പുനർജനിയുടെ ശീലുകൾ

ഓണം എനിക്ക് എപ്പോഴും ‘ഇന്നത്തെ സന്തോഷത്തിൻെറയും കഴിഞ്ഞ കാലത്തി​​​​​െൻറ വേദനയുടെയും’ കാലമാണ്. ഓരോ ഓണവും മധുരവും മനോഹരവുമാണ്. ഒപ്പം എ​​​​​െൻറ മാത്രം ഓർമകൾ വേദനയായി, ദുഃഖമായി എന്നിൽ നീറിത്തുടങ്ങുന്ന സമയം കൂടിയാണ്.
 ജീവിതത്തിലെ ആദ്യ കുറച്ചോണങ്ങൾ ‘കുവളശ്ശേരി’ എന്ന ഗ്രാമത്തിലായിരുന്നു. പൂവിളിയും ഉപ്പേരിയും ഓണത്തപ്പനും തിരുവാതിരയും കടുവാകളിയും ഓണസദ്യയും ഒക്കെയായി മനസ്സിൻെറ മുറ്റത്ത് ആദ്യം വിടർന്ന പൂക്കളങ്ങൾ...

പിന്നീട് ഞാൻ പഠിക്കുകയും വളരുകയും ചെയ്തത് തിരുവനന്തപുരം നഗരമധ്യത്തിലെ കോട്ടക്കകത്താണ്. ഇവിടത്തെ ഞങ്ങളുടെ ഓണവും കേമമാണ്. കോട്ടക്കകം നിറയെ അഗ്രഹാരങ്ങളാണ്. ചെറിയ ചെറിയ  തെരുവുകൾ... മുടുക്കുകൾ... ഒരേ മതിലിനോട് തൊട്ടുതൊട്ട് നിരന്നുനിൽക്കുന്ന വീടുകൾ. െട്രയിനിൽ ബോഗികൾപോലെ വീടുകളിൽ മുറികൾ പിറകിലോട്ടുമാത്രമായിരുന്നു. വീടിന് മുറ്റമില്ല. വീട്ടിൽനിന്നു പുറത്തേക്ക് കാലുവെച്ചാൽ അത് പൊതുവഴിയാണ്. തമിഴ് ബ്രാഹ്​മണരാണ് ഇങ്ങനെ കൂട്ടമായി ഇവിടെ താമസിക്കുന്നത്. മുറ്റമില്ലെങ്കിലും റോഡിൽ അവർ എന്നും രാവിലെ കോലം വരക്കും. ഇവർക്ക് പൂക്കളമോ ഉൗഞ്ഞാലോ ഇല്ല. അതുകൊണ്ടുതന്നെ ഓണത്തെക്കുറിച്ച് അവർക്ക് കൂടുതലൊന്നുമറിയില്ല. എന്നാൽ, ഞങ്ങളുടെ വീട്ടിൽ ധാരാളം സ്​ഥലവും പറമ്പിൽ പൂച്ചെടികളും പ്ലാവും മാവും കിണറും കുളവും ഒക്കെ ഉണ്ടായിരുന്നതുകൊണ്ട് ഗ്രാമത്തിൻെറ ഓണഭംഗി ഇവർക്കായികൂടി ഞങ്ങൾ പട്ടണത്തിൽ ഒരുക്കി. 

അമ്മക്കായിരുന്നു ഓണത്തിന് ഏറ്റവും കൂടുതൽ ഉത്സാഹം. തമിഴ് വീടുകളിലെ മാമന്മാരുടെയും മാമിമാരുടെയും കണ്ണുകൾ വെട്ടിച്ച് എല്ലാ തമിഴ്പേശും കുട്ടികളും ഓണക്കാലത്ത് എൻെറ വീട്ടുമുറ്റത്തെത്തി. അച്ഛൻ പണിക്കാരെക്കൊണ്ട് കെട്ടിച്ചുതരുന്ന വലിയ വടമിട്ട പെരുംഉൗഞ്ഞാലിൽ ഞങ്ങൾ കുട്ടികൾ ആടിത്തളർന്നു. അമ്മ ഉണ്ണിയപ്പവും ഉപ്പേരിയും ഉണ്ടാക്കിത്തളർന്നു. പുതിയ ഉടുപ്പുമിട്ട് ഞാനും ചേട്ടനും അനിയത്തിയും അമ്മയോടൊപ്പം അതിരാവിലെ പൂക്കളമിട്ടു. ഞങ്ങളുടെ തൊടിയിലെ ചെമ്പരത്തിയും പല നിറത്തിലെ നാലുമണിപ്പൂക്കളുടെ മൊട്ടും നിത്യകല്യാണിയും മഞ്ഞച്ചെമ്പകവും പൂക്കളമാക്കുന്നതിനോടൊപ്പം അമ്മ ഞങ്ങളെ അത്ഭുതപ്പെടുത്തി വാഴപ്പോളയും പലനിറത്തിലെ ഇലകളും കൂട്ടത്തിൽ നിരത്തും. 

