മുംബൈ: "നോക്കൂ, അമ്മ വന്നിട്ടുണ്ട്. എൻെറ അരികിൽ ഇരിക്കുകയാണ്. എന്നെ കൊണ്ടുപോകാനാണ് അമ്മ വന്നിരിക്കുന്നത്"- മരി ക്കുന്നതിന് മുമ്പ് നടൻ ഇർഫാൻ ഖാൻ പറഞ്ഞ വാക്കുകളാണിത്. താനേറെ ഇഷ്ടപെട്ടിരുന്ന മാതാവ് മരിച്ചപ്പോൾ അവസാനമായി ഒരു നോക്ക് നേരിൽ കാണാൻ കഴിയാതിരുന്ന വേദനയിലാണ് ഇർഫാൻ ഖാൻ യാത്രയായത്. അതിന് തൊട്ടുമുമ്പ് അദ്ദേഹം പറഞ്ഞതും മാതാവിനെ കുറിച്ച് ആയിരുന്നെന്ന് കുടുംബവൃത്തങ്ങൾ പറയുന്നു.
തന്നെ കൊണ്ടുപോകാനായി അമ്മ വന്നിരിക്കുന്നെന്ന അദ്ദേഹത്തിൻെറ അവസാന വാക്കുകൾ ഏറെ വേദനയോടെയാണ് വീട്ടുകാർ ദേശീയ മാധ്യമങ്ങളുമായി പങ്കുവെച്ചത്. ഇർഫാൻ ഖാൻെറ മാതാവ് സഈദ ബീഗം (95) ശനിയാഴ്ചയാണ് ജയ്പൂരിൽ മരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ഏറെ നാളായി കിടപ്പിലായിരുന്നു അവർ. മാതാവ് മരിക്കുമ്പോൾ മുംബൈയിലായിരുന്ന ഇർഫാൻ ഖാന് ലോക്ഡൗൺ കാരണം ജയ്പൂരിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിൻെറ ആരോഗ്യനിലയും അപ്പോൾ മോശമായിരുന്നു.
ജയ്പൂരിലെ ബെനിവൽ കാന്ത കൃഷ്ണ കോളനിയിലെ വസതിയിൽ നിന്ന് ചുങ്കി നാകയിലെ ഖബർസ്ഥാനിലേക്കുള്ള സഈദ ബീഗത്തിൻെറ അന്ത്യയാത്രയും ഖബറടക്കവുമെല്ലാം വിഡിയോ കോൾ വഴിയാണ് ഇർഫാൻ ഖാൻ വീക്ഷിച്ചത്. അവസാനമായി ഒരു നോക്ക് നേരിൽ കാണാൻ കഴിയാത്ത വിഷമത്തിൽ വിതുമ്പി കരഞ്ഞ് കൊണ്ടാണ് ഇർഫാൻ മാതാവിൻെറ അന്ത്യകർമങ്ങൾ കണ്ടതെന്നും കുടുംബവൃത്തങ്ങൾ വ്യക്തമാക്കി.
സ്വാതന്ത്യലബ്ധിക്ക് മുമ്പുള്ള കാലഘട്ടത്തിൽ രാജസ്ഥാനിലെ ഏക മുസ്ലിം പ്രദേശമായിരുന്ന ടോങ്കിലെ നവാബ് കുടുംബത്തിലെ അംഗമായിരുന്നു കവയത്രി കൂടിയായിരുന്ന സഈദ ബീഗം. അഭിനയരംഗത്തെ ആദ്യകാലത്തെ ചെറുത്തുനിൽപ്പിന് മാതാവ് നൽകിയ പിന്തുണ ഏറെ വിലപ്പെട്ടതാണെന്ന് എപ്പോഴും അനുസ്മരിക്കുമായിരുന്നു ഇർഫാൻ ഖാൻ.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.