ബംഗളൂരു: ചരക്കുകൂലി വർധന ആവശ്യപ്പെട്ടുള്ള വാഹന ഉടമകളുടെ സമരംമൂലം വിവിധ ഭാഗങ്ങളിൽ പാൽ വിതരണം തടസ്സപ്പെട്ടു. ബാംഗ്ലൂർ മിൽക്ക് യൂനിയൻ ലിമിറ്റഡിന്റെ (ബമുൽ) കീഴിലുള്ള 250 പാൽ വാഹനങ്ങളിൽ 150ഓളമാണ് പണിമുടക്കുന്നത്.
ചരക്കുകൂലി വർധനയും മറ്റു സൗകര്യങ്ങളും ആവശ്യപ്പെട്ടാണ് സമരം.
സഞ്ചരിക്കുന്ന കിലോമീറ്ററുകൾ, കൊണ്ടുപോകുന്ന പാലിന്റെ അളവ് എന്നിവ അടിസ്ഥാനമാക്കി ഓരോ വാഹനത്തിനും 1500 മുതൽ 2000 രൂപ വരെയാണ് നൽകുന്നത്.
250 വാഹനങ്ങൾ 375 ട്രിപ്പുകളാണ് ദിവസം നടത്തുന്നത്. ബംഗളൂരു അർബൻ, റൂറൽ, രാമനഗരയിലെ ജില്ലകൾ എന്നിവിടങ്ങളിലെ പാൽ ഉൽപാദകരുടെ സഹകരണ സംഘങ്ങളാണ് ബമുലിലുള്ളത്. ദിവസം 13 ലക്ഷം ലിറ്ററാണ് ഇവർ ഉൽപാദിപ്പിക്കുന്നത്. നഗരത്തിലെ പാൽ ആവശ്യകതയുടെ 70 ശതമാനവും നൽകുന്നത് ഇവരാണ്.
250 റൂട്ടുകളിലെ 150 എണ്ണവും സമരംമൂലം നിലച്ചുവെന്ന് അസോസിയേഷൻ പ്രസിഡന്റ് എ. ഗോവിന്ദപ്പ പറഞ്ഞു. ചരക്കുകൂലിയിൽ 30 ശതമാനം വർധനയാണ് വാഹന ഉടമകൾ ആവശ്യപ്പെടുന്നത്. ഇന്ധന വിലവർധന, അറ്റകുറ്റപ്പണിയടക്കമുള്ള ചെലവുകൾ മൂലമാണ് വർധന ആവശ്യപ്പെടുന്നതെന്നും ഉടമകൾ പറയുന്നു. ബമുൽ പത്ത് ശതമാനം തുക കൂട്ടിയിരുന്നുവെങ്കിലും രണ്ടു മാസത്തിനു ശേഷം നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.