പക്ഷേ, ആ ചെറുപ്രായത്തിൽതന്നെ ഞാൻ എന്തോ ഓർത്ത് സന്തോഷത്തിനിടയിലും ഒറ്റപ്പെട്ടിരുന്നു. കുവളശ്ശേരിയിലെ കയറ്റം കയറി  തേടിപ്പോയാൽ മാത്രം കാണാവുന്ന, എന്നെ മോഹിപ്പിക്കുന്ന പൂക്കൾക്കായി ഞാൻ ആഗ്രഹിച്ചു. കള്ളിച്ചെടികളിലെ, മുറ്റിയ, കുറുകിയ, വയലറ്റ് നിറവും വെള്ളയും ചേർന്ന ഭംഗിയില്ലാത്ത പൂവിനെയും ഞാനോർത്തിരുന്നു. കോട്ടക്കകത്തെ കടലോരമണ്ണിൽനിന്നും വ്യത്യസ്​തമായ കുവളശ്ശേരിയിലെ ചെറിയ ഉരുളൻകല്ലുകൾ നിറഞ്ഞ മണ്ണ് തേടി കണ്ണുകൾ ഉഴറിയിരുന്നു. മനസ്സിലെവിടെയോ ഒരു നനവ് പടരുന്നതെന്തിനെന്ന് പക്ഷേ അന്നു മനസ്സിലായില്ല. 

വീണ്ടും വളർന്നപ്പോൾ പൂക്കളമിടാനും മറ്റും പഴയ ഉത്സാഹമില്ലാതായി. ഓണക്കഥകളിൽ വലിയ വിശ്വാസമില്ലാതെയായി. എങ്കിലും എല്ലാ ഓണത്തിനും അമ്മ ഞങ്ങൾക്കായി മനോഹരങ്ങളായ പൂക്കളങ്ങൾ ഉണ്ടാക്കി. വേറെ എന്തൊക്കെയോ പുതുമകൾ ആഗ്രഹിച്ച പ്രായമാണത്. എന്നാലും ഓണക്കോടി കിട്ടിയപ്പോഴും, അമ്മ പായസം ഉൗട്ടിയപ്പോഴും പൂവിളികൾക്കായി മനസ്സ് തുടിച്ചിരുന്നു. ചിലപ്പോഴൊക്കെ, മനസ്സിലേക്ക് അമർന്നു പെയ്യുന്ന മഴപോലെയാണ് അന്ന് ഓണസ്​മരണകൾ എന്നെ നനയിച്ച് വിതുമ്പിച്ചത്. 

വിവാഹം കഴിഞ്ഞുള്ള ആദ്യഓണം പൂത്തിരുവോണമാണ്. ബുധനൂർ എന്ന സ്​ഥലം ഓണക്കാലത്ത് ഉത്സവപ്രതീതിയാണ് സൃഷ്​ടിക്കുന്നത്. സത്യം പറഞ്ഞാൽ ഒരു ഓണഗ്രാമം. ജീവിതത്തിൽ എനിക്ക് വർണങ്ങൾ കടുംനിറങ്ങളായി ഒഴുകി നിറഞ്ഞിരുന്ന കാലം. പൂനിലാവ് നിറയുന്ന രാത്രികളിൽ ഭാവിയെക്കുറിച്ച് ഞങ്ങൾ സ്വപ്നംകണ്ടു. സന്തോഷം നിറഞ്ഞ ആ ഓണനാളുകളിലും പക്ഷേ എപ്പോഴൊക്കെയോ അമ്മ എനിക്കായി ഒരുക്കാറുള്ള പൂക്കളം കാണാൻ മനസ്സ് കൊതിച്ചു. എത്ര വേണ്ടെന്നുവെച്ചിട്ടും ഓർമയിലെ ഓണത്തിലേക്ക് ഞാൻ അറിയാതെ വീണ്ടും വീണ്ടും വീണുകൊണ്ടേയിരുന്നു.

