ബംഗളൂരു: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴയിൽ ഏറെ ആശ്വാസം കൊണ്ട് ബന്ദിപ്പൂർ, നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ. വേനൽ കനത്തതോടെ മരങ്ങളുണങ്ങിയതും ഉഷ്ണതരംഗവും വനത്തിൽ കാട്ടുതീ ഭീഷണിയുയർത്തിയിരുന്നു.
ഇത്തവണത്തേത് ഇതുവരെയുണ്ടായിരുന്നതിൽ ഏറ്റവും കടുത്ത വേനലാണെങ്കിലും വലിയ അപകടങ്ങളൊന്നും കാട്ടുതീ മൂലം ഇപ്രാവശ്യം ഉണ്ടായിട്ടില്ലെന്ന് പ്രൊജക്ട് ടൈഗർ ഫോറസ്റ്റ് കൺസർവേറ്റർ രമേശ് കുമാർ പറഞ്ഞു. ബന്ദിപ്പൂരിലെ കുന്ദുക്കെരെ ഒഴികെയുള്ള എല്ലാ റേഞ്ചുകളിലും നല്ല മഴ ലഭിച്ചിട്ടുണ്ടെന്നും ഇത് കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത 90 ശതമാനവും ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും കാട്ടുതീ ഉണ്ടാവുകയാണെങ്കിൽ സ്ഥിരം ജീവനക്കാരെ സഹായിക്കുന്നതിനായി സമീപ ഗ്രാമങ്ങളിൽ നിന്നും ട്രൈബൽ കോളനികളിൽ നിന്നും നിയമിച്ച താൽക്കാലിക വാച്ചർമാർ ബന്ദിപ്പൂരിൽ കൂടുതൽ മഴ ലഭിക്കുന്നത് വരെ തുടരും.
എല്ലാ വർഷവും 500ഓളം താൽക്കാലിക വാച്ചർമാരെയാണ് വേനൽക്കാലങ്ങളിൽ നിയമിക്കാറുള്ളത്. ജനുവരി രണ്ടാം വാരം മുതൽ ഏപ്രിൽ അവസാനം വേനൽ മഴ ലഭിക്കുന്നത് വരെയാണ് ഇവരുടെ സേവനമുണ്ടാവുക. ഈ വർഷം ചൂട് വർധിച്ചത് മാത്രമല്ല മഴയും വൈകിയതുകൊണ്ട് താൽക്കാലിക വാച്ചർമാരെ ആരെയും പിരിച്ചുവിട്ടിട്ടില്ല. അതേസമയം ബന്ദിപ്പൂർ ടൈഗർ റിസർവിനോട് ചേർന്ന് കിടക്കുന്ന നാഗർഹോളെയിൽ എല്ലായിടത്തും ആവശ്യത്തിന് മഴ ലഭിച്ചിട്ടുണ്ട്.
ഇതോടെ ഈ ഭാഗത്ത് കാട്ടുതീ ഭീഷണി ഏറെക്കുറെ ഒഴിവായി. അതുകൊണ്ട് നാഗർഹോളെ വനമേഖലയിലെ താൽക്കാലിക വാച്ചർമാരെയെല്ലാം പിൻവലിച്ചിട്ടുണ്ട്. ബന്ദിപ്പൂരിലും നാഗർഹോളെയിലും മിക്കവാറും വേനലുകളിലെല്ലാം കാട്ടുതീ വൻ നാശം വിതക്കാറാണ് പതിവ്.
ഇത്തവണ ചെറിയ ചില സംഭവങ്ങളൊഴിച്ചാൽ വലിയ രീതിയിലുള്ള കാട്ടുതീ മൂലം നാശനഷ്ടങ്ങളുണ്ടായിട്ടില്ല. കർണാടക സംസ്ഥാന പ്രകൃതിദുരന്ത നിരീക്ഷണ കേന്ദ്രം മൈസൂരു, മാണ്ഡ്യ, ചാമരാജ് നഗർ തുടങ്ങിയ മേഖലകളിൽ വരുംദിവസങ്ങളിലും മഴയുണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.