????????

ബ്ലാക് ആന്‍ഡ് വൈറ്റ് കാലം പിന്നിട്ട് നിറമുള്ള ലോകവും കടന്ന് സാങ്കേതികമികവിന്‍റെ ധന്യതയില്‍ എത്തിനില്‍ക്കുന്ന മലയാള സിനിമയിലെ, പഴയ മുഖങ്ങളില്‍ ഇന്നും ഓര്‍മിക്കുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടനാണ് കുഞ്ചന്‍. ഒരുവേള വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുകയും പ്രേക്ഷകരെ ശുദ്ധഹാസ്യം കൊണ്ട് ചിരിപ്പിക്കുകയും ചെയ്ത ആ നടന്‍ കാലങ്ങള്‍ക്കിപ്പുറത്ത് തിരക്കുകളൊഴിഞ്ഞ് ശാന്തഹൃദയനായി കഴിയുകയാണ്. ആംഗ്ലോ ഇംഗ്ലീഷ് ശൈലിയില്‍ സംസാരിച്ച് ഫ്രീക്കന്‍ സ്റ്റൈലില്‍ വസ്ത്രമണിഞ്ഞ് ‘പരിഷ്കാരി’ എന്ന വാക്കിന് പുതുമാനം സമ്മാനിച്ച, കുഞ്ചന്‍ എന്ന് മലയാളം ഏറ്റുവിളിക്കുന്ന മോഹന്‍ എന്ന മോഹന്‍ദാസിന്‍െറ ജീവിതത്തിന്‍െറ ഫ്ലാഷ് ബാക് ഇവിടെ തുടങ്ങുന്നു.

കുസൃതിത്തരങ്ങളുടെ ബാല്യം
കുസൃതിവേലകള്‍ ആവോളമുണ്ടായിരുന്നു കൊച്ചു പയ്യനായിരുന്ന മോഹന്‍ദാസിന്‍െറ കൈയില്‍. മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിലെ ക്ലാസ്മുറികളില്‍ മോഹന്‍ദാസ് കാണിച്ചുവെച്ച കൊച്ചുകൊച്ചു കുസൃതികള്‍ക്ക് കണക്കില്ലായിരുന്നു. ക്ലാസില്‍ നിശ്ശബ്ദനായിരുന്നു, പഠിക്കാന്‍ അത്ര മിടുക്കനുമായിരുന്നില്ല. അഭിനയം, സിനിമ എന്നത് സ്വപ്നത്തില്‍പോലും ഉണ്ടായിരുന്നില്ലെങ്കിലും സ്കൂളിലെ എല്ലാ കലാപരിപാടികളിലും മോഹന്‍ദാസും സജീവമായിരുന്നു. ദാരിദ്ര്യവും പട്ടിണിയും കൊടുമ്പിരികൊണ്ട കാലത്തും അച്ഛന്‍ കൃഷ്ണനും അമ്മ ഊലമ്മയും മകനെ പഠിപ്പിച്ചു. മൂന്ന് ആണും ഒരു പെണ്ണും ഉള്‍പ്പെടുന്ന ആ കൊച്ചു കുടുംബത്തിലെ രണ്ടാമനായിരുന്നു മോഹന്‍ദാസ്. മക്കള്‍ പഠിച്ച് വലിയവരാകണമെന്ന് ആ രക്ഷിതാക്കള്‍ ആഗ്രഹിച്ചു. വിദ്യനേടി മിടുക്കനായില്ലെങ്കിലും ആ മക്കളിലൊരാള്‍ വലിയവനായി. അഭ്രപാളികളില്‍ ആളുകളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത അഭിനേതാവായി.

