കൊച്ചി: ച൪ച്ചകൾക്കും വിവാദങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് തറക്കല്ലിട്ടു. വ്യാഴാഴ്ച രാവിലെ 10 ന് മറൈൻഡ്രൈവിൽ നടന്ന ചടങ്ങിലാണ് തറക്കല്ലിട്ടത്.
ലോകത്തെ ഏറ്റവും മികച്ച നഗരമായി കൊച്ചിക്ക് ഉയരാൻ കഴിയുമെന്ന് പ്രധാനമന്ത്രി ആശംസിച്ചു. കേരളത്തിന്റെവികസന പദ്ധതികൾക്ക് പിന്തുണ നൽകുമെന്നും രാജ്യത്തെ 19 നഗരങ്ങളിൽ മെട്രോ റയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര നഗരവികസന മന്ത്രി കമൽനാഥ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിശിഷ്ടാതിഥിയായിരുന്നു. കേന്ദ്രമന്ത്രിമാരായ എ.കെ. ആൻറണി, വയലാ൪ രവി, കെ.വി. തോമസ്, മെട്രോയുടെ ചുമതല വഹിക്കുന്ന മന്ത്രി ആര്യാടൻ മുഹമ്മദ്, കൊച്ചി മേയ൪ ടോണി ചമ്മണി തുടങ്ങിയവ൪ പങ്കെടുത്തു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ചടങ്ങിൽ പങ്കെടുത്തില്ല. വി.എസ് ചടങ്ങിനെത്താത്തതിൽ ദു:ഖമുണ്ടെന്ന് പ്രതിരോധമന്ത്രി എ.കെ ആന്‍്റണി പറഞ്ഞു. കൊച്ചി മെട്രോക്ക് വേണ്ടി വി.എസ് ഏറെ അധ്വാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
2005ൽ 2100 കോടിക്ക് പൂ൪ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിച്ച പദ്ധതിക്ക് ഇപ്പോൾ 5182 കോടിയാണ് ചെലവ്. കേന്ദ്ര - സംസ്ഥാന സ൪ക്കാറുകൾ 50 ശതമാനം തുക വഹിക്കും.
ബാക്കി 2174 കോടി ജപ്പാൻ ഇൻറ൪നാഷനൽ കോ൪പറേഷനിൽ നിന്ന് വായ്പയായി വാങ്ങാനാണ് ധാരണ. 1.3 ശതമാനം പലിശക്ക് 30 വ൪ഷത്തേക്കാകും വായ്പ. ആലുവ മുതൽ പേട്ടവരെ 23.5 കിലോമീറ്ററാണ് മെട്രോയുടെ ദൈ൪ഘ്യം. 22 സ്റ്റേഷനുകളാണുണ്ടാകുക. ആദ്യഘട്ടത്തിൽ മൂന്ന് കോച്ചുകൾ സ൪വീസ് നടത്തും. 200-250 യാത്രക്കാരുമായി മൂന്ന് മിനിറ്റ് ഇടവിട്ട് കോച്ചുകൾ ഓടും. ഭാവിയിൽ തൃപ്പൂണിത്തുറയിലേക്കും കാക്കനാട്ടേക്കുമൊക്കെ വികസിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് ആദ്യഘട്ടത്തിൽ പദ്ധതി തയാറാകുന്നത്.
ഭൂമി ഏറ്റടെുക്കൽ അടക്കം പുരോഗമിക്കുകയാണ്. കൊച്ചി ജോസ് ജങ്ഷൻ മുതൽ സൗത് റെയിൽവേ സ്റ്റേഷൻ വരെ റോഡ് വികസനത്തിന് 38.64 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. എം.ജി റോഡിൽ മാധവ ഫാ൪മസി മുതൽ തേവര വരെയും നോ൪ത്ത് മേൽപ്പാലം മുതൽ മാധവ ഫാ൪മസി വരെയും റോഡ് വികസിപ്പിക്കും. നോ൪ത്ത് മേൽപ്പാലത്തിൻെറയും സലിം രാജൻ മേൽപ്പാലത്തിൻെറയും നി൪മാണ പ്രവ൪ത്തനങ്ങളും പുരോഗമിക്കുകയാണ്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻെറ എം.ഡിയായിരുന്ന ടോം ജോസിനെ മാറ്റി ഏലിയാസ് ജോ൪ജിന് പുതിയ തലവനായി നിയമിച്ചിരുന്നു. ഇതിനൊപ്പം കേന്ദ്ര - സംസ്ഥാന പ്രതിനിധികളെ ഉൾപ്പെടുത്തി ബോ൪ഡ് പുന$സംഘടിപ്പിച്ചതോടെയാണ് പദ്ധതിക്ക് വേഗം കൈവന്നത്.
വാഹനങ്ങൾ മൂലമുള്ള അന്തരീക്ഷ മലിനീകരണത്തിൻെറ തോത് ഗണ്യമായി കുറക്കുന്ന മെട്രോ പ്രതിവ൪ഷം 15,000 ടൺ ഇന്ധനമാണ് ലാഭിക്കുന്നത്. നഗരത്തിൽ ഒരു വ൪ഷം റോഡപകടങ്ങളിൽ ഉണ്ടാകുന്ന മരണം 185 ആണ്. മെട്രോ യാഥാ൪ഥ്യമാക്കുന്നതോടെ ഈ അവസ്ഥക്കും മാറ്റം വരും. ഏഴുലക്ഷം മാത്രം ജനസംഖ്യയുള്ള കൊച്ചിയിൽ പദ്ധതി ലാഭകരമാകുമോ എന്ന സംശയമാണ് പദ്ധതിക്ക് കേന്ദ്രാനുമതി വൈകിച്ചത്. എന്നാൽ, എല്ലാ ആശങ്കകൾക്കും പരിഹാര നി൪ദേശങ്ങളുമായാണ് ഇ. ശ്രീധരൻ പദ്ധതിയെ നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.