1. സ്വിഫ്റ്റ് ബസിന്‍റെ ചില്ല് തകർത്ത നിലയിൽ 2. അക്രമി
ബംഗളൂരു: കേരള ആർ.ടി.സി.യുടെ സ്വിഫ്റ്റ് വോൾവോ എ.സി സ്ലീപ്പർ ഗജരാജ ബസിന് നേരെ ബംഗളൂരുവിൽ അക്രമം. സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബംഗളൂരു-തിരുവനന്തപുരം ബസിന് നേരെ വെള്ളിയാഴ്ച രാത്രി 8.45 ഓടെയാണ് അക്രമം. ആക്രമണത്തിൽ ബസിലെ യാത്രക്കാർക്ക് പരിക്കില്ല.
സിൽക്ക് ബോർഡ്- ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ ബസിനെ പിന്തുടർന്നയാൾ ഇലക്ട്രോണിക് സിറ്റി ടോൾബൂത്തിന് സമീപം യാത്രക്കാരെ കയറ്റുന്നതിനിടെ ബസിന്‍റെ മുൻവശത്തെ ചില്ല് അടിച്ചു തകർത്തു. വൈപ്പർ ഊരിയെടുത്ത ശേഷമായിരുന്നു ചില്ലും രണ്ടു ഹെഡ്ലൈറ്റും തകർത്തത്. ആക്രമണത്തിന്‍റെ വിഡിയോ ബസ് ജീവനക്കാർ ചിത്രീകരിക്കുന്നത് കണ്ട അക്രമി സ്കൂട്ടറിന്റെ പിൻഭാഗത്തെ നമ്പർപ്ലേറ്റ് നീക്കിയ ശേഷമാണ് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്.
വെള്ളിയാഴ്ചയായതിനാൽ വാരാന്ത അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവരടക്കം നിറയെ യാത്രക്കാരുണ്ടായിരുന്നു. അക്രമത്തെ തുടർന്ന് ബസ് ഇലക്ട്രോണിക് സിറ്റിക്ക് സമീപം നിർത്തിയിട്ടു. ബസ് ജീവനക്കാർ പരപ്പന അഗ്രഹാര പൊലീസിൽ പരാതി നൽകി. രാത്രി 11 ആയിട്ടും ബസ് പുറപ്പെടുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പകരം ബസ് ഏർപ്പാടാക്കാൻ കഴിഞ്ഞില്ലെങ്കിൽ അതേ ബസിൽ യാത്ര തുടരേണ്ടി വരുമെന്ന് ജീവനക്കാർ അറിയിച്ചു.
രാത്രി ഏഴിന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ്സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസാണിത്. ടോൾബൂത്തിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങളിൽ നിന്ന് അക്രമി സഞ്ചരിച്ച സ്കൂട്ടറിന്റെ വിവരം ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബംഗളൂരു- മൈസൂരു റോഡിലും മുമ്പ് സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.