ആക്ഷന്‍ ഹീറോ വിദ്യുത് ജാംവല്‍ നായകനായ ബോളീവുഡ് ചിത്രം ‘കമാന്‍ഡൊ ത്രീ’ ബോക്സ് ഓഫീസില്‍ വിജയം കൊയ്യുമ്പൊള്‍, അത് മൂന്ന് പേരുടെ തിളക്കത്തിന് മാറ്റുകൂട്ടുകയാണ്. ആ വിജയം ‘രചിച്ച’ കോഴിക്കോട്ടുകാരന്‍ ഡാരിസ് യാര്‍മിലും തിളക്കത്തിലാണ്. ഡയറക്ടേഴ്സ് അസിസ്റ്റൻറായും തിരകഥ രചനയില്‍ ഹബീബ് ഫൈസലിന്‍റെ പങ്കാളിയായും നിന്ന ശേഷം സ്വന്തമായി തിരകഥ രചിച്ച് ഡാരിസ് യാര്‍മില്‍ ബോളീവുഡില്‍ സ്വയം രേഖപെടുത്തി.
ഡ്യൂപ്പുകളില്ലാതെ സാഹസിക അഭ്യാസങ്ങള്‍ നടത്തുന്ന ആക്ഷന്‍ ഹീറോ വിദ്യുതിന് ബോക്സ് ഓഫീസ് വിജയം നേടികൊടുക്കുകയാണ് ‘കമാന്‍ഡൊ ത്രീ’. ‘നമസ്തെ ഇംഗ്ളണ്ടി’ ലെ മങ്ങലിന് ശേഷം നിര്‍മാതാവ് വിപുല്‍ ഷാക്കും ചിത്രം കരുത്തുപകരുന്നു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്കുള്ള സംവിധായകന്‍ ആദിത്യ ദത്തിന്‍റെ മികച്ച തിരിച്ചുവരവിനുമാണ് ഡാരിസിന്‍റെ തിരകഥ വഴിയെരുക്കിയത്.
എന്നാല്‍, ഡാരിസ് യാര്‍മില്‍ ആദ്യമെഴുതിയ തിരകഥ ‘കമാന്‍ഡൊ ത്രീ’യല്ല. ആ ആദ്യ തിരകഥ ഏത് സമയത്തും സിനിമയാകും വിധം വിപുല്‍ ഷായുടെ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍റെ കൈവശമുണ്ട്. ‘കമന്‍ഡൊ വണ്ണി’ന്‍റെയും ‘കമാന്‍ഡൊ ട്ടു’ വിന്‍റെയും മങ്ങിയ പ്രകടനങ്ങള്‍ക്ക് ശേഷം ഒന്നുശിര് കൂട്ടാന്‍ ‘കമാന്‍ഡൊ ത്രീ’ക്ക് വേണ്ടി വിപുല്‍ ഷാ പുതുമുഖ രചയിതാവായ ഡാരിസിനെ ചുമതലപെടുത്തുകയായിരുന്നു. അത് ഡാരിസ് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.
അകാദമിക് മികവുകളെ ഒരരികിലേക്ക് മാറ്റിവെച്ച് സിനമാ സ്വപ്നങ്ങളുമായി മഹാനഗരത്തിൽ എത്തിയതാണ് പടനിലം ‘ഇഖ്ലാസ്’ ഹൗസിലെ ഡാരിസ്. പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞുള്ള അവധിക്കാല ആഘോഷം ലോക സിനിമകള്‍ക്കും സാഹിത്യത്തിനും മാറ്റിവെച്ചത് വഴിതിരിവാകുകയായിരുന്നു. സ്റ്റാര്‍ മൂവിസും എച്ച്.ബി.ഒയും സീ സ്റ്റുഡിയൊവും കാട്ടികൊടുത്ത സിനിമകളും പിതൃസഹോദരന്‍റെ പുസ്തക കലവറയിലെ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസും കാഫ്കയും (വിവര്‍ത്തനങ്ങള്‍) തലക്കുപിടിച്ചു. തുടര്‍ പഠനത്തിന് സയന്‍സെടുത്ത് വൈദ്യശാസ്ത്ര മേഖലയിലേക്ക് വീട്ടുകാര്‍ ഉഴിഞ്ഞുവെച്ച ‘ചെറുക്കന്‍ ’ പക്ഷെ വഴിമാറി നടന്നത് സാഹിത്യത്തിലേക്കാണ്. ബിരുദവും (ദേവഗിരി കോളേജ്) ബിരുദാനന്തര ബിരുദവും (കാലികറ്റ് യൂണിവേഴ്സിറ്റി) ഇംഗ്ളീഷ് സാഹിത്യത്തില്‍.
