കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറസ്റ്റിൽ. കോഴിക്കോട് സരോവരം ഓഫിസിലെ പി.ടി. സുനിൽ കുമാറിനെയാണ് വിജിലൻസ് കോഴിക്കോട് യൂനിറ്റ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ അമൃത് പദ്ധതി നാലിന്റെ കരാറുകാരൻ വി. രാജീവിന് കോഷൻ ഡെപ്പോസിറ്റായി കെട്ടിവെച്ച പണം തിരികെ നൽകുന്നതിനാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.
പദ്ധതി നിർമാണം പൂർത്തിയാക്കി ഗാരന്റി കാലാവധി 2021 ഒക്ടോബറിൽ കഴിഞ്ഞതോടെ തിരികെ ലഭിക്കാനുണ്ടായിരുന്ന ഏഴുലക്ഷം രൂപക്കായി രാജീവ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. തുക നൽകാതെ പലതവണ നടത്തിച്ചതിനു പിന്നാലെ അസി. എൻജിനീയർ 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ രാജീവ് വിജിലൻസ് സൂപ്രണ്ട് സുനിൽകുമാറിന് പരാതി നൽകി. തുടർന്ന് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ചൊവ്വാഴ്ച വൈകീട്ടോടെ ഓഫിസിലെത്തി കൈക്കൂലി തുക കൈമാറുകയും പിന്നാലെ വിജിലൻസ് ഉദ്യോഗസ്ഥരെത്തി തുകയടക്കം പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.