ബംഗളൂരു: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി ലഭിക്കാൻ ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർഥികൾക്ക് 50 ശതമാനം സീറ്റ് സംവരണം ചെയ്യണമെന്ന നിബന്ധന എടുത്തുമാറ്റാൻ കർണാടക സർക്കാർ. ഇതിനായി ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരത്തിനുള്ള നിബന്ധന സംബന്ധിച്ച കർണാടക എജുക്കേഷനൽ ഇൻസ്റ്റിറ്റ്യുഷൻസ് റൂൾ 2024 ഭേദഗതി ബില്ലിന്റെ കരടിന് കഴിഞ്ഞ ദിവസം ചേർന്ന സിദ്ധാരമയ്യ മന്ത്രിസഭ അനുമതി നൽകി. സംസ്ഥാനത്ത് ന്യൂനപക്ഷത്തിൽ പൊതുവെ ജനസംഖ്യ കുറവുള്ള ക്രിസ്ത്യൻ, ജയിൻ, സിഖ്, പാഴ്സി തുടങ്ങിയ സമുദായങ്ങൾക്ക് ഈ മാനദണ്ഡം വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. അതേസമയം, സംവരണ മാനദണ്ഡം നീക്കിയ തീരുമാനം കർണാടകയിലെ മുസ്ലിം ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാവും.
50 ശതമാനം സീറ്റിൽ ന്യൂനപക്ഷ മതത്തിലെ വിദ്യാർഥികൾക്ക് പ്രവേശനം നൽകിയാലേ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ‘മത ന്യൂനപക്ഷ സ്ഥാപനം’ എന്ന പദവി കർണാടകയിൽ ലഭിക്കൂ എന്നതായിരുന്നു സ്ഥിതി. മുസ്ലിം ന്യൂനപക്ഷ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് ആ പദവി ലഭിക്കാൻ 50 ശതമാനം മുസ്ലിം വിദ്യാർഥികൾക്ക് പ്രവേശനം നൽകണം. എന്നാൽ, ഈ മാനദണ്ഡം നീക്കിയതോടെ, ന്യൂനപക്ഷ സ്ഥാപനങ്ങളിൽ അതത് സമുദായത്തിലേതിലും കൂടുതൽ മറ്റു സമുദായ വിദ്യാർഥികൾ പ്രവേശനം നേടിയേക്കുമെന്നാണ് വിമ. പുതിയ തീരുമാനം മുസ് ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാക്കുന്നതിൽ മുസ്ലിം സമുദായത്തിൽനിന്ന് എതിർപ്പുയർന്നിട്ടുണ്ട്. നിലവിൽ 50 ശതമാനം സമുദായ സീറ്റിൽ പ്രവേശനം നൽകാൻ മുസ്ലിം സ്ഥാപനങ്ങൾക്ക് തടസ്സം നേരിടുന്നില്ലെന്നും മാനദണ്ഡം നീക്കുന്നത് മുസ്ലിം വിദ്യാർഥികളുടെ ഉപരിപഠന സാധ്യത കുറക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ന്യൂനപക്ഷ സമുദായങ്ങളിലെ ഒരു വിഭാഗത്തെ മാത്രം തീരുമാനത്തിൽനിന്ന് ഒഴിവാക്കാനാവില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
50 ശതമാനം സീറ്റിൽ അതത് സമുദായ സംവരമെന്ന മാനദണ്ഡം എടുത്തുമാറ്റിയത് പി.യു കോളജുകൾ (ഹയർ സെക്കൻഡറി), ബിരുദ കോളജുകൾ, ബിരുദാനന്തര ബിരുദ കോളജുകൾ എന്നിവക്കാണ് ബാധകമാവുക. ഭരണഘടനയുടെ 30 ാം വകുപ്പും ദേശീയ ന്യൂപക്ഷ കമീഷന്റെ നിർദേശങ്ങളും പരിഗണിച്ചാണ് മാനദണ്ഡത്തിൽ മാറ്റം വരുത്തിയതെന്ന് കർണാടക നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പ്രതികരിച്ചു.
കഴിഞ്ഞ മാർച്ച് 12നാണ് സർക്കാർ ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മാർച്ച് 16ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഭേദഗതി സംബന്ധിച്ച കരട് ബിൽ ഈ മാസം ബെളഗാവിയിൽ ചേരുന്ന ശൈത്യകാല നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.