ബംഗളൂരു: സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകൂടം വിവിധ കമ്പനികൾക്ക് ദീർഘകാല പാട്ടത്തിന് നൽകിയ 7500 ഏക്കർ വനഭൂമി സർക്കാർ തിരിച്ചുപിടിക്കുമെന്ന് വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ഖാന്ദ്രെ മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വനമേഖല വികസിപ്പിച്ച് വന്യമൃഗങ്ങൾക്ക് സ്വൈരവിഹാരം ഒരുക്കാൻ സർക്കാറിന് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമാണ് ഭൂമി പിടിച്ചെടുക്കുന്നത്.
വനഭൂമി തിരിച്ചുപിടിക്കൽ യജ്ഞത്തിനായി പ്രത്യേക സംഘത്തെയും നിയമസെല്ലും രൂപവത്കരിച്ചു. നിലവിൽ വനം ചീഫ് പ്രിൻസിപ്പൽ കൺസർവേറ്ററായ ബി.പി. രവി ചാമരാജനഗർ മേഖല ചീഫ് കൺസർവേറ്ററായിരിക്കെ പാട്ടത്തുക അടക്കാത്തവർക്ക് എതിരെ നോട്ടീസ് അയച്ചിരുന്നു. ഏതാനും തോട്ടം ഉടമകൾ കോടതിയെ സമീപിക്കുകയാണ് ചെയ്തത്. കേസുകൾ ഇപ്പോഴും സ്പെഷ്യൽ ലീഗൽ സെൽ കൈകാര്യം ചെയ്യുകയാണ്.
കർണാടക വനത്തിൽ രണ്ട് ലക്ഷം ഏക്കർ കൈയേറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നാണ് കണക്ക്. ഇവ പിടിച്ചെടുക്കാനും നടപടി സ്വീകരിക്കും. കേരളത്തിൽനിന്നും തിരിച്ചും ബന്ദിപ്പൂർ വഴിയുള്ള യാത്രക്ക് രാത്രി ഒമ്പതു മുതൽ രാവിലെ ആറു വരെ ഏർപ്പെടുത്തിയ നിരോധനം തുടരുമെന്ന് മന്ത്രി അറിയിച്ചു. എന്നാൽ, ചികിത്സക്കും അടിയന്തര സ്വഭാവമുള്ള യാത്രക്കും ഇളവുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.