ബംഗളൂരു: കർണാടക ജമാഅത്തെ ഇസ്ലാമി നടത്തുന്ന ‘മാതൃകയായ പ്രവാചകൻ’ കാമ്പയിനിന്റെ ഭാഗമായി ശാന്തി പ്രകാശന പ്രസിദ്ധീകരിച്ച പ്രവാചകനെക്കുറിച്ചുള്ള എഴുത്തുകളുടെ സമാഹാരം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറി. സംസ്ഥാന സെക്രട്ടറി അക്ബറലി ഉഡുപ്പി കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി.
സമൂഹത്തിന്റെ നാനാതുറകളിലും സമാധാനത്തിന്റെയും ഐക്യത്തിന്റെയും പരസ്പര ധാരണയുടെയും സന്ദേശങ്ങൾ പ്രചരിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് കാമ്പയിനിന്റെ വിജയത്തിന് ആശംസ നേർന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ, ജമാഅത്ത് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും തന്റെ സന്തോഷം അറിയിക്കുകയും ചെയ്തതായി നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയോടൊപ്പം പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദ്, മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എൽ.കെ അതീഖ് അഹമ്മദ്, ജമാഅത്തെ ഇസ്ലാമി മീഡിയ സെക്രട്ടറി മുഹമ്മദ് ത്വൽഹ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
കഴിഞ്ഞ ഒരു ദശകമായി ജമാഅത്ത് കർണാടക വിഭാഗം കാമ്പയിൻ നടത്തിവരുന്നുണ്ട്. ഈ വർഷം പ്രവാചകന്റെ ജീവിതത്തിലെ അനുകമ്പ, സത്യസന്ധത, നീതി തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇത് വ്യക്തികളുടെ ദൈനംദിന ജീവിതത്തിൽ ഉൾക്കൊള്ളാൻ പ്രേരിപ്പിക്കുകയാണ് ‘മുഹമ്മദ്; മാതൃകയായ പ്രവാചകൻ’ എന്ന കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.