ബംഗളൂരു: സാമൂഹികസൗഹാർദം നിലനിർത്താനും സദാചാര പൊലീസ് ചമഞ്ഞുള്ള അക്രമങ്ങൾ തടയാനും കർണാടകയിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.
ദക്ഷിണകന്നടയും മംഗളൂരുവും കേന്ദ്രീകരിച്ചായിരിക്കും സ്ക്വാഡ് പ്രവർത്തിക്കുക. ദക്ഷിണകന്നട ജില്ലയിൽ വർധിച്ചുവരുന്ന സദാചാര പൊലീസ് സംഭവങ്ങളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ചില സംഘങ്ങൾ ഇതിനായി കച്ചകെട്ടിയിറങ്ങുകയാണ്.
ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. സദാചാര പൊലീസ് ചമഞ്ഞുള്ള അക്രമണങ്ങളിൽ ജനം ഭയത്തിൽ കഴിയുകയാണ്. ഇത്തരം പ്രവൃത്തികളിലൂടെ ചിലർ വർഗീയത പടർത്തി നേട്ടമുണ്ടാക്കുന്നു. ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ കാസർകോട് സ്വദേശികളെ മംഗളൂരുവിലെ കടൽതീരത്ത് സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം ആക്രമിച്ചിരുന്നു.
ഇതര സമുദായത്തിൽപെട്ട വിദ്യാർഥിനികളോട് സംസാരിച്ചതിനായിരുന്നു ഇത്. സംഭവത്തിൽ ഉടൻ നടപടിയെടുത്ത പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.