അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം –കുല്‍ദീപ് നയാര്‍

ന്യൂഡല്‍ഹി: ജനാധിപത്യ-മതേതര രാജ്യത്ത് ഹിന്ദുത്വം മേല്‍ക്കൈ നേടിയിരിക്കെ, സമൂഹത്തില്‍ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍. അത് മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പരമാധികാരം ഉറപ്പിക്കുന്നതില്‍ ചാലകശക്തിയാണെന്ന ബോധത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കണം. ഉദാത്തമായ മാധ്യമ പ്രവര്‍ത്തനത്തിന്‍െറ കാലം കടന്നുപോയെന്നു പറയുമ്പോള്‍തന്നെ, ഇന്നത്തെ പ്രവണത തുടരുന്നത് കൂടുതല്‍ അപകടം ചെയ്യും.

ചില തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഈ തൊഴില്‍ തെരഞ്ഞെടുക്കണം. പ്രധാനമായും വരുമാനത്തിലും ആനുകൂല്യങ്ങളിലും കേന്ദ്രീകരിക്കുന്ന വിധം മാധ്യമ പ്രവര്‍ത്തകര്‍ ജോലിയുടെ അടിമകളാവുന്നത് ജനങ്ങളോടു മാത്രമല്ല, തന്നോടുതന്നെയും കാണിക്കുന്ന വഞ്ചനയാണ്. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി ജോലി കളയാന്‍ ആരും തയാറല്ല. എന്നാല്‍, തൊഴില്‍ പോകുമെന്ന പേടി മാധ്യമ പ്രവര്‍ത്തകരെ ഭരിക്കരുത്.

മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കുറവാണെന്ന് പറയാമെങ്കിലും അവ സ്വതന്ത്രമല്ല. അതിനൊപ്പം മിക്ക ടി.വി ചാനലുകളും ഇന്ന് ഭൂമാഫിയകളാണ് നടത്തുന്നതെന്ന സ്ഥിതിയായിരിക്കുന്നു. സ്വാധീനങ്ങള്‍ പ്രകടം. പല മുന്നേറ്റങ്ങള്‍ക്കും വേണ്ട ആവേശത്തിന്‍െറ തീപ്പൊരി ഉയര്‍ത്തിവിട്ട കേരളത്തില്‍നിന്ന് മാധ്യമങ്ങള്‍ക്കെതിരായി ഉണ്ടാവുന്ന സംഭവങ്ങള്‍ ഉത്കണ്ഠ ഉളവാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. നാരായണന്‍, ഡല്‍ഹി ഘടകം ഭാരവാഹികളായ പ്രശാന്ത് രഘുവംശം, എം. പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.