ബംഗളൂരു: ലോകത്ത് ഏറ്റവും ഇഴഞ്ഞ് ഡ്രൈവിങ് നടത്തേണ്ടിവരുന്ന രണ്ടാമത്തെ നഗരം ബംഗളൂരു.കൂടുതൽ സമയമെടുത്ത് വാഹനം ഓടിക്കേണ്ട നഗരങ്ങളിലാണ് ബംഗളൂരു രണ്ടാമതായത്. നഗരത്തിൽ വാഹനത്തിൽ 10 കിലോമീറ്റർ പിന്നിടാൻ 29 മിനിറ്റും 10 സെക്കൻഡുമാണ് വേണ്ടത്. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്, പരിപാടികൾ നടക്കുമ്പോഴുള്ള ഗതാഗതക്രമീകരണം തുടങ്ങിയവയാണ് കാരണങ്ങൾ.
ലൊക്കേഷൻ സാങ്കേതികവിദ്യ മേഖലയിലെ ഡച്ച് മൾട്ടിനാഷനൽ ഡെവലപ്പർ ആയ ‘ടോംടോം’ തയാറാക്കിയ ഗതാഗത സൂചികയാണിത്. വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ 56 രാജ്യങ്ങളിലെ 389 നഗരങ്ങളിലെ പുതിയ ഗതാഗതപ്രവണതകളുടെ വിശദാംശങ്ങളാണുള്ളത്. 2022ൽ ബംഗളൂരു നഗരത്തിൽ നടത്തിയ നിരീക്ഷണങ്ങളാണ് റിപ്പോർട്ടിന് ആധാരം.
ലണ്ടൻ ആണ് ഇഴച്ചിൽ ഡ്രൈവിങ്ങിൽ മുന്നിൽ. ലണ്ടൻ നഗരത്തിൽ 10 കിലോമീറ്റർ വാഹനമോടിക്കാൻ 36 മിനിറ്റും 20 സെക്കൻഡും. അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിൻ, ജപ്പാനിലെ പട്ടണമായ സപ്പോറോ, ഇറ്റലിയിലെ മിലാൻ എന്നിവയാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.ഇന്ത്യയിലെ പുണെ നഗരത്തിനാണ് ആറാം സ്ഥാനം. ഡൽഹിക്ക് 34ാം സ്ഥാനമാണുള്ളത്. മുംബൈക്ക് 47ാം സ്ഥാനം. ഇവിടെ 10 കിലോമീറ്റർ വാഹനമോടിക്കാൻ 21 മിനിറ്റാണ് വേണ്ടത്.ഗതാഗതത്തിനു വേണ്ടി സമയനഷ്ടം വരുന്ന നഗരങ്ങളിൽ ബംഗളൂരുവിന് നാലാംസ്ഥാനമാണ്. തിരക്കുള്ള സമയങ്ങളിൽ കാർബൺ പുക കൂടുതലായി പുറന്തള്ളുന്ന നഗരങ്ങളിൽ അഞ്ചാംസ്ഥാനവുമുണ്ട്.
ബംഗളൂരുവിൽ പെട്രോൾ കാറുകളുടെ വാർഷിക പുക പുറന്തള്ളലിന്റെ അളവ് 974 കിലോ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ബംഗളൂരുവിൽ സാധാരണ നിലയിലുള്ള ഗതാഗതക്കുരുക്കിന് പുറമേയാണ് വിവിധ പരിപാടികൾ നടക്കുമ്പോഴുള്ള ക്രമീകരണം മൂലമുള്ള കുരുക്ക്. നിലവിൽ എയ്റോ ഷോ നടക്കുന്നതുമൂലം എയർപോർട്ട് റോഡിലടക്കം വാഹനങ്ങളുടെ നീണ്ടനിര കാണാം. പ്രമുഖരുടെ സന്ദർശനസമയത്ത് ഏർപ്പെടുത്തുന്ന ഗതാഗതക്രമീകരണവും കുരുക്ക് രൂക്ഷമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.