ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ മൂന്നു മാസം മുമ്പ് ഇന്ത്യൻ അതിർത്തിയിലേക്ക് ചൈന നടത്തിയ നുഴഞ്ഞുകയറ്റം സമ്മതിക്കുന്ന രേഖ പ്രതിരോധ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ നിന്ന് തിരക്കിട്ട് പിൻവലിച്ചു. ചൊവ്വാഴ്ചയാണ് ഈ വിവരണം വെബ്സൈറ്റിൽ നൽകിയതെങ്കിൽ, വ്യാഴാഴ്ച അത് അപ്രത്യക്ഷമായി.
ഇതേക്കുറിച്ച് അധികൃത കേന്ദ്രങ്ങൾക്ക് മൗനം. വെബ്സൈറ്റിൽ നൽകിയ രേഖ പറഞ്ഞത് ഇങ്ങനെ: ''യഥാർഥ നിയന്ത്രണ രേഖയിൽ ചൈനയുടെ കടന്നുകയറ്റം വർധിക്കുകയാണ്; പ്രത്യേകിച്ച് മേയ് അഞ്ചു മുതൽ ഗൽവാൻ താഴ്വരയിൽ. കുങ്ഗ്രാങ് നാലാ, ഗോഗ്ര, പങോങ് സു തടാകത്തിെൻറ വടക്കൻ തീരം എന്നിവിടങ്ങളിൽ ചൈന മേയ് 17, 18 തീയതികളിൽ അതിക്രമിച്ചു കയറി.''
സംഘർഷം ഇല്ലാതാക്കാൻ രണ്ടു രാജ്യങ്ങളുടെയും സേനകൾ തമ്മിൽ താഴെത്തട്ടിൽ കൂടിയാലോചനകൾ നടത്തിയെന്നും രേഖ വിശദീകരിച്ചു. എന്നിരുന്നാലൂം ജൂൺ 15ന് ഇരുപക്ഷത്തും ആൾനാശമുണ്ടാക്കുന്ന വിധം ഏറ്റുമുട്ടൽ നടന്നു. സംഘർഷം ലഘൂകരിക്കാൻ കോർ കമാൻഡർമാർ തമ്മിൽ ജൂൺ 22ന് ചർച്ച നടന്ന കാര്യവും രേഖയിൽ വിശദീകരിച്ചിട്ടുണ്ട്.
സൈനിക, നയതന്ത്ര തലത്തിൽ സംഭാഷണങ്ങൾ തുടരുന്നുണ്ടെങ്കിലും, ഇപ്പോഴത്തെ പ്രതിസന്ധി നീണ്ടേക്കാമെന്നും പ്രതിരോധ മന്ത്രാലയം വെബ്സൈറ്റിൽ വിശദീകരിച്ചു. ചൈനയുടെ ഇപ്പോഴത്തെ കടന്നു കയറ്റത്തെക്കുറിച്ച് ഔദ്യോഗിക രേഖയിൽ പരാമർശം ഉണ്ടാകുന്നത് ഇതാദ്യമാണ്. അതിർത്തി സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ വിളിച്ച സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിഷേധ പ്രസ്താവനയാണ് നടത്തിയത്.
ആരെങ്കിലും നമ്മുടെ മണ്ണിൽ കടക്കുകയോ കാവൽ കേന്ദ്രം കൈയേറുകയോ ചെയ്തിട്ടില്ലെന്ന് മോദി അന്ന് വിശദീകരിച്ചു.ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷം വിമർശനം ഉയർത്തി. അത് ശരിവെക്കുന്നതാണ് 'കാണാതായ' പ്രതിരോധ മന്ത്രാലയ രേഖ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.