പഠനത്തിനൊടുവില്‍ ജോലി അന്വേഷിച്ച് മോഹന്‍ദാസ് നേരെ വണ്ടി കയറിയത് കോയമ്പത്തൂരിലേക്കാണ്. അവിടെ പലതരത്തിലുള്ള ജോലികള്‍ ചെയ്തു. ആയിടക്കാണ് കോയമ്പത്തൂരില്‍തന്നെയുള്ള സുഹൃത്ത് വഴി അദ്ദേഹത്തിന്‍െറ ഡോക്യുമെന്‍ററിയില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിക്കുന്നത്. 250 രൂപയാണ് അതിന്‍െറ കൂലിയായി കിട്ടിയത്. സര്‍പ്പങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയായിരുന്നു അത്. പേര് ‘സ്നൈക് പാര്‍ക്ക്’. ഈ ഡോക്യുമെന്‍ററി പിന്നീട് ജര്‍മനിയിലേക്ക് അയച്ചുകൊടുക്കുകയും അവിടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. കോയമ്പത്തൂരിലെ സുഹൃത്ത് വഴി 1969ല്‍ ആദ്യമായി മോഹന്‍ദാസ് ‘വലിയ’ കാമറക്കുമുന്നില്‍ അഭിനയിച്ചു. ഒരു തമിഴ് സിനിമയില്‍, പേര് ‘മനൈവി’. ഏറെ താല്‍പര്യത്തോടെ ഇതില്‍ അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. നിരാശ തോന്നിയെങ്കിലും കാത്തിരിപ്പിനൊടുവില്‍ ഒരു വര്‍ഷത്തിനുശേഷം മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.

കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തില്‍ കുഞ്ചന്‍
 


ബ്ലാക് ആന്‍ഡ് വൈറ്റില്‍ ആദ്യ സിനിമ
‘റെസ്റ്റ് ഹൗസ്’ എന്ന സിനിമയാണ് മോഹന്‍ദാസ് എന്ന അഭിനേതാവിന്‍െറ റിലീസ് ചെയ്ത ആദ്യ മലയാള സിനിമ. ബ്ളാക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങിയ ഈ ചിത്രം ജെ. ശശികുമാറാണ് സംവിധാനം ചെയ്തത്. കെ.പി. കൊട്ടാരക്കരയാണ് തിരക്കഥ എഴുതിയതും നിര്‍മിച്ചതും. സിനിമയില്‍ ‘ഹിപ്പി’കളെ നല്ലപോലെ ഉപയോഗിച്ചിരുന്ന കാലമായിരുന്നു അന്ന്. നല്ല മുടിയുള്ള മോഹന്‍ദാസ് അങ്ങനെ ആദ്യ സിനിമയില്‍ ഹിപ്പിയായി വേഷമിട്ടു. നീളന്‍ മുടിയാണ് ഈ വേഷം ചെയ്യാന്‍ മോഹന്‍ദാസിനെ സഹായിച്ചത്. ദാരിദ്ര്യവും പട്ടിണിയും ഏറിയപ്പോള്‍ മുടിവെട്ടാന്‍ മറന്നു. അങ്ങനെ മുടി വളര്‍ന്ന് പെണ്‍വേഷത്തിന് സമാനമായി. നിര്‍മാതാവിനാണ് ഇത് ഏറെ ഉപകാരമായത്. വിഗ് വാങ്ങി പൈസ കളയേണ്ടി വന്നില്ല.  

