അരയാല്‍മുറ്റത്തെ താളവിസ്മയം

തിരുവനന്തപുരം: കലാമേളയിലെ ആദ്യ മത്സര ഇനങ്ങള്‍ കോട്ടണ്‍ഹില്ലിന്‍െറ അരയാല്‍മുറ്റത്ത് താളവിസ്മയം തീര്‍ത്തപ്പോള്‍ പഞ്ചവാദ്യത്തിന്‍െറ കൈക്കണക്കുകളും താളവുമറിയാത്തവര്‍പോലും ആസ്വദിച്ച് തലയാട്ടി. താളനിബദ്ധമായ ഈ നിമിഷത്തില്‍ കലോത്സവത്തിന് കൊടിയേറിയിരുന്നില്ളെങ്കില്‍ തൃശൂര്‍ പാവറട്ടിയിലെ ക്ഷേത്രമുറ്റത്തണിനിരന്ന പഞ്ചവാദ്യക്കാര്‍ക്കൊപ്പമുണ്ടായേനേ കടവല്ലൂര്‍ ജി.എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാര്‍ഥിയായ രാഹുല്‍.

ഉച്ചക്കുശേഷം ക്ളാസ് കട്ട് ചെയ്ത് രണ്ടോ മൂന്നോ മണിക്കൂര്‍ പഞ്ചവാദ്യക്കാര്‍ക്കൊപ്പം മദ്ദളം വായിച്ചാല്‍ വൈകുന്നേരമാകുമ്പോള്‍ 1500 രൂപയും കിട്ടിയേനെ. പക്ഷേ, ഇക്കുറി ഉത്സവ കമ്മിറ്റിക്കാരുടെ വിളി വന്നപ്പോള്‍ രാഹുല്‍ പിന്‍വാങ്ങി. സംസ്ഥാന സ്കൂള്‍  കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പഞ്ചവാദ്യത്തില്‍ കഴിഞ്ഞ തവണ പെരിങ്ങോട് എച്ച്.എസ്.എസില്‍നിന്ന് തിരികെപിടിച്ച ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ രാഹുലില്ലാതെ ടീം പോകില്ളെന്ന് അവനറിയാം. ഇക്കുറിയും ഒന്നാം സ്ഥാനവുമായി തിരികെ വരണം.

ഒമ്പതാം ക്ളാസില്‍ പഠിക്കുന്ന കാലത്തായിരുന്നു സ്കൂളിലെ മദ്ദളവുമായി രാഹുല്‍ ആദ്യമായി പുറത്തേക്ക് പോയത്. മറൈന്‍ ഡ്രൈവില്‍ നടന്ന ആ കലാസന്ധ്യ അവസാനിച്ചപ്പോള്‍ അവനും കിട്ടി 150 രൂപ. ഒമ്പതാം ക്ളാസില്‍നിന്ന് അവന്‍  പ്ളസ് വണിലത്തെിയപ്പോള്‍ 150 രൂപ 2000 ആയി. അങ്ങനെ സ്വന്തമാക്കിയ മദ്ദളവുമായാണ് കലോത്സവനഗരിയിലത്തെിയത്. ഇക്കുറിയും കുറച്ചധികം പൂരങ്ങളും ഉത്സവങ്ങളും ഏറ്റിട്ടുണ്ട്. പഞ്ചായത്ത് അനുവദിച്ച പണം ഉപയോഗിച്ച് വീടുപണി നടക്കുകയാണ്. അതൊന്ന് പൂര്‍ത്തിയാക്കണം -രാഹുല്‍ പറഞ്ഞുനിര്‍ത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.