ന്യൂഡൽഹി: പൊതുവിതരണ സംവിധാനത്തിന് കീഴിലുള്ള റേഷൻ വിതരണം നവീകരിക്കുന്നതിനായി രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തി ഡൽഹി സർക്കാർ. എക്കണോമിക് ടൈംസ് പുറത്തുവിട്ടു റിപ്പോർട്ട് പ്രകാരം അരവിന്ദ് കെജ്രിവാൾ സർക്കാർ ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ്, ജിയോ മാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികളോട് ഇതുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ ചർച്ചകളിലാണ്. 'മുഖ്യമന്ത്രി ഘർ ഘർ റേഷൻ യോജന' എന്ന പദ്ധതിയുടെ കീഴിലാണ് പുതിയ ഒാൺലൈൻ റേഷൻ വിതരണ സംവിധാനം ഡൽഹി സർക്കാർ പരീക്ഷിക്കുക.
പുതിയ നീക്കം മുഖ്യമന്ത്രി അംഗീകരിച്ചതായും മൂന്ന് കമ്പനികളുമായി അദ്ദേഹം ഒാൺലൈൻ മീറ്റിങ്ങിലൂടെ കാര്യങ്ങൾ സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റുചില പലചരക്ക് ഡെലിവറി സ്റ്റാർട്ടപ്പുകളെയും തങ്ങളുടെ ഒാൺലൈൻ റേഷൻ വിതരണ സംവിധാനത്തിലേക്ക് സർക്കാർ ക്ഷണിച്ചിട്ടുണ്ട്.
'പദ്ധതിയുടെ ഭാഗമാവുന്നതിനായി എന്തൊക്കെയാണ് ആവശ്യകതകൾ എന്ന് വിശദീകരിക്കാൻ വേണ്ടി മാത്രമാണ് സർക്കാർ ഞങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. എൻഡ്-ടു-എൻഡ് ലൊജിസ്റ്റിക്സ് കൈകാര്യം ചെയ്യാൻ കഴിയുന്ന കമ്പനികളെ മാത്രമാണ് സർക്കാർ പൊതുവിതരണത്തിന് വേണ്ടി ഉദ്ദേശിക്കുന്നത്. -ഒരു ഒാൺലൈൻ ഗ്രോസറി സീനിയർ എക്സിക്യൂട്ടീവ് പറഞ്ഞു. പദ്ധതി പ്രകാരം സർക്കാർ അരി, പഞ്ചസാര, ഗോതമ്പ് പൊടി തുടങ്ങിയവ പാക്ക് ചെയ്ത് സംസ്ഥാനത്തെ 17 ലക്ഷം വീടുകളിലേക്ക് എത്തിക്കും.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ നേരത്തെ തന്നെ പൊതുവിതരണ സംവിധാനം സ്വകാര്യ കമ്പനികളുമായി സഹകരിച്ച് നവീകരിച്ചിട്ടുണ്ട്. 2015ൽ കിശോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് രാജസ്ഥാൻ സർക്കാറുമായി സഹകരിച്ച് റേഷൻ വിതരണം ഏറ്റെടുത്തിരുന്നു. അതേ കമ്പനി ബംഗാളിലും റേഷൻ സംവിധാനം നവീകരിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ ഫ്യൂച്ചർ ഗ്രൂപ്പ് വിവിധ റേഷൻ ഷോപ്പുകൾ മിനി മാളുകൾ പോലെയാക്കി മാറ്റിയിട്ടുണ്ട്. ഇതിലൂടെ പൊതുവിതരണ സാധനങ്ങൾക്കൊപ്പം മറ്റു സാധനങ്ങൾ ഡിസ്കൗണ്ട് വിലയിൽ നൽകുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.