ന്യൂഡൽഹി: വിവാദ ബോളിവുഡ് സിനിമ ‘പത്മാവതി’യുടെ റിലീസിങ് തടയണമെന്നാവശ്യപ്പെടുന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി. സിനിമ ചരിത്രത്തെ വളെച്ചാടിക്കുന്നതാണോ എന്ന് പരിശോധിക്കാൻ കമ്മിറ്റിയെ നിയമിക്കണമെന്നായിരുന്നു അഖണ്ഡ് രാഷ്ട്രവാദി പാർട്ടി എന്ന സംഘടന നൽകിയ ഹരജിയിലെ ആവശ്യം.
ഹരജിക്കെതിരെ കോടതി കടുത്ത വിമർശനമാണ് നടത്തിയത്. ‘‘നിങ്ങൾ സിനിമ കണ്ടിട്ടുണ്ടോ? തിയറ്ററുകൾ കത്തിക്കുന്നവർ സിനിമ കണ്ടിട്ടുണ്ടോ? ഇവരെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം ഹരജികൾ’’- ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരടങ്ങുന്ന െബഞ്ച് ചൂണ്ടിക്കാട്ടി. സംഘടനക്ക് സെൻസർബോർഡിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
സിനിമ സെൻസർബോർഡിെൻറ പരിഗണനയിലാണെന്നും സമാന ആവശ്യമുന്നയിച്ചുള്ള ഹരജി സുപ്രീംകോടതി തള്ളിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. ‘പത്മാവതി’യുമായി ബന്ധപ്പെട്ട സെൻസർബോർഡ് തീരുമാനം വൈകുന്നതിനാൽ നേരേത്ത നിശ്ചയിച്ച ഡിസംബർ ഒന്നിന് റിലീസിങ് ഉണ്ടാകില്ലെന്നാണ് സൂചന.
ബ്രിട്ടീഷ് ബോർഡ് ഒാഫ് ഫിലിം സർട്ടിഫിക്കേഷൻ സിനിമക്ക് യു.കെയിൽ പ്രദർശനാനുമതി നൽകിയിട്ടുണ്ട്. ഇതിനെതിരെ ബ്രിട്ടനിലെ രജപുത്ര ഗ്രൂപ്പുകൾ രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യൻ സെൻസർബോർഡ് തീരുമാനമെടുക്കുംമുമ്പ് ബ്രിട്ടൻ പ്രദർശനാനുമതി നൽകിയത് ഉചിതമല്ലെന്നാണ് ഇവരുടെ വാദം. സിനിമ വിദേശത്ത് റിലീസ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹരജി 28ന് സുപ്രീംകോടതി പരിഗണിക്കും. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ സിനിമ നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.