മലയാളത്തിെൻറ അഭിനയവസന്തം മധു ശതാഭിഷിക്തനാവുകയാണ്. സെപ്റ്റംബർ 23ന് അദ്ദേഹത്തിന് 84 വയസ്സ് തികയും. നടൻ, നിർമാതാവ്, സംവിധായകൻ, വിതരണക്കാരൻ, തിരക്കഥാകൃത്ത്, സ്റ്റുഡിയോ ഉടമ... മലയാള സിനിമയുടെ െഫ്രയിമുകളിൽ മധു എന്ന പ്രതിഭ കടന്നുപോകാത്ത മേഖലകൾ നന്നേ കുറവ്...
കാണുമ്പോൾ കാമറക്കു മുന്നിൽ കഥാപാത്രമായി നടിക്കുകയായിരുന്നു മധു. തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനിൽ മുഖത്തുതേപ്പുമായി നിൽക്കുന്ന മധുവിനെ വെറുതെ നോക്കിക്കാണുന്നതുപോലും ഒരനുഭവമായിരുന്നു. 55 ആണ്ടിെൻറ മലയാള സിനിമയുടെ ചരിത്രം ഇതാ നമുക്കുമുന്നിൽ എന്ന് ഓരോരുത്തരും പറയാതെ പറയുന്ന കാഴ്ചാനുഭവമാണത്. പക്ഷേ, അനുഭവങ്ങളെ ഒരിക്കലും വീരകഥകളായി വിളമ്പാതെ ജീവിതത്തെ എപ്പോഴും പോസിറ്റിവായി കാണാനാണ് മധു പഠിച്ചത്. ആ പാഠം തന്നെയാണ് തലമുറകളോട് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നതും.
ഷൂട്ടിങ് കഴിയുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു. യാത്ര പറയാൻ നേരം ഇടക്ക് ആരോ ചോദിച്ചു: ‘‘മധുസാറിന് 84 വയസ്സായി അല്ലേ? വിശ്വസിക്കാനാവുന്നില്ല.’’ ഈ സന്ദേഹം മധുവിനെ സ്നേഹിക്കുന്നവരെല്ലാം സ്വയം ചോദിച്ചുപോകുന്നതാണ്. അതെ, മധു എന്ന മലയാളത്തിെൻറ പ്രിയപ്പെട്ട മധുസാർ ശതാഭിഷിക്തനാകുന്നു. 1933 സെപ്റ്റംബർ 23ന് കന്നിമാസത്തിലെ ചോതി നക്ഷത്രത്തിലാണ് തിരുവനന്തപുരം മേയറായിരുന്ന കീഴത് തറവാട്ടിൽ ആർ. പരമേശ്വരൻപിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി പി. മാധവൻനായർ എന്ന മധു ജനിച്ചത്. ജീവിതത്തിലിന്നേവരെ ഒരു പിറന്നാളും ആഘോഷിക്കാതെപോയ മധുവിന് 84ാം പിറന്നാളിനും ആഘോഷമൊന്നുമില്ല. എങ്കിലും, സഹോദരിമാരുടെ നിർബന്ധം; ‘‘ഈ പിറന്നാളിന് ഏട്ടൻ ഞങ്ങൾക്കൊപ്പം വേണം’’. കണ്ണമ്മൂലയിലെ ‘ശിവഭവനിൽ’ മകൾ ഉമക്കും കുടുംബത്തിനും സഹോദരിമാർക്കുമൊപ്പം 84ാം പിറന്നാളും ആഘോഷങ്ങളൊന്നുമില്ലാതെ കടന്നുപോകും.
