ബംഗളൂരു: വ്യാപക ക്രമക്കേട് നടന്നതിന്റെ പേരിൽ റദ്ദാക്കിയ പൊലീസ് സബ് ഇൻസ്പെക്ടർ റിക്രൂട്ട്മെന്റ് പരീക്ഷ ഡിസംബർ 23ന് വീണ്ടും നടത്തുമെന്ന് കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഇ.എ) അറിയിച്ചു. പരീക്ഷ വീണ്ടും നടത്തണമെന്ന് കർണാടക ൈഹകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡിസംബർ 23ന് പരീക്ഷ നടത്തുമെന്ന് കെ.ഇ.എ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. രമ്യ അറിയിച്ചത്. റദ്ദാക്കിയ പരീക്ഷക്ക് യോഗ്യരായ എല്ലാ ഉദ്യോഗാർഥികൾക്കും വരുന്ന പരീക്ഷ എഴുതാം.
545 എസ്.ഐമാരുടെ ഒഴിവുകളിലേക്ക് 2021 ഒക്ടോബർ മൂന്നിന് നടന്ന പരീക്ഷയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച വൻ ക്രമക്കേട് നടന്നത്. ആകെ 54,287 പേരാണ് അന്ന് പരീക്ഷ എഴുതിയത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം ഉദ്യോഗാർഥിയാണ് ക്രമക്കേട് നടന്നുവെന്ന് പരാതി നൽകിയത്. തുടർന്നാണ് സി.ഐ.ഡി അന്വേഷണം ഏറ്റെടുത്തത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരീക്ഷയുടെ ഫലം ഏപ്രിൽ 29ന് സർക്കാർ പിൻവലിച്ചിരുന്നു. സി.ഐ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രധാന രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, ഉദ്യോഗാർഥികൾ തുടങ്ങി വിവിധ മേഖലകളിലുള്ള മറ്റുള്ളവരടക്കം ഒന്നാകെ പങ്കാളികളായ വൻ ക്രമക്കേടാണ് നടന്നതെന്നാണ് പറയുന്നത്. പൊലീസ് എഡി.ജി.പി അമൃത് പോളടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഈ ക്രമക്കേടിൽ സി.ഐ.ഡി അറസ്റ്റിലായിരുന്നു.
കെ.ഇ.എ ഈയടുത്ത് നടത്തിയ പരീക്ഷയിലും വ്യാപകമായ ക്രമക്കേടായിരുന്നു നടന്നത്. പരീക്ഷയെഴുതുന്നവർക്ക് ബ്ലൂ ടൂത്ത് വഴിയും മറ്റും പുറത്തുനിന്ന് ഉത്തരങ്ങൾ എത്തിച്ചുകൊടുക്കുകയാണ് ചെയ്തത്. വിവിധ ബോർഡുകളിലും കോർപറേഷനുകളിലുമുള്ള ഫസ്റ്റ് ഡിവിഷനൽ അസിസ്റ്റന്റുമാരുടെ ഒഴിവിലേക്കായിരുന്നു പരീക്ഷ നടന്നത്. രണ്ടു പരീക്ഷകളിലെയും പ്രധാന സൂത്രധാരൻ ആർ.ഡി പാട്ടീൽ എന്ന സിവിൽ കരാറുകാരനാണ്. അറസ്റ്റിലായ ഇയാൾക്കെതിരെ വിവിധ റിക്രൂട്ട്മെന്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട 16 കേസുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.