ബംഗളൂരു: പാമ്പ് കടിയേൽക്കുന്നവർക്ക് ആന്റിവെനം കുത്തിവെപ്പ് യഥാസമയം ലഭ്യമാക്കാൻ സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ല ആശുപത്രികളിലും വിഷ ചികിത്സ ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് നടപടി. ഇവക്കു പുറമെ, തെരഞ്ഞെടുക്കപ്പെട്ട സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും വിഷ ചികിത്സ സംവിധാനമൊരുക്കും.
പാമ്പ് കടിയേറ്റവരെ പെട്ടെന്ന് സമീപത്തെ ചികിത്സാ കേന്ദ്രത്തിലെത്തിക്കാൻ ആശ വർക്കർമാർക്ക് പരിശീലനം നൽകും. സ്പെഷലിസ്റ്റ്സ്, മെഡിക്കൽ ഓഫിസർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഇതുസംബന്ധിച്ച് പ്രത്യേക പരിശീലനം സംഘടിപ്പിക്കാൻ ജില്ല ഹെൽത്ത് ഓഫിസർമാർ, ജില്ല സർവൈലൻസ് ഓഫിസർമാർ, താലൂക്ക് ഹെൽത്ത് ഓഫിസർമാർ എന്നിവർക്ക് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
മൈസൂരു ജില്ലയിൽ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കു പുറമെ, ടി. നരസിപൂർ, നഞ്ചൻഗുഡ്, എച്ച്.ഡി കോട്ടെ, ഹുൻസൂർ, പെരിയപട്ടണ, കെ.ആർ നഗർ എന്നീ താലൂക്ക് ആശുപത്രികളിലും ബന്നൂർ, തലക്കാട്, ജയപുര, ജയനഗർ, സാലിഗ്രാമ, ഹുല്ലഹള്ളി, തഗദൂർ, സരഗൂർ, മുഗൂർ എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും വിഷ ചികിത്സ സൗകര്യമൊരുക്കുമെന്ന് ജില്ല ആരോഗ്യവകുപ്പ് അറിയിച്ചു.
മൈസൂരു ജില്ലയിൽ മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം പാമ്പുകടി കേസുകൾ വർധിച്ചിരുന്നു. 2022 ജനുവരിമുതൽ ഡിസംബർവരെയുള്ള കാലയളവിൽ 183 പേർക്കാണ് പാമ്പിന്റെ കടിയേറ്റത്. ഇതിൽ മൂന്നു കേസുകൾ മൈസൂരു നഗരത്തിലാണ്. മൈസൂരു റൂറൽ എട്ട്, ടി. നരസിപൂർ- 43, നഞ്ചൻഗുഡ് -19, എച്ച്.ഡി കോട്ടെ -22, ഹുൻസൂർ -28, പെരിയപട്ടണ -27, കെ.ആർ നഗർ -33 എന്നിങ്ങനെയാണ് മറ്റു മേഖലകളിൽ 2022ൽ പാമ്പു കടിയേറ്റവരുടെ കണക്ക്.
2023 ജനുവരിമുതൽ ഡിസംബർവരെ 206 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൈസൂരു നഗരത്തിൽമാത്രം ഒമ്പത് കേസുകളാണ് രേഖപ്പെടുത്തിയത്. മൈസൂരു റൂറൽ- 13, ടി. നരസിപൂർ- 35, നഞ്ചൻഗുഡ്- 23, എച്ച്.ഡി കോട്ടെ- 38, ഹുൻസൂർ - 32, പെരിയപട്ടണ- 29, കെ.ആർ നഗർ- 27 എന്നിങ്ങനെയാണ് 2023ൽ രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 32 പാമ്പുകടി കേസുകളും മൈസൂരു ജില്ലയിൽ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.