‘‘84 വർഷം മുമ്പ് ജനിച്ചുപോയതുകൊണ്ട് ഇപ്പോൾ ശതാഭിഷിക്തനായി, അല്ലാതെ അതിലൊന്നും വലിയ കാര്യമില്ല. കുട്ടിക്കാലത്ത് പിറന്നാൾ ദിവസം അമ്മയും അച്ഛനുമൊക്കെ ക്ഷേത്രങ്ങളിൽ പായസവും മറ്റു വഴിപാടുകളും കഴിച്ചിട്ടുണ്ടാകാം. അല്ലാതെ ഞാനൊരിക്കലും പിറന്നാൾ ആഘോഷിച്ചിട്ടില്ല. എങ്കിലും സുഹൃത്തുക്കളുടെ പിറന്നാൾ ആഘോഷങ്ങളിൽ ചിലപ്പോൾ ഞാനും പങ്കെടുക്കാറുണ്ട്. ഈയിടെ എം.ടിയുടെ 84ാം പിറന്നാളിന് ഞാൻ ആശംസ അയച്ചിരുന്നു. ‘പ്രിയപ്പെട്ട മധു... നന്ദി.’ എന്ന മറുപടിയും വന്നു. ഇപ്പോൾ ഒരു പ്രാർഥന മാത്രമേയുള്ളൂ. പ്രായമെത്രയായാലും മറ്റുള്ളവർക്കു ഭാരമാകരുത്. എഴുന്നേൽക്കാനും നടക്കാനും വയ്യാത്ത അവസ്ഥയുണ്ടാകരുത്. ഈശ്വരാധീനംകൊണ്ട് ഇപ്പോഴും ചെറുപ്പക്കാരെപ്പോലെ യാത്രചെയ്യാൻ കഴിയുന്നുണ്ട്’’ മധു പറയുന്നു. ജീവിതം സാർഥകമായി ജീവിച്ചുകാണിക്കുകയാണ് ഈ മഹാനടൻ. തലമുറകളും തരംഗങ്ങളും മാറിമറിഞ്ഞപ്പോഴും അതിലൊന്നും നിരാശനാകാതെ തനിക്കു ലഭിക്കുന്ന വേഷങ്ങൾ അതിരുമെതിരുമില്ലാതെ ആടിത്തീർക്കുന്നു അദ്ദേഹം. 55 വർഷം മുമ്പ് തുടങ്ങിയ ആ നടനയാത്ര ഇന്നും തുടരുന്നു.
സിനിമ നിർത്തിയാലോ എന്നാലോചിച്ചപ്പോൾ
‘‘സത്യത്തിൽ സിനിമയിലഭിനയിക്കാനുള്ള കൊതി എന്നേ വിട്ടുപോയിരിക്കുന്നു. ഞാൻ പരിപൂർണ സംതൃപ്തനാണ്. പലതവണ ഇതു നിർത്തിയാലോ എന്നു ഞാൻ ചിന്തിച്ചതാണ്. പക്ഷേ, ഏകാന്തത ഞാനിഷ്ടപ്പെടുന്നില്ല. ക്ലബിൽ പോയി ചീട്ടുകളിച്ച് സമയം കളയാൻ എനിക്കിഷ്ടമില്ല. ബാറിൽ പോയി കള്ളുകുടിച്ച് സമയംപോക്കാനും താൽപര്യമില്ല. പിന്നെ മാസത്തിൽ രണ്ടുദിവസമെങ്കിലും സിനിമയിൽ വർക്കു ചെയ്യുന്നതിന് ഒരു സുഖമുണ്ട്. അതൊരു കൂട്ടായ്മയുടെ ലോകമാണ്. അല്ലാതെ ഈ പടത്തിൽ പോയി അഭിനയിച്ചു തകർത്തുകളയാമെന്ന വിശ്വാസമൊന്നും എനിക്കില്ല. മാസത്തിൽ ഒരുതവണയെങ്കിലും ബന്ധുക്കളെയൊക്കെ കാണുന്ന ഒരു സുഖമാണ് ലൊക്കേഷനിലെത്തുമ്പോൾ. ഇപ്പോൾ അഭിനയിക്കാൻ പോകുന്നതുപോലും അതിനുവേണ്ടിയാണ്. രാവിലെ പോയി രാത്രി പത്തുമണിവരെ കുത്തിയിരുന്ന് ഒരു ഷോട്ടിൽ അഭിനയിച്ചുപോരേണ്ട ഗതികേട് ഇതുവരെ ഉണ്ടായിട്ടില്ല. ചെറിയ വേഷങ്ങളാണെങ്കിലും എന്തെങ്കിലും ചെയ്യാനുണ്ടെങ്കിലേ ഞാനഭിനയിക്കാറുള്ളൂ. അല്ലെങ്കിൽ കിട്ടിയ വേഷങ്ങളെല്ലാം വാരിവലിച്ചു ചെയ്തു കാശുണ്ടാക്കാനുള്ള ആഗ്രഹം ഉണ്ടാകണം. അല്ലെങ്കിൽ ദാരിദ്യ്രമുണ്ടാകണം. ഇതു രണ്ടും എനിക്കില്ല. ഒരു സീനിലാണെങ്കിലും പ്രാധാന്യമുള്ള വേഷങ്ങളാണെങ്കിലേ എന്നെ വിളിക്കാൻ വരാറുള്ളൂ’’. വീട്ടിലേക്കുള്ള യാത്രയിൽ മധു പറഞ്ഞു.