കുഞ്ചന്‍ ഫേഡ് ഇന്‍, മോഹന്‍ദാസ് ഫേഡ് ഒൗട്ട്...
‘നഗരം സാഗരം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ആ സംഭവം. ശ്രീകുമാരന്‍ തമ്പിയുടെ രചനയില്‍ കെ.പി. പിള്ളയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. 1974ല്‍ ഇറങ്ങിയ ഈ സിനിമയില്‍ സുകുമാരി, കെ.പി.എ.സി. ലളിത, അടൂര്‍ ഭാസി, തിക്കുറിശ്ശി സുകുമാരന്‍ നായര്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. അന്നാണ് മോഹന്‍ദാസ് കുഞ്ചനാവുന്നത്. തമാശ റോളുകള്‍ കൈകാര്യം ചെയ്തിരുന്നതിനാല്‍ ആളുകള്‍ക്ക് ചിരി വരുന്ന പേരിടാം എന്ന തോന്നലില്‍നിന്നാണ് ‘കുഞ്ചന്‍’ എന്ന പേര് തിക്കുറിശ്ശി നിര്‍ദേശിച്ചത്. അവിടം മുതല്‍ കുഞ്ചനെന്ന അഭിനേതാവിന്‍െറ സിനിമാജീവിതത്തിന് പുതിയ ദിശാരൂപം കൈവന്നു. ഓരോ വര്‍ഷവും നിരവധി സിനിമകള്‍, ലൊക്കേഷനുകളില്‍നിന്ന് ലൊക്കേഷനുകളിലേക്ക് ഓടി നടന്ന് കുഞ്ചന്‍ അഭിനയിച്ചു. കരിമ്പന, അങ്ങാടി, ഭൂകമ്പം, കോളിളക്കം, തടവറ തുടങ്ങിയ സിനിമകളില്‍ ജയന്‍ എന്ന ഇതിഹാസ നായകന്‍െറ കൂടെ നല്ല വേഷങ്ങള്‍ ചെയ്യാന്‍ കുഞ്ചന് അവസരമുണ്ടായി. ‘അങ്ങാടി’യിലെ ‘പാവാട വേണം... മേലാട വേണം’ എന്ന പാട്ട് സൂപ്പര്‍ ഹിറ്റായപ്പോള്‍ അതില്‍ അഭിനയിച്ച കുഞ്ചനും പ്രേക്ഷകമനസ്സിലെ സൂപ്പര്‍ സ്റ്റാറായി.

പരിഷ്കാരത്തിന്‍റെ പുതിയ മുഖം
1989-90 കാലഘട്ടങ്ങളില്‍ കുഞ്ചന് കൈനിറയെ സിനിമകളായിരുന്നു. അതില്‍ മമ്മൂട്ടി പ്രധാന റോളില്‍ അഭിനയിച്ച ‘കാര്‍ണിവലി’ല്‍ പെണ്‍വേഷം കെട്ടി കാബറ ഡാന്‍സ് ചെയ്ത് കഥാപാത്രം ആളുകളെ ഏറെ ചിരിപ്പിച്ചു. തുടര്‍വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ നായര്‍ സാബ്, റാംജിറാവ് സ്പീക്കിങ്, കോട്ടയം കുഞ്ഞച്ചന്‍, ഹിസ് ഹൈനസ് അബ്ദുള്ള, കടത്തനാടന്‍ അമ്പാടി, ഏയ് ഓട്ടോ, ഉള്ളടക്കം, ഇന്‍സ്പെക്ടര്‍ ബല്‍റാം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടി. ‘ഏയ് ഓട്ടോ’യിലെ ഫ്രീക്കന്‍ കഥാപാത്രം കുഞ്ചന്‍െറ സര്‍വകാല ഹിറ്റുകളിലൊന്നായി അരങ്ങുവാഴുന്നു. ‘കോട്ടയം കുഞ്ഞച്ചനി’ലെ പച്ചപ്പരിഷ്കാരിയുടെ വേഷവും കാലമേറെ കഴിഞ്ഞും ഇന്നും ആളുകള്‍ കാണാനിഷ്ടപ്പെടുന്നതാണ്. കുഞ്ചന്‍ അന്ന് അവതരിപ്പിച്ച പരിഷ്കാരത്തിന്‍െറ പുതിയ രൂപം  മലയാളികളുടെ വസ്ത്രധാരണ സങ്കല്‍പത്തെ കുറച്ചൊന്നുമല്ല ചോദ്യംചെയ്തത്.

