ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമാവുന്ന ഫാഷിസ്റ്റ് അതിക്രമങ്ങളെ കടുത്ത ഭാഷയില്‍ അപലപിച്ച് ലോക പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പുരസ്കാര ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതീ റോയിയും തന്‍റെ പുരസ്കാരം മടക്കി നല്‍കുന്നു. സമീപകാലത്ത് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഭീതിദമായ കൊലകളില്‍ അഗാധമായി മനംനൊന്ത് ദേശീയ പുരസ്കാരം മടക്കുന്ന കാര്യം ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെ തന്‍റെ കോളത്തിലൂടെയാണ് അവര്‍ പ്രഖ്യാപിച്ചത്. ‘ഇന്‍ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വണ്‍സ്’ എന്ന 1989ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ തിരക്കഥക്ക് ലഭിച്ച പുരസ്കാരമാണ് അവര്‍ ഉപേക്ഷിക്കുന്നത്. രാജ്യത്തെ നിലവിലുള്ള കാലാവസ്ഥയെ വിശേഷിപ്പിക്കാന്‍ ‘അസഹിഷ്ണുത’ എന്ന വാക്ക് പോരെന്ന് പറഞ്ഞ അരുന്ധതി അങ്ങനെ പറയുന്നത് തെറ്റാണെന്നും വ്യക്തമാക്കി.
‘പുരസ്കാരം തിരിച്ചു നല്‍കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആശയപരമായ ദുഷ്ചെയ്തികള്‍ക്കും പൊതുബോധത്തിനുനേരെയുള്ള അതിക്രമത്തിനും എതിരെ പുരസ്കാരം തിരികെ നല്‍കി എഴുത്തുകാരും സനിമാ പ്രവര്‍ത്തകരും അക്കാദമിഷ്യന്‍മാരും തുടക്കമിട്ട രാഷ്ട്രീയ മുന്നേറ്റത്തിന്‍റെ ഭാഗമാവാന്‍ എനിക്കും സാധിക്കും എന്നുള്ളതുകൊണ്ടാണത്.
എല്ലാവരാലും ആദരിക്കപ്പെടുന്ന ഒരു അക്കാദമിഷ്യന്‍ കൊല്ലപ്പെട്ടു. ബീഫ് കഴിച്ചെന്നാരോപിച്ച് രണ്ട് പേരെ വേറെയും കൊലപ്പെടുത്തി. ഇവിടെ അസഹിഷ്ണുത എന്നത് തെറ്റായ വാക്കാണ്. തല്ലിയും വെടിവെച്ചും കത്തിച്ചും ജനക്കൂട്ടം നിരപരാധികളെ കൊല്ലുന്നതിനെ അസഹിഷ്ണുത എന്നല്ല പറയേണ്ടത്. അഗാധമായ മനോവിഷമമാണ് ഈ അരും കൊലകള്‍ ഉണ്ടാക്കിയത്.
ദശലക്ഷക്കണക്കിന് ദലിതുകള്‍, ആദിവാസികള്‍, മുസ്ലിംകള്‍, കൃസ്ത്യന്‍ എല്ലാവര്‍ക്കും ജീവിതം നരകസമാനമായിരിക്കുന്നു. ഭീകരവാദികളായി മാറാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമാണിവിടെ. എവിടെനിന്ന് എപ്പോഴാണ് ആക്രമണം വരിക എന്ന് ആര്‍ക്കും ഉറപ്പില്ലാതായിരിക്കുന്നു. യഥാര്‍ത്ഥത്തിലുള്ള മനുഷ്യര്‍ കൊല്ലപ്പെടുന്നതിനെ കുറിച്ച് അവര്‍ ഒന്നും പറയുന്നില്ല. എന്നാല്‍, സങ്കല്‍പത്തില്‍ ഉള്ള പശുവിനെ ‘അനധികൃതമായി കൊല്ലുന്നവരെ’ കുറിച്ചാണ് നവലോക ക്രമത്തിന്‍റെ വക്താക്കള്‍ സംസാരിക്കുന്നത്. നമുക്ക് സ്വതന്ത്രമായി സംസാരിക്കാന്‍ ആവുന്നില്ളെങ്കില്‍ ബൗദ്ധിക പാപ്പരത്തം അനുഭവിക്കുന്ന സമൂഹത്തെ വിഡ്ഢിക്കൂട്ടങ്ങളുടെ ഒരു രാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കലാവും അതെന്നും അരുന്ധതി തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.