തിരുവനന്തപുരം മേയറായിരുന്ന കീഴത് തറവാട്ടിൽ ആർ. പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകൻ മാധവൻ കുട്ടിക്കാലത്തേ നാടകം തെൻറ ഹൃദയത്തോടു ചേർത്തുകെട്ടിയിരുന്നു. ഏഴാം വയസ്സിൽ വി.ജെ.ടി ഹാളിലായിരുന്നു കൊച്ചു മാധവെൻറ മനസ്സിലേക്ക് നാടകം വിസ്മയക്കാഴ്ചയായി വിരുന്നെത്തിയത്. അപ്പൂപ്പൻ പത്്മനാഭൻപിള്ള ഹാസ്യകഥാപാത്രമായി രംഗത്തെത്തിയ ആ നാടകമാകാം ആ കുഞ്ഞുമനസ്സിൽ ഒരു നാടകക്കാരൻ പിറവിയെടുക്കാൻ കാരണമായത്. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും നാടകാഭിനയവും രചനയുമായി നാട്ടിലെ കലാസമിതിയുടെ അരങ്ങുകളിൽ നിറഞ്ഞ മധു എന്ന നാടകനടനെ ഗൗരീശപട്ടത്തെ പഴയ തലമുറ ഇന്നും ഓർക്കുന്നു. എസ്.എം. വി സ്കൂൾ, പേട്ട സ്കൂൾ, സെൻറ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ പഠനകാലത്ത് നാടകം ലഹരിയും ആവേശവുമായി മധു നെഞ്ചേറ്റിനടന്നു. പക്ഷേ, എം.ജി കോളജിലെയും യൂനിവേഴ്സിറ്റി കോളജിലെയും പഠനനാളുകളിൽ കലാലയ അരങ്ങിൽ നാടകങ്ങളൊന്നും അവതരിപ്പിച്ചില്ല. കോളജിനു പുറത്ത് ആർട്സ് ക്ലബുകളുമായി ബന്ധപ്പെട്ടായിരുന്നു മധുവിെൻറ നാടകപ്രവർത്തനങ്ങൾ. നാടകത്തെ സൂക്ഷ്മമായി വീക്ഷിക്കുകയും പഠിക്കുകയും ചെയ്തകാലം കെ.ടി. മുഹമ്മദ്, തോപ്പിൽഭാസി, തിക്കോടിയൻ, പൊൻകുന്നം വർക്കി, എസ്.എൽ പുരം, സി.എൽ. ജോസ്, ഏരൂർ വാസുദേവ് തുടങ്ങിയവരുടെ നാടകങ്ങൾ വായിച്ചുപഠിച്ച മധു പാശ്ചാത്യ നാടകങ്ങളുടെ വായനയിലും അക്കാലത്ത് ഏറെ ശ്രദ്ധിച്ചു. തിരുവനന്തപുരത്തെ അമച്വർ നാടകപ്രസ്ഥാനം പൂത്തുതളിർത്ത കാലം മധുവിലെ നാടകക്കാരെൻറ വളർച്ചയായിരുന്നു. സി.ഐ പരമേശ്വരൻപിള്ള, ടി.എൻ. ഗോപിനാഥൻനായർ, ജഗതി എൻ.കെ. ആചാരി, കൈനിക്കര കുമാരപ്പിള്ള, കൈനിക്കര പത്്മനാഭൻപിള്ള, പി.കെ. വിക്രമൻനായർ, പി.കെ. വേണുക്കുട്ടൻ നായർ, സി.എൻ. ശ്രീകണ്ഠൻ നായർ... പ്രതിഭകളുടെ പൂക്കാലം മധുവിലെ നടനെ ഉയർത്തിക്കൊണ്ടുവരുവാൻ പര്യാപ്തമായി.
