ബംഗളൂരു: കുടകിലെ സ്വകാര്യ തോട്ടത്തിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. പൊന്നംപേട്ട് ശ്രീമംഗലയിലെ കുട്ട വില്ലേജിലൂടെ കടന്നുപോകുന്ന 11 കെ.വി വൈദ്യുതി ലൈനിൽ തട്ടിയാണ് ആനക്ക് ഷോക്കേറ്റത്. ചെരിഞ്ഞ ആനക്ക് 40നും 45നും ഇടയിൽ പ്രായം വരും. കുട്ട കാളി ക്ഷേത്രത്തിനുസമീപം പ്രവർധൻ പൂജാരി എന്നയാളുടെ തോട്ടത്തിലാണ് സംഭവം.
ഈ മേഖലയിൽ 11 കെ.വി വൈദ്യുതി ലൈൻ ഏറെ താഴ്ന്നാണ് കടന്നുപോകുന്നത്. തോട്ടത്തിൽ കടന്ന ആന മരക്കൊമ്പ് ഒടിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയതോടെ ഷോക്കേൽക്കുകയായിരുന്നെന്നാണ് കരുതുന്നത്. വനംവകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ഒരു വൈദ്യുതിത്തൂണിൽനിന്ന് അടുത്ത തൂണിലേക്ക് 300 മീറ്റർ ദൂരം വരുന്നുണ്ടെന്നും ഇതിനാലാണ് ലൈൻ താഴ്ന്നുകിടക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ബി.എം. ശരണ ബസപ്പ സംഭവസ്ഥലം സന്ദർശിച്ചു. ദുബാരെ ആന ക്യാമ്പിൽനിന്നുള്ള വെറ്ററിനറി സർജൻ ഡോ. ബി.ടി. ചിത്തിയപ്പ പോസ്റ്റ്മോർട്ടം നടപടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.