വെള്ളിത്തിരയുടെ ശ്രീവിദ്യ മറഞ്ഞിട്ട് 11 വർഷം...

വെള്ളിത്തിരയുടെ ശ്രീ വിടവാങ്ങിയിട്ട് പതിനൊന്ന് വർഷം പൂർത്തിയാവുകയാണ്. ശ്രീത്വം തുളുമ്പുന്ന ആ മുഖത്തിന് സമാനമായൊരു മുഖം വെള്ളിത്തിരയിൽ പിന്നീടുണ്ടായില്ല. അല്ലെങ്കിലും സിനിമ അങ്ങിനെയാണ്, ചിലർ വന്ന്  അരങ്ങ് തകർത്ത് ആടിപ്പാടി ഒരു ദിനം മറഞ്ഞു പോകും. അയാൾ നികത്തുന്ന വിടവ് ഒരു പക്ഷേ മറ്റു മുഖങ്ങൾക്ക് നികത്താനാവില്ല. അത്പോലെയാണ് മലയാളത്തിന് നഷ്ടപ്പെട്ട ശ്രീവിദ്യ. ശേഷം നിരവധി മുഖങ്ങൾ അരങ്ങിൽ ആടിപ്പാടിയെങ്കിലും ശ്രീവിദ്യക്ക് പകരമായില്ല. മെലോഡ്രാമകളിൽ മുഖരിതമായ മലയാള സിനിമയുടെ ചരിത്രത്തിൽ ശ്രീവിദ്യ അഭിനയത്തികവുകൊണ്ടാണ് തന്‍റെ പേര് എഴുതിച്ചേർത്തത്. റൌഡി രാജമ്മ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിൽ പുതിയ ഒരു ഭാഷ രചിക്കുകയായിരുന്നു അവർ.

ആർ. കൃഷ്ണമൂർത്തിയുടെയും പ്രശസ്തഗായിക എം.എൽ. വസന്തകുമാരിയുടേയും മകളായി ചെന്നൈയിലാണ് ശ്രീവിദ്യ ജനിച്ചത്. നൃത്തത്തിന്‍റെയും സംഗീതത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളര്‍ന്നത്.  പതിമൂന്നാം വയസില്‍ തിരുവുള്‍ ചൊല്വതര്‍ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. 1969ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവല എന്ന സിനിമയിലൂടെയാണ് ശ്രീവിദ്യയെ മലയാള സിനിമക്ക് ലഭിക്കുന്നത്.

കുസൃതിനിറഞ്ഞ നോട്ടവും നിഷ്കളങ്കമായ ചിരിയുമുള്ള ശ്രീവിദ്യ മലയാളിയുടെ മനസ്സിൽ ഈ ഒരു ചിത്രത്തിലൂടെ നടന്നുകയറി. പുരാണ ചിത്രമായ ‘അംബ അംബിക അംബാലികയിലെ’ വേഷവും ശ്രദ്ധേയമായി. ‘സൊല്ലത്താൻ നിനക്കിറേൻ’, ‘അപൂർവരാഗങ്ങൾ’ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും അവർ വ്യക്തിമുദ്ര പതിപ്പിച്ചു. ‘ചെണ്ട’, ‘ഉത്സവം’, ‘തീക്കനൽ’, ‘ഇടവഴിയിലെ മിണ്ടാപ്പൂച്ച’, ‘വേനലിൽ ഒരു മഴ’, ‘ആദാമിന്റെ വാരിയെല്ല്’, ‘എന്റെ സൂര്യപുത്രിക്ക്’ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. മലയാളം,കന്നട, തമിഴ്, ഹിന്ദി എന്നിവ ഉൾപ്പെടെ ആറോളം ഭാഷകളിലെ ചിത്രങ്ങളിൽ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. 

രചന,ദൈവത്തിന്റെ വികൃതികള്‍, ജീവിതം ഒരു ഗാനം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്കാരങ്ങളും ശ്രീവിദ്യയെ തേടിയെത്തി. മധുവിന്റെ നായികയായിട്ടാണ് ശ്രീവിദ്യ കൂടുതലും അഭിനയിച്ചിട്ടുള്ളത്. സത്യന്‍- ശാരദ, നസീര്‍- ഷീല ജോഡികള്‍ പോലെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്ന ജോഡിയായിരുന്നു മധു-ശ്രീവിദ് ജോഡി. ചെണ്ട,തീക്കനല്‍,അരക്കള്ളന്‍ മുക്കാക്കള്ളന്‍ എന്നീ ചിത്രങ്ങളിലെ മധു-ശ്രീവിദ്യ കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടു. തീക്കനല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ നിര്‍മ്മാതാവായിരുന്ന ജോര്‍ജ്ജ്  തോമസുമായി പ്രണയത്തിലായി . 1979ല്‍ വിവാഹിതരാകുകയും പിന്നീട് ഇരുവരും വേര്‍പിരിയുകയും ചെയ്തു. 

കാൻസർ ബാധിച്ച് ശ്രീവിദ്യ 2006 ഒക്ടോബർ 19-നു അന്തരിച്ചു. അമ്മത്തമ്പുരാട്ടി എന്ന സീരിയലിൽ അഭിനയിക്കുകയായിരുന്നു ശ്രീവിദ്യ അവസാന കാലത്ത്.

Full View
Tags:    
News Summary - Sreevidya Death Anniverssry-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.