ട്രെയിനിലെ കൊള്ളയടി: സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്ന് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍

കോയമ്പത്തൂര്‍: ട്രെയിനില്‍ കോടിക്കണക്കിന് രൂപ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഭാഗത്തുനിന്ന് റെയില്‍വേ പൊലീസിന്‍െറ സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ളെന്ന് സേലം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ഹരിശങ്കര്‍ വര്‍മ.

പഴയ നോട്ടുകളാണെന്നും സ്വന്തം നിലയില്‍ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്താമെന്നും ഐ.ഒ.ബി അധികൃതര്‍ അറിയിച്ചിരുന്നു. ലോക്കല്‍ പൊലീസിന്‍െറ സഹായത്തോടെയാകും കൊള്ള നടന്നതെന്നും ഡിവിഷനല്‍ മാനേജര്‍ സംശയം പ്രകടിപ്പിച്ചു. സാധാരണയിലും പത്ത് മിനിറ്റ് മുമ്പെ ട്രെയിന്‍ വിരുതാചലത്ത് എത്തിയിരുന്നു. പത്ത് മിനിറ്റ് വൈകിയാണ് പുറപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സേലം-ചെന്നൈ ട്രെയിനില്‍ പാര്‍സല്‍ ബോഗിക്ക് മുകളില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ദ്വാരം നിര്‍മിച്ച് 5.75 കോടിയോളം രൂപ കൊള്ളയടിച്ചത് വിരുതാചലം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാവണമെന്നാണ് പൊലീസ് നിഗമനം. സേലം മുതല്‍ ചെന്നൈ വരെയുള്ള റെയില്‍വേ സ്റ്റേഷനുകളിലെ സി.സി.ടി.വി കാമറകളും പരിശോധനാവിധേയമാക്കുന്നുണ്ട്.  ലോക്കല്‍ പൊലീസും ആര്‍.പി.എഫും സംയുക്തമായാണ് നടപടികള്‍ സ്വീകരിക്കുന്നത്. പൊലീസ് സംഘങ്ങള്‍ റെയില്‍പാത മുഴുവനായും പരിശോധനാവിധേയമാക്കുന്നുണ്ട്. 226 പെട്ടികളിലായി 342 കോടി രൂപയുടെ പഴയതും കീറിയതുമായ 23 ടണ്‍ നോട്ടുകള്‍ കൊണ്ടുപോകാന്‍ പാര്‍സല്‍ സര്‍വീസ് ചാര്‍ജായി 44,620 രൂപയാണ് ഐ.ഒ.ബി അധികൃതര്‍ അടച്ചത്.

226 പെട്ടികളില്‍ നാല് എണ്ണം മാത്രമാണ് പൊളിച്ചതായി കണ്ടത്. റിസര്‍വ് ബാങ്കധികൃതര്‍ എളമ്പുര്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. പണപ്പെട്ടികള്‍ കയറ്റിയ സേലം റെയില്‍വേ സ്റ്റേഷനിലാണ് കൊള്ള നടന്നതെന്നും പൊലീസ് സംശയിക്കുന്നു. ബാങ്ക് ജീവനക്കാര്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍, പെട്ടികള്‍ കയറ്റിയ ചുമട്ടുതൊഴിലാളികള്‍ തുടങ്ങിയവരെ ചോദ്യം ചെയ്തു. ഇതാദ്യമായാണ് തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ഇത്തരമൊരു കൊള്ള നടന്നതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.