ഇതിനിടയില്‍ ‘മീഡിയ സ്റ്റഡി സര്‍കിളിലൂ’ടെ ലോക സിനിമകള്‍ കൂടുതല്‍ പരിചയപ്പെടാനും സിനിമകള്‍ ശേഖരിക്കാനും തുടങ്ങി. അത് ദേവഗിരി കോളേജിലെ സാഹിത്യാധ്യാപകന്‍ ഡോ. സലീല്‍ വര്‍മയും തന്‍റെ സുഹൃത്തുക്കളും ചേര്‍ന്ന് ‘ദേവഗിരി ഫിലിം ക്ളബ്ബി’ന് രൂപം നല്‍കുന്നതിന് വഴിവെച്ചു. ഇതിലൂടെ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയ ഏക കോളജായി ദേവഗിരി മാറി. അന്നത്തെ ആ സംഘത്തിലെ ഡാരിസ് ഉള്‍പടെ നാല് പേരിന്ന് ബോളീവുഡില്‍ കൈായ്യൊപ്പു ചാര്‍ത്തിക്കഴിഞ്ഞു. സൗണ്ട്സ് രംഗത്ത് നിതിന്‍ വി ലൂക്ക, സനല്‍ ജോര്‍ജ്, സിനിമാട്ടോഗ്രാഫിയില്‍ റോഷന്‍ ജോസ് എന്നിവരാണ് മറ്റ് മൂന്നു പേര്‍.
പഠന ശേഷം മുംബൈയിലത്തെിയ ഡാരിസ് സുഭാഷ് ഗായ്യുടെ ‘വിസ്ലിങ് വുഡ്സി’ല്‍ സംവിധാനവും തിരകഥയും അഭ്യസിച്ചാണ് ബോളീവുഡിലേക്ക് കാലെടുത്തുവെച്ചത്. വിസ്ലിങ് വുഡ്സിലെ പഠനം സാഹിത്യത്തില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യഭാഷ്യത്തെ വേര്‍ത്തിരിച്ചു കാണാന്‍ സഹായകമായതായി ഡാരിസ് പറയുന്നു. തിരകഥ അധ്യാപികയായ അശ്വിനി മാലികില്‍ നിന്നാണ് ആ വൈഭവം പകര്‍ന്നുകിട്ടിയത്.
തൊട്ടുമുമ്പത്തെ സിനിമകള്‍ ബോക്സ് ഓഫീസില്‍ നിറംമങ്ങിയിട്ടും പുതിയ സിനിമ പുതുമുഖത്തെ കൊണ്ട് എഴുതിക്കാനുള്ള നിര്‍മാതാവ് വിപുല്‍ ഷായുടെ ധൈര്യമാണ് ഡാരിയസ് യാര്‍മില്‍ എന്ന തിരകഥാകൃത്തിനെ വെളിച്ചത്ത് കൊണ്ട് നിറുത്തുന്നത്. ‘കമാന്‍ഡൊ ത്രീ’ ബോക്സ് ഓഫീസില്‍ ഹിറ്റായതോടെ നിര്‍മാണ കമ്പനികളുടെ കണ്ണ് ഡാരിസില്‍ പതിഞ്ഞിട്ടുണ്ട്.
കാര്യമായി പഠിച്ചത് സംവിധാനമായിരുന്നെങ്കിലും തിരകഥയിലും കമ്പം കയറുകയായിരുന്നു. തിരകഥ രചനക്കൊപ്പം നോവലുകളും ഡാരിസിന്‍റെ വിരല്‍തുമ്പില്‍ നിന്ന് പിറക്കുന്നുണ്ട്. റൂമിയുടെ ആശയം ഇതിവൃത്തമാക്കി ‘സൊഹബത്ത’ എന്ന പേരില്‍ ഹൃസ്വ ചിത്രം സംവിധാനം ചെയ്യുാനുള്ള ശ്രമത്തിലുമാണ് ഡാരിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.