കോളജ് അധ്യാപകനിൽ നിന്ന് അഭിനയ വിദ്യാർഥിയിലേക്ക്
ബനാറസ് യൂനിവേഴ്സിറ്റിയിൽനിന്ന് എം.എ ബിരുദവുമായെത്തിയ കോളജ് അധ്യാപകെൻറ വേഷത്തിൽ ജീവിതയാത്ര തുടർന്നപ്പോഴും നാടകത്തെ കൈയൊഴിഞ്ഞില്ല. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേക്ക് അപേക്ഷ അയക്കുമ്പോൾതന്നെ ആ മനസ്സ് പറഞ്ഞിരിക്കാം ‘നാടകമാണ് തെൻറ ജീവിതമെന്ന്. കോളജ് അധ്യാപകജോലിയും രാജിവെച്ച് മൂന്നുവർഷത്തെ നാടകപഠനം മധുവിന് നൽകിയത് ലോകനാടകവേദിയുടെ സ്പന്ദനങ്ങൾ കൂടിയായിരുന്നു. ‘‘നാടകം വലിയൊരു പ്രലോഭനംതന്നെയായിരുന്നു. കുട്ടിക്കാലത്തേ അതെൻറ മനസ്സിൽ വേരുറച്ചുപോയതാണ്. സ്കൂൾ കോളജ് പഠനകാലത്തും അധ്യാപനകാലത്തും അതെന്നോടൊപ്പമുണ്ടായിരുന്നു. എൻ.എസ്.ഡിയിലെ ആദ്യ ബാച്ചിലേക്ക് അപേക്ഷ അയക്കാൻവേണ്ട യോഗ്യത മെട്രിക്കുലേഷനായിരുന്നു. ബിരുദാനന്തരബിരുദമുള്ള എനിക്ക് യോഗ്യത വേണ്ടതിലുമധികം. നാടകം പഠിക്കണമെന്ന ഉറച്ച തീരുമാനത്തിൽ ജോലി രാജിവെക്കാനൊരുങ്ങിയപ്പോൾ എല്ലാവർക്കും അമ്പരപ്പ്. മാന്യമായ ജോലി കളഞ്ഞ് നാടകം പഠിക്കാൻ പോകാൻ ഇവനെന്താ വട്ടുണ്ടോ എന്നാണ് ഏറെപ്പേരും ചോദിച്ചത്. അച്ഛന് എന്നെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. മകൻ സർക്കാർ ഉദ്യോഗസ്ഥനായിത്തീരണം എന്ന നിലയിലായിരുന്നു ആ പ്രതീക്ഷകൾ. ജോലി രാജിവെച്ച ദിവസം അച്ഛൻ ഒരുപാട് വിഷമിച്ചു. ‘‘നിെൻറ ഇളയ നാലു പെൺപിള്ളേരുണ്ട്. അവർക്ക് കല്യാണമന്വേഷിച്ച് ആരെങ്കിലും വരുമ്പോൾ മൂത്ത ഒരു മകനുണ്ടല്ലോ അവനെന്തു ചെയ്യുന്നുവെന്നു ചോദിച്ചാൽ, സ്കോട്ട് ക്രിസ്റ്റ്യൻ കോളജിൽ െലക്ചററാണെന്ന് എനിക്ക് അന്തസ്സായി പറയാം. അല്ലാതെ അവന് രാജമാണിക്യം കമ്പനിയിൽ ശ്രീകൃഷ്ണെൻറ വേഷമാണ് പണിയെന്ന് എങ്ങനെ പറയും?’’ അച്ഛെൻറ ചോദ്യങ്ങൾക്ക് ഞാനും നല്ലൊരു മറുപടി കൊടുത്തു. ‘‘ശ്രീകൃഷ്ണെൻറ വേഷം അത്ര മോശമാണെന്ന് പറയുന്നവന്മാരാരും എെൻറ പെങ്ങന്മാരെ വിവാഹം കഴിക്കേണ്ട. അച്ഛനു ദേഷ്യം വരണ്ട. കൃഷ്ണവേഷം കെട്ടാൻ അച്ഛനു പറ്റില്ലല്ലോ? അതത്ര എളുപ്പമുള്ള പണിയല്ല.’’ അച്ഛെൻറ ശാസനകളെ അടങ്ങാത്ത ആശകൾകൊണ്ട് നേരിടുകയായിരുന്നു മധു.
