പതിനെട്ടും പയറ്റിനേടിയ ജയം

മികച്ച ടീം വര്‍ക്ക്
മത്സരാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും അധികൃതരുമെല്ലാം ഒരു മനസ്സോടെ പ്രവര്‍ത്തിച്ചതിന്‍െറ മധുരഫലമാണ് കോഴിക്കോടിനെ കലാകിരീടത്തിലേക്ക് നയിച്ചത്. സര്‍ക്കാര്‍ സ്കൂളുകളും നഗരത്തിലെ എയ്ഡഡ് സ്കൂളുകളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. മത്സരിക്കാന്‍ സാമ്പത്തികശേഷി അനുവദിക്കാത്ത കലാപ്രതിഭകള്‍ക്ക് സാമ്പത്തിക പിന്തുണയും പ്രചോദനവുമായി നാടും വിദ്യാലയങ്ങളും ഒരുമിച്ചു. ഡി.ഡി.ഇ ഗിരീഷ് ചോലയിലിന്‍െറ നേതൃത്വത്തില്‍ ഡി.ഇ.ഒയും എ.ഇ.ഒമാരും പ്രോഗ്രാം കമ്മിറ്റി അധികൃതരും അധ്യാപകരുമെല്ലാം മത്സരാര്‍ഥികള്‍ക്ക് ഊര്‍ജം പകര്‍ന്നു.

ഗംഭീരം ജില്ല കലോത്സവം
കണ്ണൂര്‍ കലോത്സവം പോലത്തെന്നെ പ്രൗഢഗംഭീരമായ ഒരുക്കവും നടത്തിപ്പുമാണ് ജില്ല കലോത്സവത്തിലും പ്രകടമായത്. ജില്ലയിലെ സിറ്റി, ചേവായൂര്‍ ഉപജില്ലകള്‍ ഒപ്പത്തിനൊപ്പമെന്ന പോലെ വീറുറ്റ മത്സരം കാഴ്ചവെച്ചു.

അര്‍പ്പണബോധം
ഒന്നാം സ്ഥാനം മാത്രം ലക്ഷ്യം വെച്ചുള്ള തയാറെടുപ്പുകളാണ് ഓരോ സ്കൂളും നടത്തുന്നത്. കലോത്സവത്തിനു നാള്‍ കുറിക്കുമ്പോള്‍ തുടങ്ങുന്നതല്ല ഈ ഒരുക്കം. മറിച്ച് ഓരോ അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ തന്നെ സ്കൂളുകളില്‍ കലയുടെ കേളികൊട്ടുയരും. കലാമേളയുടെ കര്‍ട്ടന്‍റൈസര്‍ ഉയരുന്നതോടെ പരിശീലനത്തിന്‍െറ രാപ്പകലുകളായിരിക്കും വിദ്യാലയങ്ങളില്‍.

വിട്ടുകൊടുക്കില്ല,അപ്പീലുണ്ട്
മത്സരഫലത്തില്‍ നിരാശ തോന്നിയാല്‍ അപ്പീലും കോടതി നടപടികളുമായി ഏതറ്റം വരെ പോവാനും ജില്ലയിലെ സ്കൂളുകള്‍ രംഗത്തുവരും. ചിലപ്പോഴെങ്കിലും അപ്പീലിന്‍െറയും പണക്കൊഴുപ്പിന്‍െറയും നേട്ടമാണ് ജില്ല സ്വന്തമാക്കുന്നതെന്ന ചീത്തപ്പേരും ഇതിലൂടെ സമ്പാദിക്കാറുണ്ട്.

ഇവര്‍ മികച്ച സ്കൂളുകള്‍
നഗര കേന്ദ്രീകൃതമായ സിറ്റി ഉപജില്ലയും ചേവായൂരുമാണ് കോഴിക്കോടിനെ മികവിലേക്ക് നയിച്ചതില്‍ പ്രധാനികള്‍. ചേവായൂരിലെ സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് 80 പോയന്‍റുമായി ഹൈസ്കൂള്‍ വിഭാഗത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി. എച്ച്.എസ്.എസില്‍ 81 പോയന്‍റുമായി എട്ടാംസ്ഥാനത്താണിവര്‍. പ്രസന്‍േറഷന്‍ സ്കൂള്‍ ചേവായൂര്‍, സെന്‍റ് ജോസഫ്സ് ആംഗ്ളോ ഇന്ത്യന്‍ സ്കൂള്‍, സെന്‍റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ്, പ്രൊവിഡന്‍സ് സ്കൂള്‍, കാപ്പാട് ഇലാഹിയ എച്ച്.എസ്.എസ്, കൊയിലാണ്ടി ജി.ബി.എച്ച്.എസ്.എസ്, നടക്കാവ് ഗേള്‍സ് സ്കൂള്‍ എന്നിവയാണ് ഇതില്‍ മുന്നിട്ടുനില്‍ക്കുന്നത്.

Tags:    
News Summary - kalolsavam2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.