ബംഗളൂരു: കർണാടകയിൽ സർക്കാർ സ്കൂളുകളുടെ ക്ലാസ് റൂമുകൾക്ക് കാവിനിറം പൂശുന്നു. പുതുതായി പണിയുന്ന 7,601 ക്ലാസ് മുറികളാണ് കാവിയണിയുക. വടക്കൻ കർണാടകയിലെ ഗദഗ് ജില്ലയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷാണ് ഇക്കാര്യം അറിയിച്ചത്. സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായി നടപ്പാക്കുന്ന 'വിവേക' പദ്ധതിക്ക് കീഴിലാണ് സംസ്ഥാനത്തുടനീളം പുതിയ ക്ലാസ് റൂമുകൾ പണിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവയുടെ ശിലാസ്ഥാപനം കലബുറഗിയിൽ നടന്ന ശിശുദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർവഹിച്ചു.
സ്കൂൾ എജുക്കേഷൻ ആൻഡ് ലിറ്ററസി വകുപ്പിന്‍റെ നേതൃത്വത്തിൽ ഓരോ ജില്ലയിലും നിർമാണോദ്ഘാടനം നടക്കും. അതേസമയം, വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിന്റെ തുടർച്ചയാണിതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സർക്കാർ സ്കൂളുകൾ ജനങ്ങളുടെ നികുതിപ്പണംകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും വിദ്യാഭ്യാസത്തെ വർഗീയവത്കരിക്കാനും മതപരമായ ചേരിതിരവ് ഉണ്ടാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദ് കുറ്റപ്പെടുത്തി. എന്നാൽ, വിവേകാനന്ദൻ കാവിവസ്ത്രം അണിഞ്ഞ സന്യാസിയായിരുന്നെന്നും അദ്ദേഹത്തിന്‍റെ പേരിലാണ് 'വിവേക' പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് എല്ലാത്തിനെയും രാഷ്ട്രീയവത്കരിക്കുകയാണ്. ദേശീയപതാകയിൽവരെ കാവി നിറമുണ്ട്. കോൺഗ്രസിന് ആ നിറത്തോട് എന്താണ് ദേഷ്യമെന്നും മുഖ്യമന്ത്രി ചോദിച്ചു. ക്ലാസ് മുറികൾക്ക് പൊതുനിറമായിരിക്കുമെന്നും വാസ്തുശിൽപ വിദഗ്ധർ നിർദേശിച്ചതിനാലാണ് കാവിനിറമെന്നും സർക്കാറിന് അതിൽ പങ്കില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഈയടുത്ത് സ്കൂളുകളിൽ വിദ്യാർഥികൾക്ക് ധ്യാനം നിർബന്ധമാക്കിയിരുന്നു. പാഠ്യപദ്ധതിയിൽ ഹിന്ദുത്വ ആശയങ്ങളുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് ചില തിരുത്തലുകൾ വരുത്തിയിരുന്നെങ്കിലും ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെ സംബന്ധിച്ചുള്ള അധ്യായമടക്കം നീക്കിയിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.