ബംഗളൂരു: സമയത്തിന്റെയും ദേശത്തിന്റെയും അതിരുകള്‍ കടന്നുള്ള ഭാവനയുടെ ലോകമാണ് ഒരു എഴുത്തുകാരന്റെ മുഖമുദ്രയെന്നും കുരുന്നു പ്രായത്തില്‍ ഓസ്റ്റിന്‍ എന്ന പ്രതിഭ ഈ കരുത്ത് ആര്ജിച്ചെടുത്തിരിക്കുന്നുവെന്നും സാഹിത്യകാരൻ സുധാകരൻ രാമന്തളി പറഞ്ഞു. ഒമ്പതു വയസ്സുകാരനായ ഓസ്റ്റിന്‍ അജിത്തിന്റെ മൂന്നാം പുസ്തകം ‘ദ ഡേ ഐ ഫൗണ്ട് ആന്‍ എഗ്’പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയിലെ പ്രതിഭാസങ്ങളിലൂടെ ഓസ്റ്റിന്‍ വായനക്കാരിലേക്ക് പകര്‍ന്നു നല്‍കുന്നത് അറിവിന്റെ അക്ഷയഖനികളാണ്. കഥക്കാസ്പദമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നത് പലപ്പോഴും എഴുത്തുകാരുടെ ഒരു വെല്ലുവിളിതന്നെയാണ്. ഓസ്റ്റിന്‍ അതിരസകരമായിത്തന്നെയാണ് ഓരോ കഥാമുഹൂര്‍ത്തങ്ങളും ആവിഷ്കരിക്കുന്നത് . ഈ കുരുന്നുപ്രായത്തില്‍ തന്നെ ഭാഷയുടെ കൈ വഴക്കം എഴുത്തുകാരനില്‍ വന്നിട്ടുണ്ടെന്നും പദസമ്പത്തു കൊണ്ട് സമ്പുഷ്ടമാണ് ഓസ്റ്റിന്റെ കൃതി യെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സയന്‍സ് ഫിക്ഷന്‍ നോവലായ ‘ദ ഡേ ഐ ഫൗണ്ട് ആന്‍ എഗ്’പ്രകൃതിപഠന യാത്രക്കിടയില്‍ ഓസ്റ്റിന്‍ ഒരു മുട്ട കിട്ടുന്നതും ആ മുട്ട വിരിഞ്ഞു വരുന്ന ദിനോസര്‍ സുഹൃത്തായി മാറുന്നതുമാണ് കഥയുടെ ഇതിവൃത്തം . സ്റ്റാര്‍ ഗ്ലേയ്സര് എന്ന ദിനോസറിനൊപ്പം നക്ഷ്ത്രലോകത്തില് എത്തിപ്പെടുന്ന ഓസ്റ്റിന്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഒട്ടനേകം കഥാ മുഹൂര്‍ത്തങ്ങള്‍ നോവലിൽ കോര്‍ത്തിണക്കിയിരിക്കുന്നു.
ഇന്ദിരാ നഗർ റോട്ടറി ക്ലബിൽനടന്ന ചടങ്ങിൽ സുധാകരന് രാമന്തളിയുടെ പത്നി രുക്മിണി രാമന്തളി ആദ്യ പ്രതി ഏറ്റുവാങ്ങി. ചടങ്ങില്‍ ബംഗളൂരുവിലെ എഴുത്തുകാരും കലാകാരന്മാരുമായ ബ്രിജി കെ.ടി, ബാബു പല്ലശ്ശേരി, പ്രേംരാജ്, രാജ ബാലകൃഷ്ണന്, അനൂപ് വിമാനപുര, മധു മങ്ങാട്, എസ് .സലീം കുമാര്‍, സത്യന് പുത്തൂർ, പി .വി .ബാല കൃഷ്ണന് ആചാരി, രമ പ്രസന്ന പിഷാരടി എന്നിവര്‍ സംസാരിച്ചു.
പുസ്തക പ്രകാശനത്തിനു ശേഷം പുസ്തകത്തിലെ ആദ്യ വരികളില്‍ക്കൂടി കടന്നു പോയി പുസ്തകത്തിന്റെയും കൊച്ചു എഴുത്തുകാരന്റെയും ഭാവനയുടെ ലോകം സുധാകരൻ രാമന്തളി തുറന്നുകാട്ടി . ഔസ്റ്റിന്റെ എഴുത്തിന് പിന്തുണയുമായി അച്ഛന് അജിത്ത് വര്‍ഗീസും അമ്മ ഷൈനി അജിത്തും കൂടെയുണ്ട്. ഗ്രാന്റ്മാ ആന്‍ഡ് ഓസ്റ്റിന്‍സ് പ്ലാന്റ് കിംഗ്ഡം, ഓസ്റ്റിന്‍സ് ഡൈനോ വേള്‍ഡ് എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റ് കൃതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.