ജയസൂര്യ നായകനായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ 'തൃശ്ശൂര്‍പൂര'ത്തിന്‍റെ വിശേഷങ്ങൾ സംവിധായകൻ രാജേഷ് മോഹനൻ 'മാധ്യമം' ഒാൺലൈനുമായി പങ്കുവെക്കുന്നു...
പ്രതീക്ഷകൾ നിലനിർത്തിയ തൃശ്ശൂർപൂരം?
വാസ്തവത്തിൽ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള/പ്രതീക്ഷക്കും മുകളിലുള്ള പ്രേക്ഷക പ്രതികരണമാണ് ഈ സിനിമക്ക് ലഭിച്ചത്. എല്ലായിടത്തും സിനിമ ഹൗസ്ഫുൾ ആയിരുന്നു ഇന്നലെ. പടം ഹിറ്റ് ആണെന്ന രീതിയിലാണ് റിപ്പോർട്ട്. എല്ലാവർക്കും പടം ഇഷ്ടപ്പെടുന്നു എന്നതിൽ ഒരുപാട് സന്തോഷം.
ജയസൂര്യക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്‍റെ നാലാമത്തെ ചിത്രമാണല്ലോ തൃശ്ശൂർപൂരം?
അതേ. ജയസൂര്യയും വിജയ് ബാബുവും ഫ്രൈഡേ ഫിലിം ഹൗസിലൂടെ വീണ്ടും കൈകോര്‍ക്കുന്ന പുതിയ ചിത്രം കൂടിയാണ് തൃശ്ശൂര്‍ പൂരം. ഒരു നടൻ സിനിമ എഗ്രിമെന്‍റ് ചെയ്യുമ്പോൾ കൂടിയാണ് ഒരു സിനിമ ഉണ്ടാകുന്നത്. ഈ കഥ കേട്ട് ജയസൂര്യക്ക് ഇഷ്ടപ്പെട്ടു. ജയസൂര്യയുടെ ബെസ്റ്റ് ഫ്രണ്ട് ആണ് വിജയ് ബാബു. എന്‍റെയും വളരെ അടുത്ത സുഹൃത്താണ്. എന്‍റെ ആദ്യ പടമായ എസ്കേപ്പ് ഫ്രം ഉഗാണ്ടയിലെ നായകൻ കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ തീർച്ചയായിട്ടും ഞങ്ങൾക്ക് രണ്ടു പേർക്കും കംഫർട്ടബിൾ ആയിട്ടുള്ള ആളായിരുന്നു വിജയ് ബാബു. അങ്ങനെയാണ് വിജയ് ബാബുവിലേക്ക് എത്തുന്നത്. വിജയ് കഥ കേട്ട് ചെയ്യാം എന്നേൽക്കുക ആയിരുന്നു.
തൃശ്ശൂർപൂരമില്ലാത്ത തൃശ്ശൂർപൂരം?
ഈ സിനിമയിൽ തൃശൂർപൂരം കാണിക്കുന്നില്ല. ഈ പടം ആദ്യം രതീഷ് വേഗ എഴുതുന്ന സമയത്തു ഇതിന്‍റെ ഓരോ സീക്വൻസസും തൃശ്ശൂർപൂരത്തിന്‍റെ ഓരോ എപ്പിസോഡ് ആയിട്ടാണ് നമ്മൾ ചെയ്തിരുന്നത്. അതായത്, പടം തുടങ്ങുമ്പോൾ കൊടിയേറ്റം, പിന്നീട് ഇലഞ്ഞിത്തറമേളം അതുകഴിഞ്ഞു മഠത്തിൽ വരവ്, വെടിക്കെട്ട് എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ ആണ് സിനിമ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത്. ആ വിധത്തിൽ ആണ് ആദ്യം തിരക്കഥയും തയ്യാറാക്കിയത്. അങ്ങനെ തൃശൂർ പൂരം എന്ന പേര് വെക്കാം എന്നും തീരുമാനിച്ചു. പിന്നീട് ഞങ്ങൾക്ക് തോന്നി അങ്ങനെ കാണിച്ചാൽ ആളുകളുടെ ആസ്വാദനത്തെ ബാധിക്കുമെന്ന്. ആ കാരണത്താൽ പൂരം ഭാഗങ്ങൾ ഒഴിവാക്കാമെന്ന് തീരുമാനിച്ചു. അപ്പോഴും ആ പേര് ഞങ്ങൾ ടൈറ്റിലായി നിലനിർത്തി.
ജയസൂര്യയുടെ ഡെഡിക്കേഷൻ?
അദ്ദേഹം 100 ശതമാനം ഡെഡിക്കേറ്റ് ആണെന്ന് ഈ സിനിമ കാണുമ്പോൾ മനസിലാകും. ഇത്രയും ഡെഡിക്കേറ്റഡ് ആയ ഒരു നടന്‍റെ കൂടെ ഞാൻ മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആ സിനിമ കാണുന്ന ആർക്കും ആദ്യം മനസിലാക്കുന്നതും അദ്ദേഹത്തിന്‍റെ ഡെഡിക്കേഷൻ ആണ്.
