിലേക്കാണ് പോവുക. പൊതുജനങ്ങൾക്ക് സർക്കാറിന്റെ അഴിമതിക്കെതിരെ പരാതി നൽകാനായി ഈയിടെ കോൺഗ്രസ് തുടങ്ങിയ വെബ്സൈറ്റാണിത്. കോൺഗ്രസിന്റെ പോസ്റ്ററുകൾ ബി.ജെ.പിക്ക് ഏറെ അലോസരമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം തന്നെ പോസ്റ്ററുകൾ പലയിടത്തും നീക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.