ന്യൂഡല്‍ഹി: സന്നദ്ധ സംഘടനകളും പൊതുപ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും അവരുടെ ഭാര്യ, ആശ്രിതരായ മക്കള്‍ എന്നിവരും ആസ്തി - ബാധ്യത വെളിപ്പെടുത്തണമെന്ന ലോക്പാല്‍, ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 44 ഇളവു ചെയ്യുന്നു. ഇതിന്‍െറ ഭാഗമായി ആസ്തി, ബാധ്യത വെളിപ്പെടുത്താനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു കൊണ്ടുള്ള നിയമ ഭേദഗതി സര്‍ക്കാര്‍ തിരക്കിട്ട് ലോക്സഭയില്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം പാസാക്കി. ആസ്തി - ബാധ്യത വെളിപ്പെടുത്താനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഇതിനെതുടര്‍ന്നാണ് ഭേദഗതി തിരക്കുപിടിച്ച് ചര്‍ച്ച കൂടാതെ ശബ്ദവോട്ടോടെ പാസാക്കിയത്. ലോക്പാല്‍ ബില്‍ ലോക്സഭയുടെ ബുധനാഴ്ചത്തെ കാര്യപരിപാടിയില്‍ ഉണ്ടായിരുന്നില്ല. മന്ത്രിസഭയുടെ അംഗീകാരം നേടുന്നതിന് മുമ്പാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.
പ്രധാനമന്ത്രിക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് അദ്ദേഹത്തിന്‍െറ അനുമതിയോടെയാണ് ഇങ്ങനെ ചെയ്തത്. ലോക്സഭ പാസാക്കിയശേഷം ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നല്‍കി. ഭേദഗതി നടപ്പാകണമെങ്കില്‍ രാജ്യസഭയില്‍കൂടി പാസാകണം.
സെക്ഷന്‍ 44 എടുത്തുകളയണമെന്ന് പാര്‍ട്ടി ഭേദമന്യേ എം.പിമാരും സന്നദ്ധ സംഘടനകളും ഉന്നയിച്ച ആവശ്യം പരിഗണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസ്ഥ ഇളവ് ചെയ്യുന്നതിന് നപടിയെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതിന്‍െറ ആദ്യപടിയായാണ് സമയപരിധി നീട്ടി നിയമം ഭേദഗതി ചെയ്തത്. പുതിയ സമയപരിധി കേന്ദ്ര സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിക്കും.
സെക്ഷന്‍ 44 ഇളവ് ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് തുറന്ന മനസ്സാണുള്ളതെന്ന് ഭേദഗതി ബില്‍ അവതരിപ്പിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയില്‍ പറഞ്ഞു.
2013ല്‍ പാസാക്കിയ നിയമം പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശിപാര്‍ശകൂടി കണക്കിലെടുത്ത് തയാറാക്കിയതാണ്. അതില്‍ ഇളവ് നല്‍കുന്ന കാര്യം പാര്‍ലമെന്‍ററി സമിതിയുടെ പരിഗണക്ക് വിടുകയാണ്. പാര്‍ലമെന്‍റിന്‍െറ അടുത്ത സെഷന് മുമ്പ് സമിതിയുടെ റിപ്പോര്‍ട്ട് ലഭ്യമാക്കി ഉചിതമായ തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു.
2013ല്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ പാസാക്കിയ ലോക്പാല്‍, ലോകായുക്ത നിയമം അനുസരിച്ച് നിയമത്തിന്‍െറ സെക്ഷന്‍ 44 പ്രകാരം പരിധിയില്‍വരുന്ന പൊതുപ്രവര്‍ത്തകര്‍ ആസ്തി - ബാധ്യത വെളിപ്പെടുത്തണം. എന്നാല്‍, ശക്തമായ എതിര്‍പ്പ് കാരണം വ്യവസ്ഥ ഇതുവരെ നടപ്പാക്കിയില്ല.
ഒരു കോടിയിലേറെ സര്‍ക്കാര്‍ ഗ്രാന്‍റ് കൈപ്പറ്റുന്നതോ അല്ളെങ്കില്‍ 10 ലക്ഷത്തിലേറെ വിദേശസഹായം കൈപ്പറ്റുന്നതോ ആയ സന്നദ്ധസംഘടനകളുടെ ഡയറക്ടര്‍, സെക്രട്ടറി, മാനേജര്‍, ഓഫിസര്‍ എന്നീ സ്ഥാനങ്ങളിലുള്ളവരാണ് ആസ്തി ബാധ്യതകള്‍ വെളിപ്പെടുത്തേണ്ടത്.
അതേസമയം, ലോക്പാല്‍ ബില്ലില്‍ വെള്ളംചേര്‍ക്കാന്‍ സര്‍ക്കാറിന് പരിപാടിയില്ളെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആസ്തിബാധ്യത വെളിപ്പെടുത്താനുള്ള സമയപരിധി നീട്ടിയത് സഭയുടെ പൊതുവികാരം കണക്കിലെടുത്താണ്. എല്ലാ പാര്‍ട്ടികളുമായും ആലോചിച്ചാണ് ഭേദഗതി കൊണ്ടുവന്നത്. ലോക്പാലില്‍ വെള്ളം ചേര്‍ത്തിട്ടില്ല. ചേര്‍ക്കാന്‍ ഉദ്ദേശ്യവുമില്ളെന്നും മന്ത്രി തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.