രണ്ടു വർഷത്തി​​​​​​െൻറ പ്രായവ്യത്യാസത്തിൽ എനിക്ക് രണ്ടു പെൺകുഞ്ഞുങ്ങൾ പിറന്നു. അമ്പലമേട് എഫ്.എ.സി.ടിയുടെ ക്വാർട്ടേഴ്സിനു മുന്നിൽ ഞാൻ അവർക്കായി പൂക്കളമൊരുക്കി, ഓണപ്പാട്ടു പാടി, ഓണക്കോടി തുന്നി. അവരെ രണ്ടുപേരെയും നെഞ്ചോട് ചേർത്താൽ ഇന്നും എനിക്ക് ഏതു കാലവും ഓണക്കാലമാണ്. അവരോടൊപ്പം കുറുമ്പും  കുസൃതിയും കാണിച്ച് ഞാൻ ഓണം ആഘോഷിച്ചു. ഉൗഞ്ഞാലാടാൻ ഞങ്ങൾ ഒരുമിച്ച് വാശിപിടിച്ചു. ഉപ്പേരി തട്ടിപ്പറിച്ചു തിന്നു. പക്ഷേ, ആ സന്തോഷത്തിലും വീട്ടാക്കടങ്ങൾപോലെ ഓർമയുണർത്തിനിന്നു പഴയ ഓണക്കാലങ്ങൾ. അമ്മയുടെ ചൂടിനായി കൊതി... വളരെ പണ്ട് നടന്നുവീണ ഗ്രാമവക്കുകൾ ഭ്രമം പടർത്തുന്നു. 

