ഇറ്റാനഗർ: അരുണാചലിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി. കോൺഗ്രസ് നേതാവ് പെമ ഖണ്ഡു പുതിയ മുഖ്യമന്ത്രിയായി അധികാരമേൽക്കും. 44 എം.എൽ.എമാർ പെമ ഖണ്ഡുവിന് പിന്തുണ പ്രഖ്യാപിച്ച് ഗവർണറെ സന്ദർശിച്ചതോടെയാണ് കോൺഗ്രസിന് ഭരണം നിലനിർത്താൻ അവസരമൊരുങ്ങിയത്. ഇതോടെ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകില്ല.
അരുണാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ഇന്ന് നിയമസഭയിൽ വിശ്വാസ വോട്ട് തേടാനിരിക്കെയായിരുന്നു കോൺഗ്രസിന്‍റെ നാടകീയ നീക്കങ്ങൾ. ഇന്ന് രാവിലെ നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി നബാം തുക്കി രാജിവെക്കുകയും പകരം പെമ ഖണ്ഡുവിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. വിമത എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കാനാണ് യുവാവായ പെമ ഖണ്ഡുവിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്‍.മുൻമുഖ്യമന്ത്രിയുടെ മകനായ 36 കാരന്‍റെ പിന്നിൽ വിമത എം.എൽ.എമാർ അണിനിരക്കുമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽപിഴച്ചില്ല. വിശ്വാസ വോട്ടെടുപ്പിന് 10 ദിവസത്തെ സാവകാശം വേണമെന്ന തുക്കിയുടെ ആവശ്യം ഗവര്‍ണര്‍ തള്ളിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്‍റെ അപ്രതീക്ഷിത നീക്കം. നബാം തുക്കിയെ അംഗീകരിക്കാത്ത 30 കോൺഗ്രസ് എം.എൽ.എമാർ മുന്‍ ധനമന്ത്രി കലികോ പുളിന്‍റെ നേതൃത്വത്തില്‍ അരുണാചല്‍ പ്രദേശ് പ്യൂപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കമാണ് ഫലം കണ്ടത്.
ബുധനാഴ്ചയാണ് സുപ്രീം കോടതി ചരിത്രപരമായ വിധിയിലൂടെ അരുണാചല്‍ പ്രദേശിലെ നബാം തുക്കി സര്‍ക്കാരിനെ പുനരവരോധിച്ചത്. അന്നുതന്നെ ഡൽഹിയിലെ അരുണാചല്‍ ഹൗസില്‍വെച്ച് നബാം തുക്കി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നബാം തുക്കി സര്‍ക്കാരിനെ പുറത്താക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.