ലഖ്നോ/വിജയവാഡ: ദലിതര്‍ക്കെതിരായ അക്രമം നിര്‍ത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനുശേഷവും ആന്ധ്രയിലും യു.പിയിലും ദലിതര്‍ക്ക് ക്രൂരമര്‍ദനം.
കഴിഞ്ഞ മാസം ഗുജറാത്തിലെ ഉനയിലുണ്ടായതിന് സമാന സംഭവം ആന്ധ്രയില്‍ ആവര്‍ത്തിച്ചു. വിജയവാഡയില്‍ പശുവിനെ മോഷ്ടിച്ച് കൊന്നുവെന്ന് ആരോപിച്ച് ദലിത് സഹോദരന്മാരെ നഗ്നരാക്കി തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിച്ചു. പ്രധാനമന്ത്രി ആന്ധ്രയില്‍ സന്ദര്‍ശനം നടത്തിയ തിങ്കളാഴ്ചയാണ് അമലാപുരത്ത് സഹോദരന്മാരായ മൊകാതി എലിസയും ലാസറും ക്രൂരമായ ആക്രമണത്തിനിരയായത്. സാരമായ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
ആക്രമണം നടത്തിയത് ഗോരക്ഷാപ്രവര്‍ത്തകരല്ളെന്ന് പൊലീസ് വിശദീകരിച്ചു. പശുക്കളെ കാണാതായതിനെ തുടര്‍ന്ന് സഹോദരന്മാരായ ഗംഗാദര്‍ റാവുവും രമണയും നടത്തിയ അന്വേഷണത്തിനിടെ ദലിത് സഹോദരന്മാര്‍ ചേര്‍ന്ന് ചത്ത പശുക്കളുടെ തോലുരിക്കുന്നത് കണ്ടു. തങ്ങളുടെ പശുവിനെ കൊന്നാണ് തോലുരിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയില്‍ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നാലു ദലിതുകളെ മര്‍ദിച്ചു.
മാടുകളെ കൊണ്ടുപോവുകയായിരുന്ന വണ്ടി തടഞ്ഞാണ് ബജ്റംഗ്ദള്‍ ജില്ലാ പ്രസിഡന്‍റിന്‍െറ നേതൃത്വത്തിലെ സംഘം ആക്രമണം അഴിച്ചുവിട്ടത്. വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്തിയില്ളെന്നും പശുവിനെ മോഷ്ടിച്ചുകൊണ്ടുപോവുകയാണെന്ന സംശയത്തിലാണ് ആക്രമിച്ചതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. സംഭവസ്ഥലത്തത്തെിയ പൊലീസ് ആക്രമണത്തിന് ഇരയായവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.
സാംബാള്‍ ജില്ലയിലെ ഗുന്നോറില്‍ ക്ഷേത്രത്തിലെ പൈപ്പില്‍നിന്ന് വെള്ളം കുടിക്കാനത്തെിയ ദലിത് ബാലിയെ ക്ഷേത്ര പുരോഹിതന്‍ ‘ചമാര്‍’ എന്ന് വിളിച്ച് ആക്ഷേപിച്ചു. വെള്ളം കുടിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്ന് ചോദിച്ച് തന്നെ അടിച്ചതായും 13കാരി സുധ പറഞ്ഞു. അച്ഛനോടൊപ്പം പാടത്ത് പണിക്ക് വന്നതായിരുന്നു കുട്ടി. ഇക്കാര്യം ചോദിക്കാനത്തെിയ കുട്ടിയുടെ അച്ഛന്‍ ചരണ്‍സിങ്ങിനെയും പുരോഹിതനും മറ്റൊരാളും ചേര്‍ന്ന് ത്രിശൂലം കൊണ്ട് അടിച്ചു. ക്ഷേത്ര പൈപ്പില്‍നിന്ന് വെള്ളം കുടിക്കുന്നതിന് ദലിതുകള്‍ക്ക് വിലക്കുണ്ടെന്ന് ചരണ്‍സിങ്ങ് പറഞ്ഞു. പുരോഹിതനെ കസ്റ്റഡിയിലെടുത്തു. ദലിതുകള്‍ക്കുനേരെ സഹതാപമല്ല, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണ് വേണ്ടതെന്ന് ബി.എസ്.പി നേതാവ് മായാവതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
മുസഫര്‍നഗര്‍ ജില്ലയിലെ തുഗല്‍പൂര്‍ ഗ്രാമത്തില്‍ ദലിത് യുവാവിനെ ഗ്രാമമുഖ്യനും സംഘവും ചേര്‍ന്ന് ആക്രമിച്ചതായി യുവാവ് പൊലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ചയാണ് വയലിലേക്ക് പോവുകയായിരുന്ന വിനോദ്കുമാറിനെ ഗ്രാമമുഖ്യന്‍ പെര്‍ട്ടല്‍ സിങ്ങിന്‍െറ നേതൃത്വത്തിലെ സംഘം മര്‍ദിച്ചത്. സംഭവത്തില്‍ പെര്‍ട്ടല്‍ സിങ് അടക്കം രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. ജൂലൈ 11നാണ് ഗുജറാത്തിലെ ഉനയില്‍ പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ദലിത് യുവാക്കളെ കാറില്‍ കെട്ടിയിട്ട് പരസ്യമായി മര്‍ദിച്ചത്. സംഭവത്തിന് പിന്നാലെ ദലിത് സംഘടനകള്‍ തുടങ്ങിയ പ്രതിഷേധം ഗുജറാത്തില്‍ തുടരുകയാണ്.
വിജയവാഡയിലെ ദലിത് പീഡനം ബുധനാഴ്ച ബി.എസ്.പി എം.പി. സതീഷ് മിശ്ര രാജ്യസഭയില്‍ ഉന്നയിച്ചു. ദലിതുകളെ ആക്രമിക്കരുതെന്നും തന്നെ ആക്രമിച്ചോളൂ എന്നും പ്രധാനമന്ത്രി പറഞ്ഞതിന്‍െറ അര്‍ഥം ഇതാണോയെന്നും സതീഷ് മിശ്ര ചോദിച്ചു.
ഗോരക്ഷാപ്രവര്‍ത്തകരുടെ നടപടിയെ അപലപിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവങ്ങള്‍. ദലിതുകള്‍ക്കെതിരായ ആക്രമണം വ്യാഴാഴ്ച ലോക്സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.