ബംഗളൂരു: കേരള -കർണാടക അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുമെന്ന് വീരാജ്പേട്ട എം.എൽ.എ എ.എസ്. പൊന്നണ്ണ. ഈ ആവശ്യം ഉന്നയിച്ച് ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമോപദേഷ്ടാവ് കൂടിയായ അഡ്വ. പൊന്നണ്ണയുടെ ഉറപ്പ്. ഇടതടവില്ലാതെ നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന മാക്കൂട്ടം ചുരം പാത കുണ്ടും കുഴിയും നിറഞ്ഞ് മാസങ്ങളായി തകർന്നിരിക്കുകയാണ്. പൂർണമായി തകർന്ന രണ്ട് കിലോമീറ്റർ റോഡ് റീ ടാറിങ് ചെയ്യാനും ബാക്കി കുറച്ചു ഭാഗത്ത് അറ്റകുറ്റപ്പണിക്കും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. ആകെയുള്ള 20 കിലോമീറ്ററിൽ പകുതിയെങ്കിലും റീ ടാറിങ് ചെയ്യാൻ എ.ഐ.കെ.എം.സി.സി നേതാക്കൾ ആവശ്യപ്പെട്ടു. മലയാളിയായ മന്ത്രി കെ.ജെ. ജോർജിന് ഈ വിഷയത്തിൽ പ്രത്യേക താൽപര്യമുണ്ടെന്ന് പൊന്നണ്ണ അറിയിച്ചു.
അന്തർ സംസ്ഥാന പാതയായ തലശ്ശേരി -മൈസൂരു റോഡിൽ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയായ കൂട്ടുപുഴ മുതൽ പെരുമ്പാടി വരെ മാക്കൂട്ടം ചുരം റോഡ് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ പെടുന്ന കാനന പാതയാണ്. കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടും വളവുകളും അഗാധമായ കൊല്ലികളുമുള്ള റോഡ്, ഇന്ന് അപകടപാതയാണ്. അടുത്ത കാലത്ത് നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളും വെള്ളമൊഴുകിയുണ്ടായ വലിയ ചാലുകൾ മൂലം റോഡിൽനിന്ന് വാഹനമിറക്കിയാൽ അപകടം ഉറപ്പാണ്. കേരളത്തിന്റെയും കർണാടകത്തിന്റെയും ആർ.ടി.സി ബസുകളും മറ്റു യാത്ര ബസുകളും അടക്കം 60ഓളം ബസുകൾ മൈസൂരു, ബംഗളൂരു മേഖലകളിലേക്കും വീരാജ്പേട്ട, മടിക്കേരി ഉൾപ്പെടെ നഗരങ്ങളിലേക്കും ഇതുവഴി കടന്നുപോകുന്നു. ബംഗളൂരു, മൈസൂരു, ഹുൻസൂർ തുടങ്ങിയ കർണാടകത്തിലെ വിവിധ നഗരങ്ങളിൽനിന്നും ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിത്യവും നിരവധി ചരക്ക് വാഹനങ്ങളും കേരളത്തിലേക്ക് ഇതുവഴിയാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.