ബംഗളൂരു: സിറ്റിങ് എം.പിയും ബി.ജെ.പി നേതാവുമായ തേജസ്വി സൂര്യ ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗളൂരു മണ്ഡലം സ്ഥാനാർഥിയായി പത്രിക നൽകാൻ നടത്തിയ റാലിക്കുനേരെ ബാനർ പ്രദർശനം. വിദ്വേഷം അകറ്റി സ്നേഹം പകരാനുള്ള സന്ദേശം നൽകിയാണ് ഏതാനും സാമൂഹിക പ്രവർത്തകർ വ്യാഴാഴ്ച ബാനർ ഉയർത്തിയത്. ജയനഗറിലൂടെ റാലി കടന്നുപോയ വഴിയിലായിരുന്നു കൂറ്റൻ ബാനർ. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക്, പ്രതാപ് സിംഹ എം.പി തുടങ്ങിയ നേതാക്കൾ റാലിയുടെ മുൻനിരയിൽ ഉണ്ടായിരുന്നു.
രണ്ടു വനിതകൾ ഉൾപ്പെടെ ആറുപേർ ചേർന്ന് പിടിച്ച ബാനർ ഏറെ ജനശ്രദ്ധ നേടി. രാജ്യത്ത് വർധിച്ചുവരുന്ന വർഗീയതക്കെതിരായ പ്രതിഷേധ ഭാഗമായാണ് ബാനർ പ്രദർശിപ്പിച്ചതെന്ന് സംഘത്തിലെ വിനോദ് കുമാർ പറഞ്ഞു. നിരന്തരം വിദ്വേഷ പ്രസ്താവനകൾ നടത്തുന്ന തേജസ്വി സൂര്യയുടെ റാലിവേളയിൽ സ്നേഹസന്ദേശത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.