ഏയ് ഓട്ടോ എന്ന ചിത്രത്തില്‍ കുഞ്ചന്‍
 


‘പുതിയ സിനിമകള്‍ക്ക് അകക്കാമ്പില്ല’
പ്രേംനസീര്‍, ജയന്‍, അടൂര്‍ ഭാസി, വിന്‍സെന്‍റ്, കെ.പി. ഉമ്മര്‍ തുടങ്ങിയ പ്രമുഖരോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു എന്നതാണ് തനിക്കു ലഭിച്ച വലിയ ഭാഗ്യമെന്ന് കുഞ്ചന്‍ പറയുന്നു. അഭിനയിക്കുമ്പോള്‍ ഏറെ സപ്പോര്‍ട്ടീവായിരുന്നു അവരൊക്കെ. ഷൂട്ടിങ് സെറ്റ് അന്നൊക്കെ ഏറെ സജീവമായിരുന്നു. ഇന്ന് ഓരോരുത്തരും വരുന്നു അവരുടെ റോളുകള്‍ ചെയ്യുന്നു, തിരിച്ചു പോകുന്നു എന്നു മാത്രം. അഭിനയിക്കാന്‍ കൂടെ വരുന്ന ഓരോരുത്തരെയും നല്ലപോലെ പരിഗണിച്ചിരുന്ന വലിയ മനുഷ്യനാണ് പ്രേംനസീര്‍. ആദ്യമായി അദ്ദേഹത്തിന്‍െറ കൂടെ അഭിനയിക്കുമ്പോള്‍ ആ കഥാപാത്രം എങ്ങനെ മികച്ചതാക്കണമെന്നൊക്കെ സ്വകാര്യമായി പറഞ്ഞുതന്നിരുന്നു. പുതിയ സിനിമാപ്രവര്‍ത്തകര്‍ക്ക് അനുഭവങ്ങള്‍ കുറവാണ്. അവര്‍ക്കു മുന്നില്‍ സൗകര്യങ്ങളെല്ലാമുണ്ട്. ടെക്നിക്കലായിട്ടും സാമ്പത്തികമായിട്ടും ഒരു പ്രയാസവും ഇന്നുള്ളവര്‍ക്കില്ല. അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴാണ് മികച്ച സൃഷ്ടികളുണ്ടാകുന്നതെന്ന് കുഞ്ചന്‍ പറയുന്നു. പഴയകാല ആളുകള്‍ ഓരോ പുതിയ പ്രവൃത്തി ചെയ്യുമ്പോഴും ഏറെ കഷ്ടപ്പെടുകയും ആലോചിക്കുകയും ചെയ്തു. അതുകൊണ്ടാണ് മലയാളത്തനിമയുള്ള നല്ല സിനിമകള്‍ അന്ന് പുറത്തിറങ്ങിയത്.

മലയാളത്തിലെ ആദ്യ ന്യൂജന്‍ ഫ്രീക്കന്‍ കുഞ്ചനാണെന്ന് വിശേഷിപ്പിക്കുമ്പോള്‍ കുഞ്ചന് പറയാനുള്ളത് മറിച്ചാണ്. അന്ന് കാതില്‍ കടുക്കനും കൂര്‍പ്പിച്ചുവെച്ച തലമുടിയും നാവില്‍ മലയാളച്ചുവയുള്ള ഇംഗ്ളീഷുമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആളുകള്‍ക്കത് കൗതുകമായിരുന്നു. അത്തരം കഥാപാത്രങ്ങളിലൂടെ ഹാസ്യത്തിനു പുതിയൊരു മാറ്റം കൊണ്ടുവരാന്‍ സാധിച്ചു. എന്നാല്‍, ഓരോ കാലത്തും ന്യൂജന്‍ ഉണ്ട്. പ്രേംനസീറിന്‍െറയും ജയന്‍െറയും നല്ല സമയത്ത് അവരായിരുന്നു അന്നത്തെ ന്യൂജന്‍. പിന്നീട് മമ്മൂട്ടിയും മോഹന്‍ലാലും ആ സ്ഥാനത്തേക്ക് വന്നു. എല്ലാ കാലത്തും പുതിയ ആളുകള്‍ വരുന്നുണ്ട്. അവര്‍ ആ കാലത്തെ പ്രതിനിധാനം ചെയ്യുന്നു എന്നുമാത്രം.


