എന്‍െറ നാടായ മൂലമറ്റം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കൂടുതലുള്ള പ്രദേശമായിരുന്നു. ചുറ്റുഭാഗവും മുസ്ലിംകള്‍ തീരെ ഇല്ലായിരുന്നു. അതിനാല്‍ കുട്ടിക്കാലത്ത് റമദാനിലെ നോമ്പനുഭവമോ പെരുന്നാള്‍ അനുഭവമോ ഒന്നും എനിക്കുണ്ടായിട്ടില്ല. സ്കൂളില്‍ പഠിക്കുമ്പോള്‍ മുസ്ലിം സഹപാഠികള്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ വീട്ടില്‍ നോമ്പുതുറക്ക് പോകാനോ പെരുന്നാള്‍ കൂടാനോ ഒന്നും അവസരവും ലഭിച്ചിട്ടില്ല. സ്കൂളില്‍ പഠിക്കുന്ന കാലത്ത് അന്‍ഷ എന്ന് പേരുള്ള സഹപാഠിയുണ്ടായിരുന്നു. അവന്‍ നോമ്പിനെക്കുറിച്ചും പെരുന്നാളിനെക്കുറിച്ചും ഒക്കെ ധാരാളം സംസാരിക്കുമായിരുന്നു.
ആദ്യമായി ഒരു പെരുന്നാള്‍കാല അനുഭവം എനിക്ക് സമ്മാനിച്ചത് ‘ദൈവത്തിന്‍െറ സ്വന്തം ക്ളീറ്റസ്’ എന്ന ചിത്രത്തിന്‍െറ സെറ്റാണ്. അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അത്. മമ്മൂക്ക പറഞ്ഞിട്ടാണെന്ന് തോന്നുന്നു ഷൂട്ടിങ് സ്ഥലത്ത് തരിക്കഞ്ഞിയുണ്ടാക്കി. പെരുന്നാള്‍ ദിനത്തോടടുത്താണ് അത്. നോമ്പുതുറ സമയത്ത് സെറ്റിലെ എല്ലാവര്‍ക്കും തരിക്കഞ്ഞി നല്‍കി. ഞാനും കുടിച്ചു. അന്നാദ്യമായാണ് പ്രത്യേക നോമ്പു വിഭവങ്ങളിലൊന്ന് കഴിക്കുന്നത്. ആ തരിക്കഞ്ഞിയുടെ സ്വാദ് ഇന്നും നാവിലുണ്ട്. തെസ്നിഖാനുമുണ്ടായിരുന്നു സെറ്റില്‍. അവരൊക്കെ മമ്മൂക്ക ഭയങ്കര സ്ട്രിക്റ്റാണെന്ന് പറഞ്ഞ് കൃത്യമായി നോമ്പെടുക്കുമായിരുന്നു.
ഇറച്ചിപ്പത്തിരി പോലുള്ള പെരുന്നാള്‍/നോമ്പ് വിഭവങ്ങളില്‍ ചിലതൊക്കെ അറിയാം. പലതും ആഗ്രഹംകൊണ്ട് കടയില്‍നിന്ന് വാങ്ങിക്കഴിച്ചിട്ടുണ്ട്. ഇപ്പോള്‍ പഠിക്കുന്ന ആലുവ സെന്‍റ് സേവ്യേഴ്സ് കോളജില്‍ ഹമീമ, ഹാദിയ എന്നീ രണ്ട് കൂട്ടുകാരികളുണ്ട്. അവര്‍ നോമ്പെടുക്കാറുണ്ട്. ഒരുപാട് പെരുന്നാള്‍ കഥകളും അവര്‍ പറഞ്ഞുതരാറുണ്ട്. ഭക്ഷണം കഴിക്കാതെ എങ്ങനെ ഇത്ര സമയം കഴിച്ചുകൂട്ടുമെന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എന്‍െറ ധാരണ രാവിലെതന്നെ വിഭവങ്ങളുണ്ടാക്കി തുടങ്ങുമെന്നായിരുന്നു. എന്നാല്‍ അവര്‍ പറഞ്ഞുതന്നു, വൈകുന്നേരമേ വിഭവങ്ങളൊരുക്കൂ എന്ന്. എന്തായാലും ഇഫ്താര്‍ മീറ്റിനോ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കോ ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചാല്‍ തീര്‍ച്ചയായും പോകും. ഓര്‍മയിലുള്ളത് അന്ന് മമ്മൂക്കയുടെകൂടെ സെറ്റിലുണ്ടായ അനുഭവം മാത്രം...
തയാറാക്കിയത്: സിദ്ദീഖ് പെരിന്തല്‍മണ്ണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.