ബംഗളൂരു: ഇന്നലെ ബംഗളൂരുവിലുണ്ടായ മഴയിൽ കോമ്പഗൗഡ ഇന്റർനാഷനൽ എയർപോർട്ടിലേക്കുള്ള ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. രാത്രി 11:18നും 11:54നുമിടയിൽ ഒറ്റവിമാനം പോലും എയർപോർട്ടിലിറങ്ങാൻ സാധിച്ചില്ല. നാല് അന്താരാഷ്ട്ര വിമാനങ്ങളും ഏഴ് ആഭ്യന്തര വിമാനങ്ങളുമാണ് ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടത്. എയർ ഇന്ത്യ, ആകാശ എയർ, അലയൻസ് എയർ, വിസ്താര, എയർ ഏഷ്യ എന്നീ വിമാനങ്ങളുടെ ആഭ്യന്തര സർവിസും ബാങ്കോക്കിൽനിന്നുള്ള തായ് എയർവേസ്, തായ് ലയൺ എയർവേസ്, പാരിസിൽനിന്നുള്ള എയർ ഫ്രാൻസ്, ആംസ്റ്റർഡാമിനിന്നുള്ള കെ.എൽ.എം എന്നിവക്കാണ് കനത്ത മഴ കാരണം എയർപോർട്ടിൽ ഇറങ്ങാൻ കഴിയാതെവന്നത്.
അർധരാത്രിക്കുശേഷം സർവിസുകൾ പുനഃസ്ഥാപിച്ചു. ഇലക്ട്രോണിക് സിറ്റിക്കടുത്ത് രുപേന അഗ്രഹാര, ബന്നാർഗട്ട റോഡിലെ ബിലെക്കഹള്ളി തുടങ്ങി പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഒരാഴ്ചത്തേക്ക് ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരുന്നു. യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഉത്തര കർണാടകയിലും ദക്ഷിണ കന്നടയിലും കനത്ത മഴ ലഭിച്ചിരുന്നു. മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 4 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മൂന്നുപേർ മിന്നലേറ്റും ഒരാൾ മരം വീണുമാണ് മരണപ്പെട്ടത്. കനത്ത കാറ്റിനെയും മഴയെയും തുടർന്ന് വിജയപുരയിൽ ഏക്കർ കണക്കിന് നെൽകൃഷിയും വാഴത്തോട്ടങ്ങളും കരിമ്പും നശിച്ചു. കോലാറിലും ചിക്കബല്ലാപുരയിലും ഹൊസ്പേട്ടിൽ നിരവധി സ്ഥലങ്ങളിലാണ് മരങ്ങൾ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. കോലാറിൽ കാർഷികവിളകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. കൊപ്പാൽ, ബിദർ, കലബുറഗി എന്നിവിടങ്ങളിലും നല്ല മഴ ലഭിച്ചു. ഹുബ്ബള്ളിയിൽ വ്യവസായ കോംപ്ലക്സിന്റെ മതിൽ തകർന്ന് വീണ് 20 ബൈക്കുകളാണ് നശിച്ചത്. മൈസൂരു, ചാമരാജ്നഗർ, ഹാസൻ ജില്ലകളിലും പേമാരിയും ഇടിമിന്നലുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.