അരുണാചലിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന്; കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടേക്കും

ന്യൂഡൽഹി: അരുണാചല്‍ പ്രദേശില്‍ നബാം തുക്കി സര്‍ക്കാരിന്‍റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്. രാഷ്ട്രപതി ഭരണം റദ്ദാക്കിയതിന് ശേഷം സുപ്രീം കോടതിയാണ് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്. വോട്ടെടുപ്പ് നീട്ടി വെക്കണമെന്ന മുഖ്യമന്ത്രി നബാം തുക്കിയുടെ ആവശ്യം തള്ളി ഇന്ന് തന്നെ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ തീരുമാനിക്കുകയായിരുന്നു.

അറുപത് അംഗങ്ങളുള്ള അരുണാചല്‍ പ്രദേശ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 31 എം.എല്‍എ.മാരുടെ പിന്തുണ വേണം. നിലവിൽ കോണ്‍ഗ്രസിന് പതിനഞ്ച് പേരുടെ പിന്തുണ മാത്രമാണുള്ളത്. 45 എം.എ.ല്‍എമാരുടെ പിന്തുണയിലാണ് കോൺഗ്രസ് ഭരണത്തിലെത്തിയത്. മുന്‍ ധനമന്ത്രി കലികോ പുളിന്‍റെ നേതൃത്വത്തില്‍ 30 എം.എ.ല്‍എമാര്‍ അരുണാചല്‍ പ്രദേശ് പ്യൂപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഈ സാഹചര്യത്തിൽ കോണ്‍ഗ്രസിന് ഭൂരിപക്ഷം തെളിയിക്കാനാകില്ല.

വിമതരെ അനുനയിപ്പിക്കുന്നതിനുള്ള സമയം തേടിയാണ് വിശ്വാസ വോട്ടെടുപ്പിന് പത്ത് ദിവസത്തെ സാവകാശം കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഇത് ഗവര്‍ണര്‍ തള്ളി. 11 ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടേ 46 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് കലികോ പുൾ അവകാശപ്പെടുന്നു. ഈ സാഹചര്യത്തില്‍ അധികാരം നിലനിര്‍ത്താന്‍ നബാം തുകിക്ക് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഉച്ചക്ക് രണ്ട് മണിക്കാണ് വിശ്വാസ വോട്ടെടുപ്പിനായി നിയമസഭ ചേരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.