പുതിയ കാലത്ത് പുതിയ രൂപം
തമാശ ചെയ്തിരുന്ന ഒരാള്‍ സീരിയസ് കഥാപാത്രം ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കുഞ്ചന്‍ പറയുന്നു. അടുത്തകാലത്ത് കിട്ടിയതൊക്കെ അത്തരം വേഷങ്ങളായിരുന്നു. ചെറുതാണെങ്കിലും അവയൊക്കെ ചെയ്യുമ്പോള്‍ ഏറെ കരുതലെടുത്തിയിരുന്നു. ഇത്തരം റോളുകള്‍ ചെയ്യുമ്പോള്‍ നമ്മുടെ ചലനങ്ങള്‍പോലും ആളുകള്‍ ശ്രദ്ധിക്കും. ‘ലേലം’ മുതല്‍ അവസാനം പുറത്തിറങ്ങിയ ‘ഒപ്പം’ വരെ കിട്ടിയ വേഷങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു. ഇനിയും ഇങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യാനാണ് താല്‍പര്യം.

സിനിമയുടെ പുതിയ മേച്ചില്‍പുറങ്ങളിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നാണ് കുഞ്ചന്‍െറ പക്ഷം. ഇനി കിട്ടുന്നതെല്ലാം ബോണസാണ്. ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. ഇപ്പോള്‍ അവസരങ്ങള്‍ കുറവാണെങ്കിലും ലഭിക്കുന്നത് മാത്രം ചെയ്യുക. സംവിധാനരംഗത്തേക്കോ നിര്‍മാണത്തിലേക്കോ പോകാന്‍ ഉദ്ദേശ്യമില്ല. അറിയുന്ന ജോലി ചെയ്യുക. അത് മനോഹരമാക്കുക എന്നത് മാത്രമാണ് ഉദ്ദേശ്യം. പ്രേംനസീര്‍ തൊട്ട് ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവരോടൊപ്പമെല്ലാം അഭിനയിച്ചു. ഒടുവിലിതാ മമ്മൂട്ടിയുടെ മകന്‍ മുതല്‍ പുതിയ തലമുറയിലെ പയ്യന്മാരുടെ കൂടെയും അഭിനയിക്കുന്നു. എല്ലാം ഭാഗ്യമായി കരുതുന്നു. ഒന്നും വ്യക്തിപരമായ മിടുക്കുകൊണ്ടുണ്ടായതല്ല. ഒരുപാട് പേര്‍ പലപ്പോഴായി സഹായിച്ചിട്ടുണ്ട്, സിനിമയില്‍ അഭിനയിക്കാന്‍ അവസരവും തന്നിട്ടുണ്ട്. എല്ലാം ദൈവഹിതമായി കാണുന്നു.

ഉസ്താദ് ഹോട്ടലിൽ
 


നടനെന്നതിനപ്പുറം നല്ല ഇന്‍റീരിയര്‍ ഡിസൈനര്‍ കൂടിയാണ് കുഞ്ചന്‍. കൊച്ചി പനമ്പിള്ളി നഗറിലെ വീടും പരിസരവും വീടിനകത്തളവും കണ്ടാല്‍ അക്കാര്യം ബോധ്യമാകും. അറിയപ്പെടുന്ന ബ്യൂട്ടീഷനായ ഭാര്യ ശോഭയും മക്കള്‍ ശ്വേതയും സ്വാതിയും സഹായത്തിന് കൂടെയുണ്ട്. സിനിമാ ചിത്രീകരണത്തിന്‍െറ തിരക്കിനിടയിലും പുതിയ ഇന്‍റീരിയര്‍ വര്‍ക്ക് കണ്ടെത്തി ചെയ്ത് വീടിനുള്ളിലെവിടെയെങ്കിലും സ്ഥാപിക്കും. ഇവിടെയും കുഞ്ചന്‍ ഏറെ ശ്രദ്ധാലുവാണ്. കഥാപാത്രങ്ങളെ സ്വസിദ്ധിയാല്‍ രൂപപ്പെടുത്തുന്ന പോലെ തന്‍െറയുള്ളിലെ കൊച്ചു കലാകാരനെ തേച്ചുമിനുക്കുന്നു. വെള്ളിത്തിരയെ വിസ്മയപ്പെടുത്തുന്ന പുതിയ കഥാപാത്രങ്ങള്‍ അയാളെയും കാത്തിരിപ്പുണ്ട്.       

Tags:    
News Summary - malayalam film actor kunchan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.