ന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ കൂട്ടാനും റോഡപകടങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്ന ‘മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2016’ ലോക്സഭയില്‍ അവതരിപ്പിച്ചു. പുതിയ നിയമം ലോക്സഭയില്‍ ചൊവ്വാഴ്ചതന്നെ പാസാക്കിയെടുക്കാനായിരുന്നു ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രമം. എന്നാല്‍, ബില്ലിന്‍െറ കോപ്പി എം.പിമാര്‍ക്കിടയില്‍ വിതരണം ചെയ്തില്ളെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തു. ഇതേതുടര്‍ന്ന് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാന്‍ ധാരണയായി.
ഇതോടെ ബില്‍ ആഗസ്റ്റ് 12ന് സമാപിക്കുന്ന നടപ്പുസമ്മേളനത്തില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ ശ്രമം നടക്കില്ളെന്ന് ഉറപ്പായി. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനക്കു വിട്ട ബില്‍ സഭയില്‍ തിരിച്ചുവരാന്‍ മാസങ്ങളെടുക്കും. നടപടിക്രമം അനുസരിച്ച് സഭയില്‍ അവതരിപ്പിക്കുന്ന പുതിയ ബില്‍ 72 മണിക്കൂര്‍ മുമ്പെങ്കിലും എം.പിമാര്‍ക്ക് ലഭ്യമാക്കാറുണ്ട്.
ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പഠിച്ച് അഭിപ്രായം പറയാന്‍ എം.പിമാര്‍ക്ക് സമയം ലഭിക്കുന്നതിനു വേണ്ടിയാണിത്. ബില്ലിന്‍െറ കോപ്പി ലഭിച്ചിട്ടില്ലാത്തതിനാല്‍ അവതരണാനുമതി നല്‍കരുതെന്ന് കോണ്‍ഗ്രസ്, ടി.എം.സി, ഇടത് അംഗങ്ങള്‍ സ്പീക്കര്‍ സുമിത്ര മഹാജനോട് ആവശ്യപ്പെട്ടു.
എന്നാല്‍, പ്രതിപക്ഷത്തിന്‍െറ എതിര്‍പ്പ് അവഗണിച്ച് സ്പീക്കര്‍ ബില്ലിന് അവതരണാനുമതി നല്‍കി. പ്രതിപക്ഷ ബഹളത്തിനിടെ ബില്‍ സഭയില്‍ വെച്ചെങ്കിലും ചര്‍ച്ച തുടങ്ങാനായില്ല.
തുടര്‍ന്ന് ഉച്ചയോടെ ചേര്‍ന്ന സഭയുടെ കാര്യോപദേശക സമിതിയില്‍ കോണ്‍ഗ്രസും ടി.എം.സിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധം അറിയിച്ചു. കാര്യോപദേശക സമിതിയിലുണ്ടായ സമവായത്തിന്‍െറ അടിസ്ഥാനത്തില്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയും ചെയ്തു.
പ്രതിവര്‍ഷം ഉണ്ടാകുന്ന അഞ്ചു ലക്ഷം റോഡപകടങ്ങളില്‍ ഒന്നര ലക്ഷം പേരാണ് രാജ്യത്ത് മരിക്കുന്നതെന്നതിനാല്‍ അത് പകുതിയായി കുറക്കാന്‍ ലക്ഷ്യമിടുന്ന നിയമസഭ ഭേദഗതി പാസാക്കാന്‍ സഹകരിക്കണമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. ധനമന്ത്രിമാരുടെ യോഗത്തില്‍ ചര്‍ച്ചചെയ്ത് തയാറാക്കിയ ബില്‍ ആണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.