അമേരിക്കയിലെ പ്രശസ്തയായ ടെലിവിഷൻ അവതാരിക ഒാപ്ര വിൻഫ്രേയുടെ ഗോൾഡൻ ഗ്ലോബിലെ പ്രസംഗം ചരിത്രമാകുന്നു. സീസിൽ ബി ഡിമൈൽ അവാർഡ് സ്വീകരിച്ചതിന് ശേഷം വിൻഫ്രേ നടത്തിയ പ്രസംഗം ഹോളിവുഡിൽ ചർച്ചയാവുകയാണ്. സിനിമയിലെ സ്ത്രീകൾക്ക്, ‘മീ ടൂ’ കാമ്പയിനുകൾ നടത്തേണ്ട സാഹചര്യമില്ലാത്ത കാലം വരുമെന്ന, ഒാപ്രയുടെ പ്രവചനം, നിറഞ്ഞ കരഘോഷത്തോടെയാണ് താര നിബിഢമായ സദസ്സ് ഏറ്റെടുത്തത്.
മാസങ്ങളായി ഹോളിവുഡിനെ പിടിച്ചുലച്ച കാസ്റ്റിങ്ങ് കൗച്ച് വിവാദത്തെ തുടർന്ന് പ്രചരിച്ച ഹാഷ് ടാഗ് കാമ്പയിനാണ് ‘മീ ടൂ’. പ്രമുഖ നിർമാതാവ് ഹാർവി വെയിൻസ്റ്റൈനെതിരെ ലൈംഗിക ചൂഷണം ആരോപിച്ച് മുൻനിര നടിമാരടക്കം രംഗത്ത് വരികയും അതിലൂടെ അയാൾ അകത്താവുകയും ചെയ്തിരുന്നു. വെയിൻസ്റ്റൈൻ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ച നടിമാർക്ക് വിൻഫ്രേ അഭിനന്ദനമറിയിച്ചു.
ലോക പ്രശസ്ത ടോക്ക് ഷോയായ ‘ഒാപ്രാ വിൻഫ്രേ ഷോ’യുടെ അവതാരിക, ഗോൾഡൻ ഗ്ലോബിൽ ‘സീസിൽ ബി ഡിമൈൽ’ പുരസ്കാരം സ്വീകരിക്കാനെത്തിയതായിരുന്നു. ആദ്യമായാണ് ഒരു കറുത്ത വർഗക്കാരി ഇൗ പുരസ്കാരത്തിനർഹയാവുന്നത്. ഇത് വരെ 15 സ്ത്രീകൾക്ക് മാത്രമാണ് ഡിമൈൽ പുരസ്കാരം ലഭിച്ചത്.
1964ൽ ആൻ ബാൻക്രോഫ്റ്റ് മികച്ച നടനുള്ള 36ാമത് ഒാസ്കാർ പുരസ്കാരം സമ്മാനിക്കുന്നതിന് വേദിയിലേക്ക് വന്നു കയ്യിലുള്ള എൻവലപ്പ് തുറന്ന് ആൻ വായിച്ച വാക്കുകൾ ചരിത്രമായി. മികച്ച നടൻ ‘സിഡ്നി പോയിറ്റയർ’ ആദ്യമായി ഒരു കറുത്ത വർഗക്കാരന് ഒാസ്കർ ലഭിക്കുന്നത് കണ്ടത് അമ്മയുടെ വീട്ടിലെ ടി.വിയിൽ, 1982ൽ ഡിമൈൽ പുരസ്കാരം അതേ സിഡ്നിക്ക് ലഭിക്കുന്നത് കണ്ട് കുളിര് കോരിയതുമൊക്കെ ഒാർത്തെടുത്ത വിൻഫ്രേ, വീട്ടിലെ വിലകുറഞ്ഞ കസേരയിലിരുന്ന് അവാർഡ് നിശകൾ കണ്ട് കൊണ്ടിരുന്ന ആ പെൺകുട്ടിയിൽ നിന്ന് ഡിമൈൽ പുരസ്കാരം ലഭിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയായതിെൻറ ആഹ്ലാദവും അതിശയവും മറച്ചു വച്ചില്ല. ‘അവരടങ്ങുന്ന ചടങ്ങിൽ ഇൗ പുരസ്കാരം ഏറ്റുവാങ്ങുന്നതിൽ അതീവ സന്തുഷ്ടയാണെന്നും’ വിൻഫ്രേ കൂട്ടിച്ചേർത്തു.
വർഷങ്ങളോളം അഭിനയ രംഗത്ത് നേരിട്ട പീഡനങ്ങൾ തുറന്ന് പറയാനാവാതെ വിട്ട് പിരിഞ്ഞ മുൻ നടിമാർക്ക് വിൻഫ്രേ അനുശോചനം രേഖപ്പെടുത്തി. പുരുഷാധിപത്യത്തിനെതിരെ ശബ്ദിക്കാനോ പ്രവർത്തിക്കാനോ മടിച്ച പഴയ കാലം അവസാനിച്ചെന്നും നിറഞ്ഞ ആരവത്തോടെ ഒാപ്ര വിൻഫ്രേ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.