ഗുജറാത്തിലെ സാമ്പത്തിക പിന്നാക്ക സംവരണം ഹൈകോടതി റദ്ദാക്കി

അഹ്മദാബാദ്: ഗുജറാത്തില്‍ സംവരണേതര വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഹൈകോടതി റദ്ദാക്കി. സംവരണമാവശ്യപ്പെട്ട് പ്രതിഷേധത്തിനിറങ്ങിയ പട്ടേല്‍ സമുദായക്കാരെ തണുപ്പിക്കാന്‍ നീക്കം നടത്തിയ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടിയാണ് ഹൈകോടതി നടപടി. മേയ് ഒന്നിന് പുറത്തിറക്കിയ ഓര്‍ഡിനന്‍സ് അനുചിതവും ഭരണഘടനാവിരുദ്ധവുമാണെന്ന് നിരീക്ഷിച്ച കോടതി ഒരു പ്രത്യേക വിഭാഗത്തിന് ക്വോട്ട ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ വെറുമൊരു വര്‍ഗീകരണമല്ല, മറിച്ച് സംവരണം തന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു. സംവരണേതര വിഭാഗത്തിലെ ദരിദ്രര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കുന്നതോടെ മൊത്തം ക്വോട്ട 50 ശതമാനം കടക്കുമെന്നും ഇത് സുപ്രീംകോടതിയുടെ മുന്‍ തീരുമാനത്തിന്‍െറ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡിയും ജസ്റ്റിസ് വി.എം. പഞ്ചോലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. യാതൊരു പഠനവും ശാസ്ത്രീയ തെളിവുകളുമില്ലാതെയാണ് സര്‍ക്കാര്‍ ഈ വിഭാഗത്തിന് സംവരണമേര്‍പ്പെടുത്തിയതെന്നും കോടതി പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കാന്‍ സമയം ലഭിക്കാന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്ളീഡര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.

ദയാറാം വര്‍മ, രാവ്ജിഭായ് മനാനി, ദുലാരി ബസാര്‍ഗേ എന്നിവരും ഗുജറാത്ത് പാരന്‍റ്സ് അസോസിയേഷനും വ്യത്യസ്തമായാണ് സംവരണ വിഭാഗങ്ങളില്‍പെടാത്തവരിലെ സാമ്പത്തികപിന്നാക്കക്കാര്‍ക്ക് സംവരണമേര്‍പ്പെടുത്തിയതിനെതിരെ ഹരജി നല്‍കിയത്.  അതേസമയം ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി. 10 ശതമാനം സംവരണം പ്രഖ്യാപിച്ചപ്പോള്‍ തങ്ങള്‍ ഏതുവിധേനയും ഇതുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാനം വ്യക്തമാക്കിയിരുന്നതായും വിധിക്കെതിരെ പരമോന്നത കോടതിയെ സമീപിക്കുമെന്നും ആരോഗ്യമന്ത്രിയും ഗുജറാത്ത് സര്‍ക്കാര്‍ വക്താവുമായ നിതിന്‍ പട്ടേല്‍ പറഞ്ഞു. അതേസമയം വിധി സ്വാഗതം ചെയ്ത പാട്ടീദാര്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ തങ്ങള്‍ ഒ.ബി.സി വിഭാഗത്തിലെ സംവരണത്തിനായി സമരവുമായി മുന്നോട്ടുപോകുമെന്നറിയിച്ചു.  ഭരണഘടനാപരമായ സംവരണമാണ് തങ്ങള്‍ക്ക് വേണ്ടതെന്നതിനാല്‍ വിധി സ്വാഗതം ചെയ്യുന്നതായി ഹാര്‍ദിക് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.