തമിഴ്നാട് മുന്‍ മന്ത്രി സെന്തില്‍ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് പരാതി

ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും മുന്‍ ഗതാഗത മന്ത്രിയുമായ സെന്തില്‍ ബാലാജി ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായി പരാതി. 2014ല്‍ 38 പേരില്‍നിന്ന് 60 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്നാണ് ആരോപണം. ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരനായ ബാബു, രംഗരാജ് എന്നിവര്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചാണ് പണം കൈക്കലാക്കിയത്.

സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റായ സുബയ്യയാണ് മദ്രാസ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്. ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം ശേഖരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥനായ ബാബുവിന് നല്‍കിയെന്ന് സുബയ്യ പറയുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കുമെന്ന് ബാബു ഉറപ്പ് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് അന്ന് മന്ത്രിയായിരുന്ന സെന്തില്‍ ബാലാജിയുമായി സംസാരിച്ചിരുന്നെന്ന് ബാബു പറഞ്ഞിരുന്നു.

ഇതിനിടയില്‍ ബാബു വിരമിക്കുകയും രംഗരാജന്‍ ആ പദവിയിലേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന്, ചുരുക്കം ചിലര്‍ക്ക് നിയമന ഉത്തരവ് നല്‍കി. എന്നാല്‍, ഇത് വ്യാജമായിരുന്നെന്ന് പിന്നീട് തെളിഞ്ഞതായി ഹരജിയില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.