ബംഗളൂരു: ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ തട്ടകമായ ഹാസനിൽ അദ്ദേഹത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ദേവഗൗഡ പകയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന്റെ ഭാഗമാവരുതെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. സ്വന്തം സമുദായമായ വൊക്കലിഗരിൽനിന്നുള്ള നേതാക്കളെ പോലെ വളരാൻ അനുവദിക്കാത്തയാളാണ് മുൻ പ്രധാനമന്ത്രിയെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. കെ.പി.സി.സിയുടെയും സ്വാഭിമാനികള ഒക്കൂട്ടയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യാഴാഴ്ച ഹാസനിൽ സംഘടിപ്പിച്ച ‘ജന കല്യാണ സമാവേശ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഡ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വേട്ടയാടുകയാണെന്ന് ആരോപിച്ച് സിദ്ധരാമയ്യക്ക് ഐക്യദാർഢ്യവുമായാണ് പരിപാടി സംഘടിപ്പിച്ചത്.
രാഷ്ട്രീയത്തിൽ ഗൗഡയുടെ കാലം കഴിഞ്ഞു. ഇനി തുടരാൻ ആഗ്രഹിക്കുന്നെങ്കിൽ പകയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന്റെ ഭാഗമാവരുത്. തന്റെ അവസാന ശ്വാസംവരെ രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്നാണ് ദേവഗൗഡ പറഞ്ഞിരുന്നത്. അദ്ദേഹം അത് ചെയ്തോട്ടെ. എനിക്കൊരു വിരോധവുമില്ല. ദൈവം അദ്ദേഹത്തിന് ആരോഗ്യം നൽകട്ടെ. എന്നാൽ, വിദ്വേഷത്തിന്റെ രാഷ്ട്രീയം കളിക്കരുത്. ആരെയെങ്കിലും രാഷ്ട്രീയമായി ഇല്ലാതാക്കുമെന്ന തരത്തിൽ പ്രസ്താവനയും നടത്തരുത്. വർഗീയ ശക്തികളുമായി കൈകോർത്തതോടെ തന്റെ പാർട്ടിക്ക് ജനതാദൾ സെക്കുലർ എന്ന് വിളിക്കാനുള്ള അവകാശം ദേവഗൗഡക്കില്ലാതായിരിക്കുന്നെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
കുടുംബത്തിൽനിന്നുള്ളവരെയല്ലാതെ മറ്റാരെയും പാർട്ടിയിൽ വളരാൻ ദേവഗൗഡ അനുവദിക്കുന്നില്ലെന്ന് സിദ്ധരാമയ്യ ആരോപിച്ചു. ഒരുകാലത്ത് ദേവഗൗഡയുടെ അടുത്ത അനുയായികളായിരുന്ന നേതാക്കളുടെ പേരുകൾ എടുത്തുപറഞ്ഞായിരുന്നു വിമർശനം. ‘മിസ്റ്റർ ദേവഗൗഡ, ആരെ വളരാനാണ് നിങ്ങൾ അനുവദിച്ചതെന്ന് ഒന്ന് പറയൂ...ജനതാദൾ സർക്കാറിൽ സിദ്ധരാമയ്യയെ ധനമന്ത്രിയാക്കിയത് താനാണെന്നും അതുകൊണ്ടാണ് സിദ്ധരാമയ്യ വളർന്നു വലിയ നേതാവായതെന്നും ദേവഗൗഡ പറഞ്ഞിരുന്നു. എന്നാൽ, ഞാനും മുൻ മന്ത്രി ആർ.എൽ. ജാലപ്പയും ഇല്ലായിരുന്നെങ്കിൽ 1994ൽ ദേവഗൗഡ മുഖ്യമന്ത്രിയാവുമായിരുന്നില്ല. രാമകൃഷ്ണ ഹെഗ്ഡെക്ക് പകരം ദേവഗൗഡയെ മുഖ്യമന്ത്രിയാക്കിയത് തങ്ങളാണെന്നും സിദ്ധരാമയ്യ ഓർമിപ്പിച്ചു. ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിൽ പേരമകൻ നിഖിൽ കുമാരസ്വാമിക്കുവേണ്ടി വോട്ടുതേടുമ്പോൾ ദേവഗൗഡ കണ്ണീരണിഞ്ഞതു കണ്ടു. എന്നാൽ, ഹാസനിൽ വരുമ്പോൾ പാവപ്പെട്ട സ്ത്രീകളുടെയടക്കം കണ്ണീർ ദേവഗൗഡ കാണാത്തതെന്താണ്? -ഹാസൻ മുൻ എം.പിയും ദേവഗൗഡയുടെ പേരമകനുമായ പ്രജ്വൽ രേവണ്ണയുടെ പീഡന കേസ് വ്യംഗ്യമായി സൂചിപ്പിച്ചായിരുന്നു സിദ്ധരാമയ്യയുടെ ഒളിയമ്പ്. ഹാസനിൽ ഏഴു നിയമസഭ സീറ്റിൽ ഒന്നിൽ മാത്രമാണ് കഴിഞ്ഞതവണ കോൺഗ്രസ് ജയിച്ചത്. എന്നാൽ, ഹാസൻ ലോക്സഭ സീറ്റ് പിടിച്ച കോൺഗ്രസ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഹാസനിലെ ഏഴു സീറ്റും തൂത്തുവാരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല, മന്ത്രിമാർ, കോൺഗ്രസ് എം.എൽ.എമാർ, എം.എൽ.സിമാർ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.