തൃപ്പൂണിത്തുറ സ്വന്തം വീടുവെച്ച് താമസമായപ്പോൾ ഓണം അവിടെയും കൃത്യമായെത്തി. ഓണക്കാലത്ത് ഞങ്ങളുടെ അമ്മമാരും എൻെറ അച്ഛനുമെത്തി. എല്ലാവരുംകൂടി ഗംഭീര ഓണം. ഞാൻ മനപ്പൂർവമാണ് അച്ഛനെക്കുറിച്ച് അധികമൊന്നും ഇതുവരെ പറയാതിരുന്നത്. അച്ഛൻ മനസ്സിൽ കയറിയാൽ ബാക്കിയൊക്കെ എനിക്ക്​ അപ്രസക്​തമാകും. ചിലപ്പോൾ ഇതൊന്നും എനിക്കെഴുതാനാവില്ല.  അച്ഛൻ എൻെറ ജീവൻെറ ജീവനായിരുന്നു. അച്ഛനോളം എന്നെ ഇഷ്​ടപ്പെട്ട, എന്നെപ്പോലെ അച്ഛനെ ഇഷ്​ടപ്പെട്ട ഒരച്ഛനും മകളും ഈ ലോകത്ത് ജീവിച്ചിരുന്നിട്ടില്ല. ഇനി ജീവിക്കില്ല എന്നാണെൻെറ വിശ്വാസം. നിങ്ങളാരും അത് സമ്മതിക്കില്ല എന്നെനിക്കറിയാം. നിങ്ങളും അച്ഛനോ മകളോ ആണല്ലോ. എന്നാലും, ആരും സമ്മതിച്ചാലും ഇല്ലെങ്കിലും ഞാനിതുതന്നെ പറയും. ഇടക്കെപ്പോഴെങ്കിലുമൊക്കെ അച്ഛൻ എന്നോടൊപ്പം ഒരാഴ്ച വന്ന് താമസിക്കാറുണ്ട്. അങ്ങനെ ഒരു ഡിസംബർ ദിനത്തിൽ അച്ഛൻ വന്നു. ജനുവരി ആദ്യ ആഴ്ച കഴിഞ്ഞപ്പോൾ അച്ഛൻ പോയി; എന്നേക്കുമായി. ഓഫിസിലായിരുന്ന എന്നെ കാണാൻ വീട്ടിൽനിന്ന്​ പുറപ്പെട്ടതാണ്. റോഡിൽ നടക്കുമ്പോൾ പെട്ടെന്നു വീണു. ഹാർട്ട് അറ്റാക്കായിരുന്നു. അടുത്ത ആശുപത്രിയിൽ എത്തിച്ചു. മരിച്ചിരുന്നു. നടക്കുമ്പോൾ മരിക്കണം എന്ന അച്ഛൻെറ ആഗ്രഹം സാധിച്ചു. അന്ന് രാവിലെ വരെയും എന്നോട് കളിയും തമാശയും മറ്റു ചിലപ്പോൾ അത്യഗാധമായ ആത്്മീയാനുഭവങ്ങളും തത്ത്വശാസ്​ത്രങ്ങളും പങ്കുവെച്ചിട്ട് ഒരു കളിയാക്കൽ ചിരി ചുണ്ടത്ത് അവശേഷിപ്പിച്ച് അച്ഛൻ ഒന്നും പറയാതെ പോയി. അച്ഛനെ തിരിച്ചറിയാൻ കഴിഞ്ഞത് ഞാൻ അച്ഛനെന്താണ് ഓഫിസിൽ എത്താത്തത് എന്ന് അന്വേഷിച്ചപ്പോഴാണ്. 
തൃപ്പൂണിത്തുറ ആശുപത്രിയിൽ ഞങ്ങൾ കണ്ടത് അച്ഛൻെറ ജീവനില്ലാത്ത ദേഹം. ചേട്ടനും അനിയത്തിയും കൂടെയില്ലാത്തതുകൊണ്ട് ഞാനും ഭർത്താവും എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്നു. പോസ്​റ്റ്​മോർട്ടം കൂടാതെ അച്ഛനെ കിട്ടാൻ ഒരുപാട് പേർ എന്നെ സഹായിച്ചു. ഞാനപ്പോഴൊന്നും കരയാത്തതെന്താണെന്നെനിക്കറിയില്ല. പിന്നീട് എ​​​​​െൻറ വീടിൻെറ പൂമുഖത്ത് കിടത്തുമ്പോഴും തറവാട്ടിലെത്തി ചടങ്ങുകൾ ചെയ്യുമ്പോഴും ഞാൻ കരഞ്ഞില്ല. അവസാനമായി ഉമ്മകൊടുത്തപ്പോൾ ഞാൻ അറിയാതെ തേങ്ങി. അച്ഛനെൻെറ ബലമായിരുന്നു. അമ്മ എന്നെ സ്​നേഹിച്ചതും ലാളിച്ചതും ഒക്കെ അച്ഛൻ അമ്മയോടങ്ങനെ എന്നെ നന്നായി സ്​നേഹിച്ചോണം എന്നു പറഞ്ഞിട്ടുള്ളതുകൊണ്ടാണെന്ന് വിശ്വസിച്ചുപോയിരുന്നു ഞാൻ.  അച്ഛൻ പോയപ്പോഴാണ് ഞാൻ അമ്മയെ അറിഞ്ഞുതുടങ്ങിയത്. അമ്മ ഞാനറിഞ്ഞിരുന്നതിലും മറ്റെന്തെല്ലാമാണ് എന്നോർത്ത് ഞാനിന്ന് അത്ഭുതപ്പെടുന്നു. മരണത്തിൽകൂടിപോലും അച്ഛനെന്നെ വളർത്തി. ഒരിക്കലും തീരാത്ത സ്​നേഹവും വാത്സല്യവും ശക്​തിയും അച്ഛനെനിക്ക് തന്നു. ഇപ്പോഴും തന്നുകൊണ്ടിരിക്കുന്നു.

എന്തൊക്കെയായാലും...

ഓണം... എനിക്ക് വേണം. അതെൻെറ പുനർജനിയുംകൂടിയാണ്.

 

Tags:    
News Summary - onam memories- thanooja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.