എന്തുകൊണ്ട് നായികയായി സ്വാതി റെഡ്ഡി?
ഈ സിനിമയിൽ സ്വാതി ചെയ്യുന്നത് ഒരു തമിഴ് കഥാപാത്രമാണ്. നമ്മൾ ഒരു മലയാളിയെ പിടിച്ച് തമിഴ് കഥാപാത്രം ആക്കണ്ടല്ലോ എന്നു കരുതിയാണ് സ്വാതിയിലേക്ക് പോയത്. അവർക്ക് തമിഴ് നന്നായി അറിയാം. വളരെ കുറച്ചു സ്‌ക്രീൻ സ്‌പെയ്‌സ് ഉള്ളൂ ഈ നായികക്ക്. പക്ഷെ നായികക്ക് വലിയ പ്രാധാന്യമുണ്ട്. അങ്ങനെ ഒരു ചർച്ച വന്നപ്പോൾ ആണ് സ്വാതിയിൽ എത്തുന്നത്.
സിനിമയിൽ കഥാപാത്രമായി ജയസൂര്യയുടെ മകൻ അദ്വൈതും?
ജയസൂര്യ ചെയുന്ന കഥാപാത്രത്തിന്‍റെ കുട്ടിക്കാലം ആയിട്ടാണ് അദ്വൈത് വരുന്നത്. അവൻ പൊളിയാണ്. ഒരു രക്ഷയുമില്ലാത്ത പയ്യനാണ്. അതായത് അവനെ തന്നെ കാസ്റ്റ് ചെയ്യണമെന്ന ധാരണയൊന്നും ഇല്ലായിരുന്നു. ഞാനീ കഥ പറയുമ്പോൾ കൂടെ ആദിയുമുണ്ടായിരുന്നു. കഥ കേട്ട് അവൻ ആകെ എക്സൈറ്റഡ് ആയി. ഈ കുട്ടിയുടെ കഥാപാത്രം ആരു ചെയ്യുജമെന്ന് അത്രയും എക്സൈറ്റഡ് ആയാണ് അവൻ ചോദിച്ചത്. അപ്പോ ഞാൻ പറഞ്ഞു നീ ചെയ്ത് നോക്ക് എന്ന്. അവൻ ആവേശത്തോടെ ആണ് അതിലേക്ക് വരുന്നത്.
കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീത സംവിധായകനായ രതീഷ് വേഗ?
2014ൽ ആണ് ഞാൻ ഈ കഥ കേൾക്കുന്നത്. അന്ന് ഇത് സിനിമയായി ചെയ്യാമെന്ന് തീരുമാനിച്ചതിന് ശേഷമാണ് ഞാൻ സാൾട്ട് മാംഗോ ട്രീ ചെയുന്നത്. അതിന് ശേഷം രതീഷും തിരക്കായി. പിന്നീട് വീണ്ടും ചർച്ച വന്നപ്പോ ഞാൻ ചെയ്യാമെന്ന് തീരുമാനിച്ചു.
തിരുവനന്തപുരം കാരനായ താങ്കൾ തൃശൂരിനെ അടിസ്ഥാനമാക്കി സിനിമ ചെയുന്നു?
ഞാൻ മാത്രമേ തിരുവനന്തപുരം ആയിട്ടുള്ളു. എഴുത്തുകാരൻ തൃശ്ശൂർകാരനാണ്. അയാൾ ലൊക്കേഷൻ കാണിക്കാൻ പോകുമ്പോഴെല്ലാം ഞാൻ അത്ഭുതപ്പെട്ടു. ആൾക്ക് അവിടെ മൊത്തം അറിയാം. പിന്നെ ഈ സിനിമയിൽ വലിയ വെല്ലുവിളി തൃശ്ശൂരിലെ ആൾത്തിരക്കുകളുള്ള ഇടങ്ങളിൽവെച്ചുള്ള ആക്ഷൻ രംഗങ്ങൾ എടുക്കുക എന്നതായിരുന്നു. ആ വെല്ലുവിളി ഞങ്ങളങ്ങ് ഏറ്റെടുത്തു.
ഛായാഗ്രഹകനായ ആർ.ഡി രാജശേഖരൻ?
കാക്ക കാക്ക, ഗജിനി, ഇരുമുഖൻ, ഇമൈയ്ക്ക നൊടികൾ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ കാമറ ചെയ്ത ആർ.ഡി. രാജശേഖർ ആണ് ഇതിലും ഛായാഗ്രാഹകൻ. എനിക്ക് ആളുടെ വർക്ക് വളരെ ഇഷ്ടമാണ്. ഇമൈക്ക നൊടികൾ എന്ന സിനിമ കണ്ടപ്പോൾ തന്നെ ഞാൻ രാജശേഖറിനെ വിളിച്ച് ഇതിൽ വർക്ക് ചെയ്യണമെന്ന് പറഞ്ഞു. അപ്പോ തൃശ്ശൂർപൂരത്തിൽ അതിനുള്ള അവസരം വന്നപ്പോൾ അദ്ദേഹത്തെ വിളിച്ചു. അങ്ങനെ ഈ സിനിമയിൽ അദ്ദേഹവുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.