സ്കൂൾ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞ് ഇറങ്ങിയപ്പോൾ മധുവിനായി മലയാളത്തിെൻറ വെള്ളിത്തിര വലിച്ചിട്ടു. അതിലൂടെ പി. മാധവൻനായർ എന്ന പേര് മാറ്റി മധുവായി അവരോധിക്കപ്പെട്ടു. പിന്നീടുള്ളത് മലയാളസിനിമയുടെ ചരിത്രം. മധുവിെൻറ ചരിത്രമെന്നോ സിനിമയുടെ ചരിത്രമെന്നോ നമുക്കതിനെ വിളിക്കാം. 1963ൽ പ്രദർശനത്തിനെത്തിയ എൻ. എൻ. പിഷാരടിയുടെ ‘നിണമണിഞ്ഞ കാൽപാടുകളി’ലെ പട്ടാളക്കാരൻ സ്റ്റീഫനായി തുടങ്ങിയ ആ അഭിനയജീവിതം 55 വർഷം പിന്നിടുമ്പോഴും കാമറക്കുമുന്നിൽ നിറഞ്ഞാടുകയാണ്. ഇന്നും ഒരു വിദ്യാർഥിയുടെ മനസ്സോടെ സിനിമയെ പഠിച്ചും അറിഞ്ഞും നടിച്ചും മുന്നേറുന്നു അദ്ദേഹം. ‘‘എൻ.എസ്.ഡിയിലെ പരിശീലനത്തിെൻറ കപ്പാസിറ്റിയാണ് എന്നിലെ ആക്ട റിനുള്ളത്. ആക്ടിങ്ങിൽ ജന്മവാസനയുള്ളയാളാണ് ഞാനെന്ന തെറ്റിദ്ധാരണയൊന്നും എനിക്കില്ല. ഒരുപാട് പഠനങ്ങളുടെ ഭാഗമായി രൂപപ്പെട്ടതാണ് എന്നിലെ നടൻ. മൂന്നുവർഷത്തെ പഠനത്തിനുശേഷം സ്കൂൾ ഓഫ് ഡ്രാമയിൽനിന്നും നേരെ പോയത് സിനിമയിലേക്കാണ്. നാടകത്തിനുവേണ്ടി ഗുരുദക്ഷിണപോലും നൽകാൻ എനിക്കു കഴിഞ്ഞില്ല. സിനിമയിൽ വലിയ തിരക്കില്ല. ഞാനഭിനയിച്ചില്ലെങ്കിലും സിനിമക്ക് കുഴപ്പമൊന്നുമില്ല. ഈ സമയം നാടകത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന അന്വേഷണത്തിലാണ് ഞാൻ. എേൻറത് എളിയ ശ്രമങ്ങളാണ്. ‘അണ്ണാൻ കുഞ്ഞിനും തന്നാലായത്’ എന്നു പറയുംപോലെ’’.
കാലം മധുവിലെ നടനെ വിലയിരുത്തുന്നത് പകർന്നാടിയ കഥാപാത്രങ്ങളുടെ പേരിലായിരിക്കും. തകഴി, ബഷീർ, എം.ടി, പാറപ്പുറത്ത്, എസ്.കെ. പൊറ്റെക്കാട്, തോപ്പിൽഭാസി, ഉറൂബ്, കേശവദേവ്, മലയാറ്റൂർ ... ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ രചനകളിൽ പിറവികൊണ്ട കരുത്തുറ്റ ആൺജീവിതത്തിന് അഭ്രപാളിയിൽ ഭാവംപകരാനുള്ള നിയോഗം ഏറെയും കൈവന്നത് മധുവിനായിരുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ കാലാനുസൃതമായ മാറ്റങ്ങൾക്കിടയിലും സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങൾക്ക് ഉയിരേകിയ നടനായിട്ടായിരിക്കും മധുവിെൻറ എക്കാലത്തെയും കീർത്തി. ചെമ്മീനിലെ പരീക്കുട്ടി, ഭാർഗവീനിലയത്തിലെ സാഹിത്യകാരൻ, ഉമ്മാച്ചുവിലെ മായൻ, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടൻേപ്രമത്തിലെ ഇക്കോരൻ, വിത്തുകളിലെ ഉണ്ണി, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ്... മലയാളത്തിെൻറ സെല്ലുലോയ്ഡിൽ മധു പകർന്ന ഭാവതീക്ഷ്ണതകൾ സുവർണലിപികളിൽതന്നെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്.
