ബംഗളൂരു: മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കി സംസ്ഥാനങ്ങൾക്ക് സ്വന്തം നിലക്ക് പ്രവേശന പരീക്ഷകൾ നടത്താൻ അനുമതി നൽകണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. നീറ്റ് പരീക്ഷയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ക്രമക്കേടുകൾ വളരെ ഗൗരവപ്പെട്ടതാണ്. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് അവതാളത്തിലായത്. കേന്ദ്ര സർക്കാർ നടത്തുന്ന നീറ്റിന് പകരം ഓരോ സംസ്ഥാനത്തിനും സ്വന്തം നിലക്ക് പ്രവേശന പരീക്ഷകൾ നടത്താനനുവദിക്കുകയാണ് വേണ്ടത്.
ഏത് സംസ്ഥാനത്ത് നിന്നുള്ള വിദ്യാർഥികൾക്കും സംസ്ഥാനങ്ങൾ നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയിൽനിന്നുള്ള വിദ്യാർഥികൾ അനീതിക്കിരയായി. കർണാടക സർക്കാർ നിരവധി കോളജുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഗുണം ലഭിക്കുന്നത് ഉത്തരേന്ത്യയിലെ വിദ്യാർഥികൾക്കാണ്. ഈ അനീതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് കൂട്ടിച്ചേർത്ത ഡി.കെ. ശിവകുമാർ നീറ്റിലെ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും നീറ്റിനെതിരെ രംഗത്തെത്തിയിരുന്നു. കഠിനാധ്വാനം ചെയ്ത വിദ്യാർഥികളാണ് അനീതിക്കിരയായതെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.