‘‘പ്രതിഭാധനരായ ഒരുകൂട്ടം എഴുത്തുകാർക്കിടയിലും സത്യൻമാഷിനെപ്പോലെയും കൊട്ടാരക്കര ശ്രീധരൻ നായരെയും പോലെയുള്ള കഴിവുറ്റ നടന്മാർക്കിടയിലും ജീവിക്കാൻ കഴിഞ്ഞു എന്നതാണ് എന്നിലെ നടനുലഭിച്ച ഏറ്റവും വലിയ പുണ്യം. സിനിമയിലെത്തുംമുമ്പേ മലയാളത്തിലെ ഉത്തമ കൃതികളിൽ പലതും വായിക്കാൻ കഴിഞ്ഞിരുന്നു. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചിരുന്ന ഉറൂബിെൻറ ‘ഉമ്മാച്ചു’ അതീവ ആവേശത്തോടെയാണ് വായിച്ചിരുന്നത്. ചെമ്മീൻ വായിച്ച കാലത്ത് അതിലെ പരീക്കുട്ടിയായി അഭിനയിക്കാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. ഒടുവിലത് ഒരു നിയോഗംപോലെ എന്നിലെത്തി’’. ‘‘എനിക്ക് എന്തുമാത്രം കഴിയുമെന്ന എെൻറ വിശ്വാസങ്ങൾക്കപ്പുറം, എത്രമാത്രം അവസരങ്ങൾ കിട്ടുമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നതിനുമപ്പുറം സിനിമ എനിക്കു തന്നുകഴിഞ്ഞു. ഒരു ആക്ടർ എന്നനിലയിൽ കൂടുതലായൊന്നും ചെയ്യാനുള്ള സ്കോപ് ഇനിയുണ്ടെന്നു തോന്നുന്നില്ല. അത്തരമൊരു വേഷം ലഭിക്കുകയാണെങ്കിൽ ചെയ്യും. അങ്ങനെ ലഭിച്ചാൽ അതൊരത്ഭുതമാകും. കാരണം, സിനിമയുടെ െട്രൻഡ് മാറിക്കൊണ്ടേയിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ കുറെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞു. അങ്ങനെയൊരു ഭാഗ്യം വളരെ കുറച്ചുപേർക്കേ ലഭിച്ചിട്ടുള്ളൂ. അതിൽ തൃപ്തനാകാൻ കഴിഞ്ഞില്ലെങ്കിൽ ഞാനെന്തു മനുഷ്യനാണ്’’.
മധു എന്ന അഭിനയ പ്രതിഭ
കാലം മധുവിനെ എങ്ങനെയായിരിക്കും വായിക്കുക. നടൻ, നിർമാതാവ്, സംവിധായകൻ, വിതരണക്കാരൻ, തിരക്കഥാകൃത്ത്, സ്റ്റുഡിയോ ഉടമ ... മലയാളസിനിമയുടെ െഫ്രയിമുകളിൽ മധു എന്ന ദശരഥപ്രതിഭ കടന്നുപോകാത്ത മേഖലകൾ നന്നേ കുറവ്. സിനിമയുടെ സമസ്ത മേഖലകളിലൂടെയും കടന്നുപോകാനും വിജയിക്കാനും മധുവിന് കഴിഞ്ഞു. മഹത്തായ അനവധി സംഭാവനകൾ അദ്ദേഹത്തിൽനിന്നുണ്ടായിട്ടും അർഹമായ അംഗീകാരങ്ങൾ മധുവിന് ലഭിക്കാതെ പോയി. ‘‘ഞാൻ ആരോടും എനിക്ക് അവാർഡ് വേണമെന്നു പറഞ്ഞിട്ടില്ല. അതുകൊണ്ട് അംഗീകാരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഞാനതിൽ അഭിമാനിക്കുന്നു. കണ്ടവെൻറ ൈകയുംകാലും പിടിച്ചുള്ള ഒരവാർഡും എനിക്കു വേണ്ട. ഈ രീതിയിൽ വാങ്ങുന്ന അവാർഡ് എന്തു സന്തോഷമാണ് നമ്മിലുണ്ടാക്കുക. പുറത്ത് ജനങ്ങളുടെ മുന്നിൽ ഞാൻ വലിയ അവാർഡ് ജേതാവാണെന്ന മട്ടിൽ ഞെളിഞ്ഞുനടക്കാനാകുമായിരിക്കും. അതിനപ്പുറം ഇത്തരം അംഗീകാരങ്ങൾ മനസ്സിനൊരു സുഖവും തരില്ല. ഇതൊന്നും എെൻറ ധിക്കാരമായി കാണരുത്. അവാർഡുകളെ ഇതുവരെ ഞാൻ വലിയ കാര്യമായി കണ്ടിട്ടില്ല. എന്തുകൊണ്ടാണ് ഇത്ര ലാഘവം എന്നു ചോദിച്ചാൽ എസ്.എസ്.എൽ.സിക്കു പത്തു തവണ തോറ്റവൻ എം.എക്കാരെൻറ പരീക്ഷാപേപ്പർ വാല്യൂ ചെയ്യുമ്പോഴുള്ള അവസ്ഥയായിമാറി അവാർഡ്. അതു പാസാകുന്നതിൽ എന്താണു സന്തോഷം. ഓരോരുത്തരും പ്രവർത്തിക്കുന്ന മേഖലയിലെ പ്രാഗല്ഭ്യം പരിഗണിച്ചാണല്ലോ അവാർഡ് നൽകേണ്ടത്. അതു വിലയിരുത്തുന്നവൻ അവരേക്കാളും വലിയവനാകണ്ടേ. അങ്ങനെയൊരു അവാർഡ് ലഭിക്കുമ്പോൾ മാത്രമേ അത് അർഹതപ്പെട്ടതായി തോന്നാറുള്ളൂ’’.
പത്മപുരസ്കാരം നാലുവർഷം മുമ്പ് മലയാളത്തിെൻറ മണ്ണിലേക്കെത്തിയത് മധുവിന് പത്്മശ്രീ ചാർത്തിക്കൊണ്ടാണ്. അതിരില്ലാത്ത ആഹ്ലാദത്തോടെ ആ ശുഭവാർത്തയെ സ്വീകരിച്ചപ്പോഴും ഏതൊരു മലയാളിയുടെയും മനസ്സിൽ ഒരു സംശയം ബാക്കിനിന്നു. മധുവിന് ഇതുവരെ പത്്മപുരസ്കാരം ലഭിച്ചിരുന്നില്ലേ? അഭിനയജീവിതത്തിൽ ദശകങ്ങളുടെ അനുഭവക്കരുത്തുള്ള ആ നടനവൈഭവത്തെ തേടിയെത്താൻ ഈ അംഗീകാരം എന്തേ ഇത്ര വൈകിയത്? മധുവിെൻറ സമഗ്രസംഭാവനകളിലൂടെ കടന്നുപോകുന്ന ആർക്കും എത്രയോ ദശാബ്ദങ്ങൾക്കുമുേമ്പ അദ്ദേഹം ഇതിന് അർഹനായിരുന്നില്ലേ എന്ന് സ്വാഭാവികമായും തോന്നി. പത്്മശ്രീ ലഭിച്ചെന്നു കരുതി, പലരും ചെയ്യാറുള്ളതുപോലെ പേരിനൊപ്പം ആ ബഹുമതിയുടെ കിന്നരി പിടിപ്പിച്ച ആ അലങ്കാരങ്ങളെ തലയിലേറ്റാൻ മധു ഇന്നും തയാറല്ല. സ്വന്തം പ്രതിഭയിൽ ഒരു കലാകാരനുള്ള അടിയുറച്ച ആത്്മവിശ്വാസത്തിെൻറ പ്രതിഫലനമാണത്. അംഗീകാരങ്ങളുടെ പൊന്നാടകൾകൊണ്ട് എത്ര മൂടിയാലും അതിെൻറ ധവളിമയിൽ മതിമറന്നുപോകില്ല മധു എന്ന മലയാളത്തിെൻറ മധുസാർ. അതുതന്നെയാണ് മറ്റുള്ളവരിൽനിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.